‘നമ്മള്‍ നാടോടികളെന്ന് വിളിച്ച് അകലം പാലിക്കുന്ന രണ്ട് വനിതകളാണ് ഓടിയെത്തിയത്’; അപകടത്തില്‍ പരുക്കേറ്റ യുവാക്കളെ ശുശ്രൂഷിച്ചത് തമിഴ്‌നാട് സ്വദേശികള്‍

മലപ്പുറം: കോട്ടക്കലില്‍ റോഡ് അപകടമുണ്ടായപ്പോള്‍ പരുക്കേറ്റ യുവാക്കളെ പരിചരിക്കാന്‍ ഓടിയെത്തിയത് തമിഴ്‌നാട് സ്വദേശികളാണെന്ന് ചൂണ്ടിക്കാട്ടിയുള്ള പോസ്റ്റ് വൈറലാകുന്നു. സിറാജ് ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ അമീന്‍ കൈനിക്കരയാണ് താന്‍ നേരില്‍ കണ്ട അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കോട്ടക്കലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടാകുകയും മൂന്ന് യുവാക്കള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തപ്പോള്‍ പലരും നോക്കി നില്‍ക്കുകയായിരുന്നെന്ന് അമീന്‍ പറഞ്ഞു.

അപ്പോഴേക്കും നാടോടികളെന്നൊക്കെ പറഞ്ഞ് നമ്മള്‍ അകലം പാലിക്കുന്ന രണ്ട് വനിതകള്‍ സങ്കടത്തോടെ ഓടിയെത്തുന്നു. തങ്ങളുടെ തോര്‍ത്ത് മുണ്ട് കീറി ആ യുവാക്കളുടെ മുറിവേറ്റ ഭാഗം വെച്ച് കെട്ടുന്നു. അവര്‍ക്ക് വെള്ളം കൊടുക്കുന്നു.

അമീന്‍ കൈനിക്കര

തമിഴ്‌നാട് തൃശ്‌നാപ്പിള്ളി സ്വദേശികളായ ശാന്തി, ശെല്‍വി എന്നിവരാണ് ഓടിയെത്തി അപകടത്തില്‍ പെട്ടവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കിയത്. കാര്യം തിരക്കിയപ്പോള്‍ ‘പണി തേടിപ്പോകുകയായിരുന്നു സേട്ടാ..അപകടം കണ്ടപ്പോള്‍ ഓടി വന്നതാ..’ എന്ന് മറുപടിയാണ് അവര്‍ നല്‍കിയതെന്നും അമീന്റെ കുറിപ്പിലുണ്ട്. അപകടത്തില്‍ പെട്ട ഒരാളുടെ കൈയ്യില്‍ തമിഴ് വനിതകളിലൊരാള്‍ മഞ്ഞള്‍പൊടി പുരട്ടുന്നതിന്റെ ചിത്രവും മാധ്യമപ്രവര്‍ത്തകന്‍ പങ്കുവെച്ചു.

ശാന്തിയും ശെല്‍വിയും ചേര്‍ന്ന് പരുക്കേറ്റവരെ ശുശ്രൂഷിക്കുന്നു

അമീന്‍ പങ്കുവെച്ച കാര്യങ്ങള്‍ താനും നേരില്‍ കണ്ട് അനുഭവിച്ചെന്ന് അന്‍ഷാദ് അഹ്മദ് എന്ന ഫേസ്ബുക്ക് യൂസര്‍ പ്രതികരിച്ചു. ‘അടുത്ത ഒരു വനിതാ ഹോട്ടലില്‍ പോയി വെള്ളം വാങ്ങി കൊണ്ടു വരുന്നതൊക്കെ നേരില്‍ കണ്ടു. മുറിവില്‍ വെള്ളം ഒഴിച്ചു തുണി കൊണ്ട് കെട്ടി കൊടുത്തു. അവര് തലയില്‍ ഇട്ട തോര്‍ത്ത് മുണ്ട് ആണെന്ന് തോന്നുന്നു കീറിയത്.’

അമീന്‍ കൈനിക്കരയുടെ കുറിപ്പ്

‘കണ്ണുകളില്‍ കാണുന്നവരല്ല, ഹൃദയങ്ങള്‍ തൊടുന്നവരാണ് മനുഷ്യര്‍. ഇന്ന് രാവിലെ കോട്ടക്കല്‍ പോയി മടങ്ങുകയായിരുന്നു. ചെനക്കല്‍ ഭാഗത്ത് എത്തിയപ്പോള്‍ പിന്നില്‍നിന്നും വലിയ ശബ്ദം. ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതാണ്. മൂന്ന് യുവാക്കള്‍ക്ക് പരിക്കേറ്റു. പലരും നോക്കിനില്‍ക്കുന്നു. അപ്പോഴേക്കും നാടോടികളെന്നൊക്കെ പറഞ്ഞ് നമ്മള്‍ അകലം പാലിക്കുന്ന രണ്ട് വനിതകള്‍ സങ്കടത്തോടെ ഓടിയെത്തുന്നു. തങ്ങളുടെ തോര്‍ത്ത് മുണ്ട് കീറി ആ യുവാക്കളുടെ മുറിവേറ്റ ഭാഗം വെച്ച് കെട്ടുന്നു. അവര്‍ക്ക് വെള്ളം കൊടുക്കുന്നു. തൊട്ടടുത്ത കടയില്‍ പോയി മഞ്ഞള്‍പൊടി കൊണ്ട് വന്നു അവരുടെ മുറിവില്‍ പുരട്ടുന്നു. സാരമില്ല പെട്ടെന്ന് മാറിക്കോളും എന്നൊക്കെപ്പറഞ്ഞു സാന്ത്വനിപ്പിക്കുന്നു.

ഞാന്‍ ആദ്യം കരുതിയത് ഇവര്‍ നേരത്തെ പരിചയമുണ്ടാകും എന്നാണ്. ഒടുവില്‍ കാര്യം തിരക്കിയപ്പോഴാണ്, തൃശ്‌നാപള്ളി സ്വദേശികളായ ശാന്തിയും ശെല്‍വിയും, ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞത് ‘പണി തേടി പോകുകയായിരുന്നു സേട്ടാ. അപകടം കണ്ടപ്പോള്‍ ഓടി വന്നതാ.’