‘പ്രചരണത്തിന് ഇറങ്ങാനും മത്സരിക്കാനുമുള്ള സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്റിനും മാത്രമല്ല’; ധര്‍മ്മജനേയും പിഷാരടിയേയും പിന്തുണച്ച് ഷാഫി പറമ്പില്‍

ട്രോളുകള്‍ക്കിടെ ബാലുശ്ശേരി യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്‍മ്മജനേയും മുന്നണിക്ക് വേണ്ടി പ്രചരണത്തിനിറങ്ങിയ രമേഷ് പിഷാരടിയേയും പിന്തുണച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ കനത്ത പരാജയത്തിന് പിന്നാലെ ഇരുവരും എല്‍ഡിഎഫ് അനുകൂല പ്രൊഫൈലുകളില്‍ നിന്ന് രൂക്ഷ പരിഹാസങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ പ്രതികരണം. പിഷാരടി കാണിച്ച ആര്‍ജവത്തിനും പാലക്കാട്ടെ തന്റെ ജയത്തില്‍ നിര്‍ണായക സാന്നിധ്യമായി കരുത്തുപകര്‍ന്നതിനും നന്ദി പറയുകയാണെന്ന് ഷാഫി ഫേസ്ബുക്കില്‍ കുറിച്ചു.

അവരവര്‍ക്ക് ഇഷ്ടപെടുന്ന പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാനോ മത്സരിക്കാനോ ഉള്ള സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്റിനും മാത്രമല്ല സലീം കുമാറിനും പിഷാരടിക്കും ധര്‍മ്മജനും ജഗദീഷിനുമൊക്കെയുണ്ട്.

ഷാഫി പറമ്പില്‍

രമേഷ് പിഷാരടി തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയ മണ്ഡലങ്ങളിലെല്ലാം യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ തോറ്റെന്ന് കാണിക്കുന്ന ട്രോള്‍ വൈറലായിരുന്നു. ബാലുശ്ശേരിയിലെ തോല്‍വിയെ പരിഹസിച്ചുകൊണ്ട് ധര്‍മ്മജന്റെ കഥാപാത്രങ്ങളുടെ ചിത്രങ്ങളും സിനിമാ സംഭാഷണങ്ങളും ഉപയോഗിച്ചുള്ള ട്രോളുകള്‍ സമൂഹമാധ്യമങ്ങളിലെത്തിയിരുന്നു. പിഷാരടിയുടെ മക്കളുടെ ചിത്രം ട്രോളുകളില്‍ ഉപയോഗിക്കുന്നതിനെതിരെ നടന്‍ സുബീഷ് സുധി രംഗത്തെത്തുകയുണ്ടായി. പിഷാരടിയോട് രാഷ്ട്രീയപരമായി വിയോജിപ്പുകളുണ്ടെങ്കിലും വ്യക്തിപരമായി ആക്രമിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് സുബീഷ് പറഞ്ഞു.

Also Read: ‘പിഷാരടിയെ എതിര്‍ത്തോളൂ…, ജീവനുതുല്യം സ്‌നേഹിക്കുന്ന മക്കളുടെ ചിത്രം ട്രോള്‍ ചെയ്യരുത്’; സുബീഷ് സുധി

രമേഷ് പിഷാരടി കോണ്‍ഗ്രസിന് വേണ്ടി പ്രചരണത്തിന് ഇറങ്ങിയ മണ്ഡലങ്ങളിലെല്ലാം പരാജയപ്പെട്ടു എന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലും എത്തിയിരുന്നു. പിഷാരടി പ്രചരണത്തിനിറങ്ങിയ കുണ്ടറയും, കരുനാഗപ്പള്ളിയും, അങ്കമാലിയും, തൃക്കാക്കരയും, കോട്ടയവും, പാലക്കാടുമടക്കം ഒരു പാട് മണ്ഡലങ്ങള്‍ യുഡിഎഫ് ജയിച്ചു എന്നറിയാഞ്ഞിട്ടല്ല സഖാക്കള്‍ ഈ സൈബര്‍ ഗുണ്ടായിസം നടത്തുന്നതെന്നും രാഹുല്‍ പ്രതികരിച്ചു.

Also Read: ‘മാടംപള്ളിയിലെ യഥാര്‍ത്ഥ മാന്‍ഡ്രേക്ക്’ യെനക്കൊന്നുമറിയാത്ത പോലെ ചിരിക്കുകയാണ്; രമേഷ് പിഷാരടിക്കെതിരെയുള്ള വിമര്‍ശനങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