ടൗട്ടേ ചുഴലിക്കാറ്റ്; ബാര്‍ജ് ദുരന്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി, രണ്ടുപേര്‍ വയനാട് സ്വദേശികള്‍

മുംബൈ: ടൗട്ടേ ചുഴലിക്കാറ്റില്‍ മുംബൈയിലുണ്ടായ ബാര്‍ജ് അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. വയനാട് സ്വദേശി സുമേഷും മരിച്ചെന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചു. വയനാട് വടുവഞ്ചാല്‍ സ്വദേശിയാണ് മരിച്ച സുമേഷ്. ബോസ്റ്റഡ് കണ്‍ട്രോള്‍ ആന്റ് ഇലക്ട്രിക്കല്‍സിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം.

വയനാട് ഏച്ചോം സ്വദേശി ജോമിഷ് ജോസഫ്, കോട്ടയം പൊന്‍കുന്നം സ്വദേശി സസിന്‍ ഇസ്മയില്‍ എന്നിവരാണ് മരിച്ച മറ്റ് രണ്ട് മലയാളികള്‍. അപകടത്തില്‍പ്പെട്ട കണ്ണൂര്‍ ഏരുവേശ്ശി സ്വദേശി സനീഷ് ജോസഫിനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. 28 മലയാളികളായിരുന്നു ബാര്‍ജിലുണ്ടായിരുന്നത്.

ബാര്‍ജ് അപകടത്തില്‍ ഇതുവരെ 49 പേര്‍ മരിച്ചതായാണ് സ്ഥിരീകരണമുള്ളത്. 37 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കണ്ടെടുത്ത മൃതദേഹങ്ങള്‍ മുഴുവന്‍ തിരിച്ചറിഞ്ഞിട്ടില്ല.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെയും ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ ക്യാപ്റ്റന്‍ വകവെക്കാതിരുന്നതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.