‘നന്ദിയുണ്ട് ജിതിന്‍, പാര്‍ട്ടിവിട്ട് പോകുന്നതിന്’; വേറിട്ട പ്രതികരണവുമായി ചത്തിസ്ഗഢ് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജിതിന്‍ പ്രസാദ പാര്‍ട്ടി വിട്ട് ബിജെപി പാളയത്തിലെത്തിയതില്‍ വേറിട്ട പ്രതികരണവുമായി ചത്തിസ്ഗഢ് കോണ്‍ഗ്രസ്. പാര്‍ട്ടിവിട്ട് പോകുന്നതിന് നന്ദിയെന്നാണ് പാര്‍ട്ടി സംസ്ഥാന യൂണിറ്റിന്റെ പ്രതികരണം.

‘നന്ദിയുണ്ട് ജിതിന്‍ പ്രസാദ, കോണ്‍ഗ്രസ് വിട്ടുപോവുന്നതിന്’, എന്ന ഒറ്റവാക്ക് പ്രതികരണമാണ് സംസ്ഥാന യൂണിറ്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലുള്ളടത്. ഇന്നാണ് ജിതിന്‍ ബിജെപി ആസ്ഥാനത്തെത്തി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസുമായി മാസങ്ങള്‍ നീണ്ട വിയോജിപ്പുകള്‍ക്കൊടുവിലാണ് പ്രസാദ കളംമാറ്റി ചവിട്ടുന്നതെന്നാണ് റിപ്പോര്‍ട്ട്.

തന്റെ മൂന്ന് തലമുറയ്ക്ക് കോണ്‍ഗ്രസുമായി ബന്ധമുണ്ടായിരുന്നെന്നും നിരവധി ആലോചനകള്‍ക്ക് ശേഷമാണ് താന്‍ ഈ നിര്‍ണായക തീരുമാനമെടുക്കുന്നതെന്നുമായിരുന്നു ബിജെപിയില്‍ എത്തിയതിന് പിന്നാലെ ജിതിന്‍ പ്രസാദ നടത്തിയ പ്രതികരണം. രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഏക പാര്‍ട്ടി ബിജെപിയാണെന്നും മറ്റുള്ളതെല്ലാം പ്രാദേശിക പാര്‍ട്ടികളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Also Read: നിയമസഭാ തെരഞ്ഞെടുപ്പടുക്കവെ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍; പാളയം വിടുന്നത് കോണ്‍ഗ്രസിന്റെ മുന്‍ കേന്ദ്രമന്ത്രി

പാര്‍ട്ടിയില്‍ അടിമുടി അഴിച്ചുപണി ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച 23 തിരുത്തല്‍ വാദികളില്‍ ഒരാളാണ് ജിതിന്‍ പ്രസാദ്. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്തെത്തി പാര്‍ട്ടി ദേശീയാധ്യക്ഷന്‍ ജെപി നദ്ദയുടെ സാന്നിധ്യത്തിലായിരുന്നു ജിതിന്‍ ബിജെപി ഔദ്യോഗിക അംഗത്വം സ്വീകരിച്ചത്. നേരത്തെ കേന്ദ്രമന്ത്രിമാരായ അമിത് ഷായും പിയുഷ് ഗോയലുമായും ഇദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.