അംബേദ്കറുടെ വാക്കുകള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് നന്ദിയെന്ന് ജ്യോതിക; സ്റ്റാലിന്‍ ഇടപെട്ട വേഗം അതിശയിപ്പിച്ചെന്ന് സൂര്യ

ചെന്നൈ: ജാതി വിവേചനത്തേത്തുടര്‍ന്ന് വാര്‍ത്തകളില്‍ ഇടംപിടിച്ച ചെങ്കല്‍പേട്ട് ജില്ലയിലെ മാമല്ലപുരം പൂഞ്ചേരിയിലെത്തി അധഃസ്ഥിത വിഭാഗക്കാര്‍ക്ക് പട്ടയവും ആനുകൂല്യങ്ങളും നല്‍കിയ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ പ്രശംസിച്ച് സൂര്യയും ജ്യോതികയും. ഏറ്റവും സാധാരണക്കാരായ മനുഷ്യര്‍ക്ക് വേണ്ടി മുഖ്യമന്ത്രി ഇടപെട്ട വേഗം തന്നെ അതിശയിപ്പിച്ചെന്ന് സൂര്യ പറഞ്ഞു. ഈ ദീപാവലി ഓര്‍ത്തുവെയ്ക്കാവുന്ന ഒന്നാക്കി മാറ്റിയതിന് മുഖ്യമന്ത്രിക്ക് നന്ദി പറയുകയാണെന്നും സൂര്യ ട്വീറ്റ് ചെയ്തു.

പുതിയൊരു പ്രതീക്ഷയാണ് പാവപ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി നല്‍കിയത്. സാധാരണക്കാരുടെ ദുരിതങ്ങള്‍ക്ക് കാലക്രമേണ ശാശ്വത പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷ.

സൂര്യ

‘നീതി പ്രാവര്‍ത്തികമാക്കപ്പെടുന്ന സത്യം’ ആണെന്ന് നടി ജ്യോതിക സ്റ്റാലിന് ഇന്‍സ്റ്റഗ്രാമിലെഴുതിയ തുറന്ന കത്തില്‍ കുറിച്ചു. താങ്കള്‍ അത് തെളിയിച്ചു. ജനങ്ങളുടെ ആവശ്യങ്ങള്‍ കേട്ട് അത് നിവര്‍ത്തിക്കാന്‍ പരമാവധി ചെയ്തു. ഏറ്റവും വേഗത്തില്‍ തന്നെ ആവശ്യങ്ങള്‍ നടപ്പാക്കിയതിലൂടെ നേതൃത്വം എന്നത് ഒരു സ്ഥാനമല്ല പ്രവര്‍ത്തനമാണെന്ന് അദ്ദേഹം തെളിയിച്ചെന്നും ജ്യോതിക ചൂണ്ടിക്കാട്ടി.

ഇതിഹാസമായ ഡോ. അംബേദ്കറുടെ ‘അത്യന്തികമായി നാമെല്ലാവരും ഇന്ത്യക്കാരാണ്’ എന്ന വാക്കുകളും അദ്ദേഹത്തിന്റെ വിശ്വാസങ്ങളും യാഥാര്‍ത്ഥ്യമാക്കി മാറ്റുന്നതിന് നന്ദി.

ജ്യോതിക

വിദ്യാഭ്യാസ മേഖലയില്‍ താങ്കള്‍ കൊണ്ടുവന്ന പുരോഗമനപരമായ മാറ്റങ്ങള്‍ അസാധാരണമാണ്. ഒരു പൗരനെന്ന നിലയിലും ‘അഗരം’ (സൂര്യയും ജ്യോതികയും നേതൃത്വം കൊടുക്കുന്ന സന്നദ്ധ സംഘടന) പ്രവര്‍ത്തകയെന്ന നിലയിലും കഴിഞ്ഞ 16 വര്‍ഷത്തിനിടെ ഇങ്ങനെയൊന്ന് കണ്ടിട്ടില്ല. ഇരുള, കുറവ കുടുംബങ്ങള്‍ക്ക് പട്ടയങ്ങളും ജാതി സര്‍ട്ടിഫിക്കറ്റുകളും സര്‍ക്കാര്‍ സബ്‌സിഡികളും നല്‍കിയ പ്രവൃത്തി മനുഷ്യത്വത്തിന്റെ വിജയമാണ്. താങ്കളുടെ നടപടികള്‍ നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയില്‍ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണ്. അങ്ങ് കാഴ്ച്ച വെയ്ക്കുന്ന ഭരണത്തിനും സ്വീകരിച്ച അടിയന്തരനടപടികള്‍ക്കും പൂര്‍ണമനസോടെ നന്ദി അറിയിക്കുന്നു. ഒരു പൗരന്‍ എന്ന നിലക്ക് മാത്രമല്ല, ദിയയുടേയും ദേവിന്റേയും അമ്മ നിലയ്ക്ക് കൂടിയാണ് ഞാന്‍ സംസാരിക്കുന്നത്. വരാനിരിക്കുന്ന തലമുറകള്‍ക്ക് പ്രചോദനമാകുന്നതിന് നന്ദിയെന്നും ജ്യോതിക കത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു.

