1921-ലെ മലബാര്‍ കലാപം ചരിത്രത്തിലെ ഒറ്റപ്പെട്ട ഒരു സംഘര്‍ഷമായിരുന്നില്ല. അത്, 19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യ രണ്ട് ദശകങ്ങളിലും മലബാറിലുണ്ടായ നിരവധി സാമൂഹിക സംഘര്‍ഷങ്ങളുടെ പാരമ്യമായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയില്‍, മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായ മലബാര്‍ ജില്ലയുടെ ഏറനാട്, വള്ളുവനാട് താലൂക്കുകളിലും അവയോട് ചേര്‍ന്നുള്ള ഭൂപ്രദേശങ്ങളിലും 1832-നും 1919-നുമിടയില്‍ രേഖപ്പെടുത്തപ്പെട്ട 58 കലാപങ്ങളുണ്ടായി. ഒരുഭാഗത്ത് മലബാറിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ മാപ്പിള കര്‍ഷകരും മറുഭാഗത്ത് ബ്രിട്ടീഷ് ഭരണത്തെ മനസാ സ്വീകരിച്ചിരുന്ന സവര്‍ണ ഭൂപ്രഭുക്കന്മാരും. ഈ കലാപങ്ങളില്‍ പലതിന്റെയും പൊതുസ്വഭാവം, അവ കൊളോണിയല്‍ വിരുദ്ധവും മത പ്രചോദിതവുമായിരുന്നു എന്നതാണ്. നമ്മുടെ കാലത്തിന്റെ രാഷ്ട്രീയ ചേരുവകള്‍ വെച്ച് അളന്നെടുക്കാനാവാത്തത്ര സങ്കീര്‍ണമായ സാമൂഹിക പശ്ചാത്തലത്തിലാണ് ഈ കലാപങ്ങളത്രയും അരങ്ങേറിയത്.
മലബാറിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ ദരിദ്രരായ കര്‍ഷകരും തൊഴിലാളികളുമായിരുന്നു മാപ്പിളമാര്‍. മിക്കവരും ദളിത് സമുദായങ്ങളില്‍നിന്ന് മതപരിവര്‍ത്തനം ചെയ്ത് മുസ്ലിങ്ങളായവരും അവരുടെ പിന്മുറക്കാരും. നൂറ്റാണ്ടുകളുടെ പട്ടിണിയും കൊടിയ ദാരിദ്ര്യവും ഭൂപ്രഭുത്വത്തിന്റെ നൃശംസതകളും അനുഭവിച്ച സാധുക്കള്‍. അവരുടെ നേതാക്കന്മാരാകട്ടെ, പള്ളി ദര്‍സുകളിലെ മുസ്ല്യാക്കന്മാരും ഖത്തീബുമാരും. കലാപ പരമ്പരകളുടെ രേഖകള്‍ പരിശോധിച്ച ചരിത്രകാരന്മാര് ഏകസ്വരത്തില്‍ സമ്മതിക്കുന്ന ഒരു കാര്യം ‘മാപ്പിളമാരുടെ നൂറ്റാണ്ടുകള്‍ നീണ്ടതും അവിശ്വസനീയവുമായ ദാരിദ്ര്യവും നിരക്ഷരതയുമാണ്’. മതാനുഷ്ഠാന കാര്യങ്ങളില്‍ മാത്രമല്ല, സാമൂഹിക വീക്ഷണം രൂപപ്പെടുത്തുന്നതിലും മാപ്പിളമാരുടെ മേല്‍ മേധാവിത്വപരമായ പങ്കുവഹിച്ചത് ഈ മതപുരോഹിതന്മാരാണ്. പ്രത്യേകിച്ചും ‘മമ്പുറം തങ്ങന്മാര്’ എന്ന് ആദരപൂര്‍വം വിളിക്കപ്പെടുന്ന സയ്യിദ് അലവി തങ്ങളും മകന് സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളും.
