തേജ് പ്രതാപ് ആര്‍ജെഡിയെ തള്ളി കോണ്‍ഗ്രസിന് വേണ്ടി പ്രചരണത്തിന് ഇറങ്ങും; ഉപതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് ലാലു വിട്ടുനില്‍ക്കും

തേജ് പ്രതാപ് ആര്‍ജെഡിയെ തള്ളി കോണ്‍ഗ്രസിന് വേണ്ടി പ്രചരണത്തിന് ഇറങ്ങും; ഉപതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് ലാലു വിട്ടുനില്‍ക്കും

പാറ്റ്‌ന: ബീഹാറില്‍ രണ്ട് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാതെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാന്‍ തീരുമാനിച്ച് ലാലു പ്രസാദിന്റെ മകന്‍ തേജ് പ്രതാപ്. കുശ്വേശര്‍ അസ്താന്‍ മണ്ഡലത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുക.

രണ്ട് മണ്ഡലങ്ങളിലേക്കാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കുശ്വേശര്‍ അസ്താന്‍, താരാപൂര്‍ എന്നിവയാണ് മണ്ഡലങ്ങള്‍. തെരഞ്ഞെടുപ്പില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും വെവ്വേറെയാണ് മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കുശ്വേശര്‍ അസ്താന്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസാണ് മത്സരിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ ഈ മണ്ഡലം നല്‍കാന്‍ ആര്‍ജെഡി തയ്യാറാവാത്തതിനെ തുടര്‍ന്നാണ് രണ്ട് മണ്ഡലങ്ങളിലും മത്സരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായത്.

ഇതില്‍ കുശ്വേശര്‍ അസ്താന്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അതിരേക് കുമാറിനെ പിന്തുണക്കാനും താരാപൂര്‍ മണ്ഡലത്തില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥി അരുണ്‍ കുമാറിനെ പിന്തുണക്കാനുമാണ് തേജ് പ്രതാപിന്റെ തീരുമാനം. തേജ് പ്രതാപിന്റെ നേതൃത്വത്തില്‍ പുതുതായി രൂപീകരിച്ച ചത്ര ജന്‍ശക്തി പരിഷത്തിന്റെ പേരിലാണ് പ്രഖ്യാപനം നടന്നത്.

ലാലുവിന്റെ ഇളയമകനായ തേജ് പ്രതാപ് നിലവില്‍ പാര്‍ട്ടി എം.എല്‍.എയാണ്. ഉപതെരഞ്ഞെടുപ്പുകളിലെ താരപ്രചാരകരെ ആര്‍ജെഡി പ്രഖ്യാപിച്ചപ്പോള്‍ തേജ് പ്രതാപിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിനെ പിന്തുണക്കാനുള്ള തേജ് പ്രതാപിന്റെ തീരുമാനം. ഇത് ആര്‍ജെഡി നേതാവും സഹോദരനുമായ തേജസ്വി യാദവുമായുള്ള ബന്ധത്തെ ബാധിച്ചേക്കാനാണ് സാധ്യത.

കോണ്‍ഗ്രസിനെ പിന്തുണക്കാനുള്ള തേജ് പ്രതാപിന്റെ തീരുമാനം ആര്‍ജെഡിയുമായി നേരിട്ട് പോരിനിറങ്ങാനുള്ള തീരുമാനത്തിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തല്‍. തേജ് പ്രതാപിനെതിരെ ആര്‍ജെഡി അച്ചടക്ക നടപടി സ്വീകരിച്ചേക്കും.

രണ്ട് മണ്ഡലങ്ങളിലും പ്രചരണത്തിനിറങ്ങാനായിരുന്നു ലാലുവിന്റെ തീരുമാനം. തേജ് പ്രതാപിന്റെ തീരുമാനത്തെ തുടര്‍ന്ന് പ്രചരണത്തിനിറങ്ങേണ്ടെന്നാണ് ലാലുവിന്റെ തീരുമാനം. ഡല്‍ഹിയില്‍ മകളും രാജ്യസഭ എം.പിയുമായ മിസ ഭാരതിയുടെ വസതിയിലാണ് ലാലു ഇപ്പോഴുള്ളത്.