സ്റ്റാലിന്‍ അശ്വിനിയുടെ വീട് സന്ദര്‍ശിക്കുന്നു

മാമല്ലപുരത്ത് താഴ്ന്ന ജാതിക്കാരിയെന്ന പേരില്‍ ക്ഷേത്രത്തിലെ അന്നദാനത്തില്‍ നിന്ന് ഇറക്കിവിടപ്പെട്ട നരിക്കുറവര്‍ വിഭാഗക്കാരി അശ്വനിയുടെ വീട് സ്റ്റാലിന്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. നരിക്കുറവ, ഇരുള സമുദായങ്ങളില്‍ പെട്ടവര്‍ താമസിക്കുന്ന പൂഞ്ചേരിയിലെത്തിയ സ്റ്റാലിന്‍ അശ്വനിയുടെ ക്ഷണം സ്വീകരിക്കുകയായിരുന്നു. പൂഞ്ചേരിയിലെ 81 നരിക്കുറവര്‍-ഇരുളര്‍ കുടുംബങ്ങള്‍ക്ക് സ്റ്റാലിന്‍ പട്ടയം നല്‍കി. അംഗനവാടി, പഞ്ചായത്ത് യൂണിയന്‍ സ്‌കൂള്‍ എന്നിവ നിര്‍മ്മിക്കാനും 10 ലക്ഷം രൂപയുടെ വികസനക്ഷേമപ്രവര്‍ത്തനങ്ങള്‍ പ്രദേശത്ത് നടത്താനും തമിഴ്നാട് മുഖ്യമന്ത്രി ഉത്തരവിട്ടു. തങ്ങള്‍ക്ക് ഏറെ ദുഷ്‌കരമായിരുന്ന കാര്യങ്ങളാണ് മുഖ്യമന്ത്രി നൊടിയിടയില്‍ നിറവേറ്റിയതെന്ന് അശ്വനി പരിപാടിയില്‍ പറഞ്ഞു.

നരിക്കുറവര്‍, ഇരുളര്‍ ജാതികളില്‍ പെട്ട 282 പേര്‍ക്ക് വേണ്ടി 4.53 കോടിയുടെ പദ്ധതികളാണ് തമിഴ്നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പട്ടയങ്ങള്‍ക്കൊപ്പം ഭവനനിര്‍മ്മാണത്തിനുള്ള ബോണ്ടുകള്‍, ജാതി സര്‍ട്ടിഫിക്കറ്റുകള്‍, ക്ഷേമ പദ്ധതി കാര്‍ഡുകള്‍, പരിശീലന ഉത്തരവുകള്‍, വായ്പകള്‍ എന്നിവയും സ്റ്റാലിന്‍ വിതരണം ചെയ്തു. നഗരവികസനത്തിന്റെ ഭാഗമായി ചേര്‍ത്താണ് അംഗനവാടികളും ക്ലാസ് മുറികളും നിര്‍മ്മിക്കുക. 12 പേര്‍ക്ക് ഒരു ലക്ഷം രൂപയുടെ വായ്പ നല്‍കി. 33 പേര്‍ക്ക് 10,000 രൂപ വീതം ധനസഹായവും ലഭിച്ചു. റോഡുകള്‍, വൈദ്യുതി, കുടിവെള്ളം എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉടന്‍ ലഭ്യമാക്കുമെന്ന ഉറപ്പ് നല്‍കിയ ശേഷമാണ് സ്റ്റാലിന്‍ പൂഞ്ചേരി വിട്ടത്.

