അമിത്ഷായെ അറസ്റ്റ് ചെയ്ത കന്തസ്വാമിയെ വിജലന്‍സ് തലവനാക്കി സ്റ്റാലിന്‍; തമിഴ്‌നാട്ടില്‍ നിര്‍ണായക നിയമനങ്ങള്‍

ചെന്നൈ: തമിഴ്‌നാട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിജിപിയായി നിയമിതനായത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ അറസ്റ്റ് ചെയ്ത പി കന്തസ്വാമി. 2010ലാണ് സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് ഏറ്റുമുട്ടല്‍ കേസില്‍ അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായെ കന്തസ്വാമി നിര്‍ഭയം അറസ്റ്റ് ചെയ്തതത്. തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്തതിന് ശേഷം ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ നടത്തിയ നിര്‍ണായക നിയമനങ്ങളിലൊന്നാണിത്.

പ്രചരണ സമയത്ത് തന്നെ എഐഎഡിഎംകെയുടെ അഴിമതി ഭരണത്തില്‍നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കുമെന്ന് സ്റ്റാലിന്‍ ഉറപ്പുനല്‍കിയിരുന്നു. എഐഎഡിഎംകെ അധികാരത്തിലിരിക്കെ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിക്കും മറ്റ് മന്ത്രിമാര്‍ക്കുമെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഡിഎംകെ ഉന്നയിക്കുകയും ഗവര്‍ണര്‍ക്കും വിജിലന്‍സിനും പരാതി നല്‍കുകയും ചെയ്തിരുന്നു. ഇവ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാനാണ് കന്തതസ്വാമിയുടെ നിയമനമെന്നാണ് സൂചന.

തമിഴ്‌നാട് കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥനാണ് പി കന്തസ്വാമി. സിബിഐ ഐജി ആയിരിക്കവെയയായിരുന്നു അദ്ദേഹവും സഹപ്രവര്‍ത്തകനായിരുന്ന ഡിഐജി അമിതാഭ് ഠാക്കൂറും ചേര്‍ന്നായിരുന്നു അമിത് ഷായുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഷാ കുറ്റമുക്തനായെങ്കിലും അറസ്റ്റ് വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിരുന്നു.

2007ല്‍ ഗോവയില്‍ ബ്രിട്ടീഷ് വനിത ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട സംഭവവും കന്തസ്വാമിയും ഠാക്കൂറും ചേര്‍ന്നായിരുന്നു അന്വേഷിച്ചത്. പിണറായി വിജയനെതിരെയുള്ള ലാവ്‌ലിന്‍ കേസും ഇദ്ദേഹം അന്വേഷിച്ചിരുന്നു.