കോയമ്പത്തൂരില്‍ ലീഡുറപ്പിച്ച് ഹാസനും കൊളത്തൂരില്‍ സ്റ്റാലിനും; തമിഴ്‌നാട്ടില്‍ അതിദൂരം എഐഡിഎംകെയെ പിന്നിലാക്കി ഡിഎംകെ മുന്നേറ്റം

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ, ലീഡുറപ്പിച്ച് മക്കള്‍ നീതി മയ്യം നേതാവും സിനിമാ താരവുമായ കമല്‍ ഹാസന്‍. കൊയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തിലാണ് കമല്‍ ലീഡ് ചെയ്യുന്നത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മയൂര ജയകുമാറിനെതിരെയാണ് കമല്‍ ഹാസന്റെ മുന്നേറ്റം. ജിസിടി കോളെജ് ക്യാമ്പസിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തി സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ് അദ്ദേഹം.

തമിഴ്‌നാട്ടില്‍ എഐഡിഎംകെയെ അതിദൂരം പിന്നിലാക്കി ഡിഎംകെയാണ് മുന്നേറുന്നത്. 141 സീറ്റുകളിലാണ് ഡിഎംകെ ലീഡ് ചെയ്യുന്നത്. 87 ഇടത്ത് എഐഡിഎംകെയും മുന്നേറുന്നുണ്ട്. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ കൊളത്തൂര്‍ മണ്ഡലത്തില്‍ കുതിപ്പ് തുടരുകയാണ്.

കേരളത്തിനോടൊപ്പം ഏപ്രില്‍ ആറിനായിരുന്നു തമിഴ്‌നാടും പോളിങ് ബൂത്തിലെത്തിയത്. 234 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ നേരിട്ട 3,998 സ്ഥാനാര്‍ത്ഥികളുടെ ജയപരാജയങ്ങള്‍ ഉടന്‍ അറിയാം.