1844-ല്‍ സയ്യിദ് അലവി തങ്ങള്‍ അന്തരിച്ചതിന് ശേഷമാണ് ഫസല്‍ തങ്ങള്‍ മാപ്പിളമാരുടെ നേതൃത്വം ഏറ്റെടുത്തത്. 1852 ജനുവരി 29-ന് മദ്രാസ് ഗവണ്മെന്റ് സെക്രട്ടറിക്ക് അയച്ച കത്തില്‍ ജില്ലാ കളക്ടര്‍ എച്ച്.വി കൊണോലി പറയുന്നത് ഇങ്ങനെയാണ്: ‘(ഫസല്‍ പൂക്കോയ) തങ്ങള്‍ എല്ലാ വിധത്തിലും അപകടകാരിയാണ്. പൊലീസുകാര്‍ അദ്ദേഹത്തിനെതിരെ നിസ്സഹായരാണ്. അദ്ദേഹം സാമ്രാജ്യത്വത്തിനുള്ളിലെ സാമ്രാജ്യമാണ്’.
മേല്‍ജാതിക്കാരായ ഭൂവുടമകളുടെ എച്ചില് കഴിക്കുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ഫസല്‍ തങ്ങള്‍ അനുയായികള്‍ക്ക് നല്കിയ താക്കീതായിരുന്നു കൊണോലി കണ്ടെത്തിയ അപകടങ്ങളിലൊന്ന്. അതോടൊപ്പം നിര്‍ബന്ധപൂര്‍വ്വം കുടിയൊഴിപ്പിക്കുന്ന ഭൂവുടമയെ കൊല്ലുന്നതില്‍ തെറ്റില്ലെന്നു കൂടി തങ്ങള്‍ വിധിച്ചു. 1852 ഫെബ്രുവരി ആദ്യ ആഴ്ചയില്‍ പതിനായിരത്തിലേറെ ‘ആയുധധാരികളായ’ മാപ്പിളമാരെ മമ്പുറം പള്ളിയില്‍ തങ്ങള്‍ വിളിച്ചുചേര്‍ത്തുവെന്നും കളക്ടര്‍ റിപ്പോര്‍ട്ട് ചെയ്തു.

മമ്പറം തങ്ങളുടെ സ്വാധീന ശേഷി അറിയാവുന്ന കളക്ടര്‍ നേരിട്ട് നടപടിയെടുക്കുന്നതിന് പകരം, അദ്ദേഹത്തെ അനുനയിപ്പിച്ച് നാടുകടത്താനാണ് തീരുമാനിച്ചത്. തങ്ങള്‍ മമ്പുറത്ത് തുടരുന്നത് മാപ്പിളമാര്‍ക്ക് പൊതുവായും അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്ക് വിശേഷിച്ചും ദോഷമുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ തങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചു. അങ്ങനെ, 1852 മാര്‍ച്ച് 19-ന് തന്റെ 57 ബന്ധുക്കളോടൊപ്പം ഫസല്‍ പൂക്കോയ തങ്ങള്‍ മക്കയിലേക്ക് യാത്ര തിരിച്ചു.
യഥാര്‍ത്ഥത്തില്‍ മാപ്പിളമാരുടെ മനസിലെ ഏറ്റവും വലിയ മുറിവ് മമ്പുറം തങ്ങളുടെ ‘നാടുകടത്തല്‍’ ആയിരുന്നു. അത് ബ്രിട്ടീഷുകാരുടെ ചതിയായിരുന്നുവെന്ന് മനസിലാക്കിയ മാപ്പിളമാര്‍ നാല് വര്‍ഷത്തിനുശേഷം കളക്ടര്‍ കൊണോലി സായിപ്പിനെ കോഴിക്കോട്ടുള്ള അദ്ദേഹത്തിന്റെ വസതിയില്‍ കടന്ന് വെട്ടിക്കൊലപ്പെടുത്തി. മലബാറിലെ മാപ്പിളമാരും മലപ്പുറം കത്തിയും ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ഉള്ളില്‍ ഭീതി നിറയ്ക്കാന്‍ തുടങ്ങിയത് അന്നുമുതലാണ്. 1921-ലെ കലാപത്തെ അടിച്ചമര്‍ത്താന്‍ പട്ടാളം നടപ്പാക്കിയ നിഷ്ഠൂരതകള്‍ ആ ഭീതി വിളിച്ചോതുന്നുണ്ട്.