തമിഴ്നാട്ടില്‍ ഡിഎംകെ അധികാരത്തിലെത്തിയതിന് പിന്നാലെ പാവപ്പെട്ടവര്‍ക്ക് ക്ഷേത്രങ്ങളില്‍ സൗജന്യമായി ഭക്ഷണം നല്‍കുന്ന പദ്ധതി നടപ്പാക്കിയിരുന്നു. ദേവസ്വം വകുപ്പിന് കീഴിലായിരുന്നു ഇത്. സംസ്ഥാനത്തെ 754 ഇടങ്ങളില്‍ പദ്ധതി തുടരുന്നുണ്ട്. മാമല്ലപുരത്തെ ഒരു ക്ഷേത്രത്തിലെ അന്നദാനത്തിനെത്തിയപ്പോഴാണ് അശ്വിനിയും കുടുംബവും വിവേചനം നേരിട്ടത്. ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന് പറഞ്ഞ സവര്‍ണ ജാതിക്കാര്‍ ഭക്ഷണം അവശേഷിക്കുന്നുണ്ടെങ്കില്‍ അമ്പലത്തിന് പുറത്തുവെച്ച് നല്‍കാമെന്ന് അശ്വനിയോട് പറഞ്ഞു. വിവേചനത്തിനെതിരെ അശ്വിനി ക്ഷേത്രം അധികാരികളോട് പ്രതികരിക്കുന്നതിന്റെ വീഡിയോ വൈറലാകുകയും വാര്‍ത്തയാകുകയും ചെയ്തു. തുടര്‍ന്ന് ദേവസ്വം മന്ത്രി ശേഖര്‍ ബാബു അശ്വനിയേയും കൂട്ടി ക്ഷേത്രത്തിലെത്തി ഒരുമിച്ച് ഭക്ഷണം കഴിച്ചു. വകുപ്പ് കമ്മീഷണറുടേയും മന്ത്രിയുടേയും നടുവില്‍ കുട്ടിയെ മടിയിലിരുത്തി അശ്വിനി ആഹാരം കഴിക്കുന്നതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.

സൂര്യയും ജ്യോതികയും ചേര്‍ന്ന് നിര്‍മ്മിച്ച് ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്യുന്ന ജയ് ഭീം മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. എലിയേയും മറ്റു ജീവികളേയും വേട്ടയാടി ജീവിക്കാന്‍ വിധിക്കപ്പെട്ട ഇരുള വിഭാഗക്കാര്‍ക്കെതിരെ പൊലീസ് നടത്തുന്ന അതിക്രമങ്ങളും നീതിക്ക് വേണ്ടിയുള്ള അവരുടെ പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം. 1993ല്‍ തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലുണ്ടായ കസ്റ്റഡി മര്‍ദ്ദനത്തെ ആസ്പദമാക്കി ടി ജെ ജ്ഞാനവേലാണ് ചിത്രം ഒരുക്കിയത്. കഴിഞ്ഞ ദിവസം സൂര്യയുടേയും ജ്യോതികയുടേയും ‘അഗരം ഫൗണ്ടേഷന്‍’ ഇരുള വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി ഒരു കോടി രൂപ സംഭാവന ചെയ്തത് വാര്‍ത്തയായിരുന്നു. സൂര്യ, ജ്യോതിക, ജസ്റ്റിസ് കെ ചന്ദ്രു, പഴന്‍ഗുഡി ഇരുളര്‍ ട്രസ്റ്റ് നേതാക്കള്‍ എന്നിവര്‍ ചേര്‍ന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ചെക്ക് കൈമാറിയത്.

Also Read: ‘റേഷന്‍ കാര്‍ഡില്ലാത്ത, ബസില്‍ പോലും പ്രവേശനമില്ലാത്ത വലിയൊരു സമൂഹമുണ്ട് ഇപ്പോഴും’; ‘ജയ് ഭീം’ ഒരു ചോദ്യമാണെന്ന് സൂര്യ