‘ഓരോരുത്തരേയും ആലിംഗനം ചെയ്യണമെന്നുണ്ട്’; നൂകാംപില്‍ ആരാധകര്‍ നല്‍കിയ വരവേല്‍പിനേക്കുറിച്ച് അഗ്വെറോ

നൂംകാംപിലെ അരങ്ങേറ്റ നിമിഷങ്ങളില്‍ ആരാധകര്‍ നല്‍കിയ പ്രോത്സാഹനം തന്നെ അതിശയിപ്പിച്ചെന്ന് സെര്‍ജിയോ അഗ്വെറോ. വലന്‍സിയക്കെതിരായ മത്സരത്തില്‍ 88-ാം മിനുറ്റിലാണ് കുന്‍ ഇറങ്ങിയത്. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് ബാഴ്‌സലോണയിലെത്തിയ ശേഷം അഗ്വെറോ കളിച്ച ആദ്യ കോംപറ്റിറ്റീവ് ഗെയിമില്‍ കാംപ് നൂ ഊഷ്മളമായ വരവേല്‍പ് നല്‍കി.

അത്ഭുതകരമായിരുന്നു അത്. ആളുകള്‍ എന്റെ പേര് വിളിക്കുന്നു. പേര് വിളിച്ച് പാട്ടുപാടുന്നു. എനിക്ക് ആ പാട്ട് ഇഷ്ടപ്പെട്ടു. അത് കേള്‍ക്കല്‍ ഒരു ശീലമാകുന്നത് നന്നായിരിക്കും.

സെര്‍ജിയോ അഗ്വെറോ

തനിക്ക് അവരുടെ ആ സ്‌നേഹത്തിന് നന്ദി പറയണമെന്നുണ്ട്. ഓരോരുത്തരേയും ആലിംഗനം ചെയ്യാന്‍ എനിക്ക് കഴിയില്ല. പക്ഷെ, ഞാന്‍ കളിക്കുന്നത് അവര്‍ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണയ്ക്ക് നന്ദി അറിയിച്ച് അഗ്വെറോ ട്വിറ്ററിലുമെത്തി. ‘ഈ ജേഴ്‌സിയണിഞ്ഞുള്ള ആദ്യ മിനുട്ടുകളിലും ജയത്തിലും സന്തോഷം. നമ്മള്‍ കൂടുതല്‍ നേട്ടങ്ങള്‍ കരസ്ഥമാക്കും.’

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ വലെന്‍സിയയെ തോല്‍പിച്ചത്. വലന്‍സിയയുടെ ഹൊസെ ഗയ അഞ്ചാം മിനുട്ടില്‍ നൂ കാംപിനെ ഞെട്ടിച്ചെങ്കിലും അന്‍സു ഫാറ്റി 13-ാം മിനുട്ടില്‍ സമനില പിടിച്ചു. 41-ാം മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റി ഡീപേ പാഴാക്കിയില്ല. കുട്ടീഞ്ഞോയാണ് 85-ാം മിനുട്ടില്‍ മൂന്നാം ഗോള്‍ നേടിയത്. മെസ്സി അഭാവത്തിന്റെ ആഘാതത്തില്‍ നിന്ന് ബാഴ്‌സ പതുക്കെ മോചിതമാകുന്നതിന്റെ ലക്ഷണങ്ങളാണ് നൂകാംപില്‍ കണ്ടത്. പരുക്കില്‍ നിന്ന് മുക്തനായി തിരിച്ചുവന്ന ബാഴ്‌സയുടെ പുതിയ പത്താം നമ്പര്‍ അന്‍സു ഫാറ്റി ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. സെര്‍ജിന്യോ ഡെസ്റ്റിന്റേയും കുട്ടീഞ്ഞോയുടേയും പ്രകടനങ്ങളെ പ്രശംസിച്ച് പരിശീലകന്‍ റൊണാള്‍ഡ് കോമാന്‍ രംഗത്തെത്തി.