കലാപ പരമ്പരകളുടെ പാരമ്യമായിരുന്നെങ്കിലും, മുന്‍ കലാപങ്ങളില്‍നിന്ന് 1921-നെ സവിശേഷമാക്കുന്ന ചില രാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടിയുണ്ടായിരുന്നു. ഒന്നാം ലോക മഹായുദ്ധം ലോകത്തുണ്ടാക്കിയ രാഷ്ട്രീയ മാറ്റങ്ങളും ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ അമരത്തേക്കുള്ള മാഹാത്മാ ഗാന്ധിയുടെ വരവുമായിരുന്നു ആ അധികപശ്ചാത്തലം. യുദ്ധത്തില്‍ ഒട്ടോമന്‍ സാമ്രാജ്യത്തെ പരാജയപ്പെടുത്തിയ ബ്രിട്ടന്, തുര്‍ക്കി സുല്‍ത്താന്‍ അതുവരെയുണ്ടായിരുന്ന ‘ലോക മുസ്ലിങ്ങളുടെ ഖലീഫ’ എന്ന പദവി എടുത്തുകളഞ്ഞു. ഇതിനെതിരെ രൂപം കൊണ്ട ഇന്ത്യന്‍ മുസ്ലിങ്ങളുടെ സമര നിരയായിരുന്നു ഖിലാഫത്ത് പ്രസ്ഥാനം. യഥാര്‍ത്ഥത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യന്‍ മുസ്ലിങ്ങളെ അണിനിരത്താന്‍ ഗാന്ധി കണ്ടെത്തിയ അതിവിദഗ്ധമായ സോഷ്യല്‍ എഞ്ചിനീയറിങിന്റെ പേരാണ് ഖിലാഫത്ത് മൂവ്മെന്റ്. ഇന്ത്യയിലുടനീളം കോണ്‍ഗ്രസ് സമ്മേളനങ്ങളോടൊപ്പമോ അവയോട് ചേര്‍ന്നോ ഖിലാഫത്ത് സമ്മേളനങ്ങളും നടത്തപ്പെട്ടു. മൗലാനാ മുഹമ്മദലിയും മൗലാനാ ഷൗക്കത്തലിയും ഗാന്ധിയുടെ ഇടവും വലവുമിരുന്നു.

കേരളത്തിന് മാത്രമായി കോണ്‍ഗ്രസിന്റെ പ്രൊവിന്‍ഷ്യല്‍ കമ്മറ്റി രൂപീകരിക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ പ്രധാന നേതാക്കളെല്ലാം ഖിലാഫത്തിന്റെ കൂടി നേതാക്കളായിരുന്നു – കെ. മാധവന് നായരും കെ.പി കേശവ മേനോനും മുഹമ്മദ് അബ്ദുറഹിമാന് സാഹിബും. 1920-ല്‍ കോഴിക്കോട് കടപ്പുറത്ത് നടന്ന ഖിലാഫത്ത് സമ്മേളനത്തില്‍ ഗാന്ധിയും ഷൗക്കത്തലിയും പങ്കെടുത്തു. 1920-ല്‍ മഞ്ചേരിയിലും ’21 ആദ്യം ഒറ്റപ്പാലത്തും നടന്ന കോണ്‍ഗ്രസ് സമ്മേളനങ്ങളോടൊപ്പം ഖിലാഫത്ത് സമ്മേളനങ്ങള്‍ക്കൂടി സംഘടിപ്പിക്കപ്പെട്ടു. യഥാര്‍ത്ഥത്തില്‍ ഖിലാഫത്തും കോണ്‍ഗ്രസും തമ്മില്‍ അക്കാലത്ത് വേര്‍തിരിവുകളുണ്ടായിരുന്നില്ല. മലബാറിലെ മാപ്പിളമാരെ ആവേശം കൊള്ളിക്കുന്ന പ്രമേയങ്ങള്‍ ഈ രണ്ട് കോണ്‍ഗ്രസ് സമ്മേളനങ്ങളിലുമുണ്ടായി. മാപ്പിള കുടിയാന്മാര്ക്ക് ഭൂമിയില്‍ കൂടുതല്‍ അവകാശം നല്കുന്ന വിധത്തില്‍ ഭൂബന്ധ നിയമങ്ങള്‍ പരിഷ്കരിക്കുക, ഇന്ത്യയിലെ മുസ്ലിങ്ങള്ക്കുകൂടി ഹിതകരമാവുന്ന വിധത്തില്‍ തുര്‍ക്കി പ്രശ്നം പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഈ സമ്മേളനങ്ങള്‍ ബ്രിട്ടീഷുകാര്‍ക്ക് മുമ്പില്‍ വെച്ചു. 1921 ആകുമ്പോഴേക്കും മലബാറിലെ ഗ്രാമങ്ങളാകെ ഖിലാഫത്തിന്റെ ആവേശത്തിലായിരുന്നു.
