‘എല്ലാവരുടേയും പിന്തുണയുണ്ട്’; മത്സരിക്കുന്നത് സ്വന്തം നിലയ്‌ക്കെന്ന് ആവര്‍ത്തിച്ച് ഖാര്‍ഗെ

ന്യൂഡല്‍ഹി: ഗാന്ധി കുടുംബത്തിന്റെ പിന്തുണ വേര്‍തിരിച്ച് കാണേണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. തനിക്ക് എല്ലാവരുടേയും പിന്തുണയുണ്ട്. മത്സരിക്കുന്നത് സ്വന്തം നിലയ്ക്കാണെന്നും ഖാര്‍ഗെ വ്യക്തമാക്കി.

‘തെരഞ്ഞെടുപ്പ് പാര്‍ട്ടി ആഭ്യന്തര കാര്യം മാത്രമാണ്. ഞങ്ങള്‍ ഇരുവരും എന്തെല്ലാം പറഞ്ഞിട്ടുണ്ടോ അതെല്ലാം സൗഹൃദപരവുമാണ്. ഞങ്ങള്‍ തോളോടുതോള്‍ ചേര്‍ന്നുനിന്ന് ഈ പാര്‍ട്ടിയെ കെട്ടിപ്പെടുത്തും. തരൂര്‍ എന്നെ ഫോണില്‍ വിളിച്ച് ആശംസകള്‍ നേര്‍ന്നു. ഞാനും അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ചു’ ഖാര്‍ഗെ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. തെരെഞ്ഞെടുപ്പ് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് പ്രിയങ്കാ ഗാന്ധി തന്നെ വിളിച്ച് പറഞ്ഞെന്ന് ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. നെഹ്‌റു കുടുംബത്തിന് നിഷ്പക്ഷ നിലപാടാണ് എന്നതില്‍ തനിക്ക് യാതൊരു സംശയവുമില്ല. തന്നോടും എല്ലാവരോടും അവര്‍ അതുതന്നെയാണ് ആവര്‍ത്തിച്ചത്. അവര്‍ മാത്രമല്ല നേതൃത്വം. പല നേതാക്കളും മറ്റ് രീതികളില്‍ സംസാരിച്ചതിനെക്കുറിച്ച് തനിക്ക് അറിയാം. അതിന് തെളിവുകളുണ്ട്. എല്ലാവര്‍ക്കും അവരവരുടെ അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്നും തരൂര്‍ പറഞ്ഞു.

‘എന്റെ സ്ഥാനങ്ങള്‍ക്കുവേണ്ടിയല്ല ഞാന്‍ മത്സരിക്കുന്നത്. ഇത് പാര്‍ട്ടിക്കും രാജ്യത്തിനും വേണ്ടിയാണ്. രാജ്യത്തിന് ശക്തമായ ഒരു കോണ്‍ഗ്രസിന്റെ ആവശ്യമുണ്ട്. കോണ്‍ഗ്രസ് നന്നാവട്ടെ. അതില്‍ എനിക്ക് എന്ത് സ്ഥാനമെന്ന് ഞാന്‍ ആലോചിച്ചിട്ടില്ല’, ശശി തരൂര്‍ പറഞ്ഞു.