എന്നാല്‍, കോണ്‍ഗ്രസും ഖിലാഫത്തും ആവര്‍ത്തിച്ചുകൊണ്ടിരുന്ന സഹന സമരത്തിന്റെ യുക്തിയും സാധ്യതകളും എളുപ്പം ദഹിക്കുന്നവരായിരുന്നില്ല നൂറ്റാണ്ടുകളുടെ അടിമത്തം അനുഭവിച്ച മാപ്പിളമാര്‍. അവര്‍ തങ്ങളാലാകും വിധമുള്ള പ്രാദേശിക പ്രതിരോധ സംഘങ്ങളുണ്ടാക്കി. അത്തരം സംഘങ്ങളുടെ തലവന്മാരായിരുന്നു ആലി മുസ്ല്യാരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ചെമ്പ്രശ്ശേരി തങ്ങളും.

1921 ആഗസ്റ്റ് മാസം മൂന്നാമത്തെ ആഴ്ചയിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. തിരൂരങ്ങാടിക്കടുത്തുള്ള മമ്പുറം പള്ളിയായിരുന്നു ആലി മുസ്ല്യാരുടെ കേന്ദ്രം. സയ്യിദ് അലവി തങ്ങളും ഫസല്‍ പൂക്കോയ തങ്ങളും കേന്ദ്രമാക്കിയ അതേ പള്ളി. തിരൂരങ്ങാടി കേന്ദ്രീകരിച്ച് ആലി മുസ്ല്യാര്‍ യുദ്ധസന്നാഹം ഒരുക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് ആഗസ്റ്റ് 20-ന് പട്ടാളം പള്ളി വളഞ്ഞു. പക്ഷേ, മുസ്ല്യാരെ പിടികൂടാനായില്ല. മമ്പുറം പള്ളി പട്ടാളക്കാര്‍ തകര്‍ത്തുവെന്നും പ്രത്യാക്രമണത്തില്‍ ജില്ലാ കളക്ടറും ജില്ലാ പൊലീസ് സൂപ്രണ്ടും കൊല്ലപ്പെട്ടുവെന്നും ഗ്രാമങ്ങളിലാകെ കിംവദന്തി പരന്നു. ഈ വ്യാജ വാര്‍ത്തയ്ക്ക് പിന്നാലെ ഏറനാട് താലൂക്കിന്റെ ഭാഗമായ തിരൂരങ്ങാടി, കൊണ്ടോട്ടി, മേല്‍മുറി, നിലമ്പൂര്‍ എന്നിവിടങ്ങളിലേക്കും വള്ളുവനാടിന്റെ ഭാഗമായ പെരിന്തല്‍മണ്ണ, ചെര്‍പ്പുളശ്ശേരി, പട്ടാമ്പി എന്നിവിടങ്ങളിലേക്കും കലാപം കാട്ടുതീ പോലെ പടര്‍ന്നു. ബ്രിട്ടീഷ് കോടതികളും പൊലീസ് സ്റ്റേഷനുകളും ട്രഷറികളും റെയില്‍പാളങ്ങളും തകര്‍ക്കപ്പെട്ടു. പല ദേശങ്ങളും ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് താല്കാലികമായി വിടുതല്‍ നേടി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ആദ്യമായി ബ്രിട്ടീഷ് പട്ടാളവുമായി സിവിലയന്മാര് നേരിട്ട് ഏറ്റുമുട്ടുകയും താല്‍ക്കാലിക വിജയമെങ്കിലും നേടുകയും ചെയ്തത് മലബാര്‍ കലാപ കാലത്താണ്. പൂക്കോട്ടൂരും മേല്മുറിയിലുമുണ്ടായ യുദ്ധങ്ങളാണ് ഏറ്റവും രക്തരൂക്ഷിതമായത്.
യുദ്ധത്തെ തുടര്‍ന്ന് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്ഥാപിച്ച രാജ്യത്തിന് ഇന്നത്തെ 25 പഞ്ചായത്തുകളുടെ വിസ്തൃതിയുണ്ടായിരുന്നു. ആഗസ്റ്റ് മുതല്‍ നവംബര്‍ വരെ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളു വാരിയന്‍കുന്നത്തിന്റെ രാജ്യത്തിന്. ആലി മുസ്ല്യാര്‍ ആഗസ്റ്റ് 30-ന് തന്നെ കീഴടങ്ങിയിരുന്നു. ചെമ്പ്രശ്ശേരി തങ്ങളും എളുപ്പം കീഴടക്കപ്പെട്ടു. വാരിയംകുന്നന്റെ ചെറുത്തുനില്‍പ്പ് മാത്രമാണ് നാലുമാസം നീണ്ടുനിന്നത്. കലാപത്തെക്കുറിച്ച് പില്ക്കാല ചരിത്രം ഭീതിയോടെ ഓര്‍ക്കുന്ന സംഭവ പരമ്പരകള്‍ പലതുമുണ്ടായത് ഈ കാലത്താണ്. സ്വന്തം പാളയത്തില്പ്പെട്ട ഒരാളാല്‍ ഒറ്റുകൊടുക്കപ്പെട്ട് പിടിയിലായ കുഞ്ഞഹമ്മദ് ഹാജിയെ ജനുവരി മാസത്തില്‍ പട്ടാളക്കോടതി വധശിക്ഷയ്ക്ക് വിധിക്കുകയും മലപ്പുറത്തു വെച്ച് ശിക്ഷ നടപ്പാക്കുകയും ചെയ്തു.

അതിനിഷ്ഠൂരമായ മുറകള്‍ ഉപയോഗിച്ചാണ് ബ്രിട്ടീഷ് പട്ടാളം കലാപത്തെ അടിച്ചമര്‍ത്തിയത്. ‘കാട്ടാളന്മാരെ’ നേരിടാന്‍ പരിശീലിപ്പിക്കപ്പെട്ട ഗൂര്‍ഖാ റെജിമെന്റിനെ പ്രത്യേകമായി വിളിച്ചുവരുത്തിയാണ് അടിച്ചമര്‍ത്തല്‍ നടപ്പാക്കിയത്. കലാപ കാലത്ത് കൊല്ലപ്പെട്ടവരും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരും ഉള്‍പ്പെടെ 2,300-ലധികം പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടുവെന്നാണ് ഗവണ്മെന്റ് കണക്ക്. 5,000-നും പതിനായിരത്തിനുമിടയില്‍ ആളുകള്‍ കൊല്ലപ്പെട്ടുവെന്ന് വിശ്വസിക്കുന്ന ചരിത്രകാരന്മാരുണ്ട്. 45,000-ത്തോളം യുവാക്കള്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് തദ്ദേശീയ ജയിലുകളില്‍ അടയ്ക്കപ്പെടുകയോ അന്തമാനിലേക്ക് നാടുകടത്തപ്പെടുകയോ ചെയ്തു. ഏറനാട് താലൂക്കിലെ ഏതാണ്ട് എല്ലാ മാപ്പിള കുടുംബങ്ങളില്‍നിന്നും ഒരാളെങ്കിലും ശിക്ഷിക്കപ്പെട്ടു എന്നാണ് കണക്ക്. ഈ രണ്ട് താലൂക്കുകളിലെ മാപ്പിള ഭവനങ്ങളിലെ 15നും 50നും ഇടയില്‍ പ്രായമുള്ള എല്ലാ യുവാക്കളെയും മറിച്ച് തെളിയിക്കപ്പെടുന്നില്ലെങ്കില്‍ കലാപകാരികളായി കണക്കാക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പൊലീസിന് അനുമതി നല്കി.
കലാപാനന്തരം സുദീര്‍ഘമായ ഒരു രാഷ്ട്രീയ മൗനമായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിന് ജീവന് പകര്‍ന്ന മഹാത്മാ ഗാന്ധി കലാപകാലത്തു തന്നെ അതിനെ തള്ളിപ്പറഞ്ഞു. കല്‍ക്കത്തയിലും അഹമ്മദാബാദിലും ചേര്‍ന്ന രണ്ട് കോണ്‍ഗ്രസ് നേതൃയോഗങ്ങള്‍ 1921-ല്‍ തന്നെ രക്തരൂക്ഷിതമായ സമരത്തെ കൈയൊഴിഞ്ഞു. ഏറ്റെടുക്കാനാളില്ലാത്ത ഒരു ചരിത്ര മുഹൂര്‍ത്തമായി തുടര്‍ന്നു ആ സമരം. കലാപകാലത്ത് നടന്ന കാര്യങ്ങളെപ്പറ്റി അന്വേഷിക്കാന്‍ ആറ് കമ്മറ്റികള്‍ നിയുക്തമായി. സരോജിനി നായിഡുവിന്റെ നേതൃത്വത്തില്‍ ഒന്നും ത്വയ്യിബ്ജിയുടെ നേതൃത്വത്തില്‍ മറ്റൊന്നുമായി കോണ്‍ഗ്രസ് രണ്ട് കമ്മറ്റികളെ നിയോഗിച്ചു. മുസ്ലിം ലീഗ് ഒരു അഞ്ചംഗ സമിതിയെ വെച്ചു. ഖിലാഫത്ത് കമ്മറ്റി മറ്റൊരു കമ്മീഷനെ നിയോഗിച്ചു. മദ്രാസ് ഹൈക്കോടതി ഒരു ജഡ്ജിയെയും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെയും അന്വേഷണത്തിന് ചുമലതപ്പെടുത്തി. ഈ അന്വേഷണങ്ങളിലൊന്നും തന്നെ കാര്യമായ ഫലം കണ്ടില്ല. ചിലര്‍ മലബാറിലേക്ക് വന്നതുപോലുമില്ല.

മലബാര്‍ കലാപങ്ങളിലെ രാഷ്ട്രീയ ചേരുവയെ ചൊല്ലിയാണ് ഇന്ന് നാം തര്‍ക്കിക്കുന്നത്. അവയില്‍ മതമെത്ര, വര്ഗീയതയെത്ര, കൊളോണിയല്‍ വിരുദ്ധത എത്ര, സ്വാതന്ത്ര്യ സമരം എത്ര എന്നൊക്കെയാണ് ഒരു നൂറ്റാണ്ടിന് ശേഷം സാമൂഹിക മാധ്യമങ്ങളുടെ ചര്‍ച്ചാ വേദികളില്‍ മുഖരിതമാവുന്ന ചോദ്യങ്ങള്‍. സ്വതന്ത്ര ഇന്ത്യ ജന്മം കൊള്ളുന്നതിനും ഐക്യകേരള പിറവിക്കും മുമ്പ് ചരിത്രത്തിന്റെ മറ്റൊരു ഘട്ടത്തില്‍ നടന്ന സാമൂഹിക സംഘര്‍ഷങ്ങളെ ഇന്നത്തെ അളവുകോലുകളും യുക്തികളും വെച്ച് അളക്കുന്നതില്‍ അര്‍ത്ഥമില്ല. മലബാര്‍ കലാപത്തിന്റെ ആയിരക്കണക്കായ രേഖകളിലൂടെ കടന്നു പോകുന്നവര്‍ക്ക് ഉറപ്പിച്ച് പറയാനാവുന്ന ഒരു കാര്യമിതാണ്: രാഷ്ട്രീയവും മതവും സാമ്രാജ്യത്വ വിരുദ്ധതയും സ്വാതന്ത്ര്യ ദാഹവും ദാരിദ്ര്യവും ഭൂപ്രഭുത്വവും ജാതിക്കോയ്മയും സ്വത്വരാഷ്ട്രീയവും പാന്‍ ഇസ്ലാമിസവും എല്ലാം പല അനുപാതങ്ങളില്‍ ഇഴചേര്‍ന്നതായിരുന്നു മലബാര്‍ കലാപങ്ങളില്‍ ഏതും. ലോകത്തിന്റെ പല ഭാഗങ്ങളിലായി അക്കാലത്ത് നടന്ന കര്‍ഷകരുടെ അതിജീവന സമരങ്ങളുടെ പട്ടികയിലേക്ക് ചേര്ത്തുവെക്കുന്നതാവും ഏറ്റവും ഉചിതം. കലാപാനന്തരം കോണ്‍ഗ്രസും ഖിലാഫത്തുകാരും മുസ്ലിംലീഗും കൈക്കൊണ്ട ദീര്‍ഘ മൗനത്തിനും ഹിന്ദു രാഷ്ട്രവാദികളുടെ ദ്വേഷ പ്രചാരണത്തിനുമിടയില്, ചരിത്ര പരമായ ആ ദൗത്യം നിറവേറ്റിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷ ചരിത്രകാരന്മാരുമാണ്.
മലബാറിലെ ഭൂബന്ധ നിയമങ്ങളെക്കുറിച്ച് പഠിക്കാനായി നിയോഗിക്കപ്പെട്ട കുട്ടികൃഷ്ണമേനോന് കമ്മറ്റി മുമ്പാകെ ഇ.എം.എസ് നമ്പൂരിതിപ്പാട് 1939-ല്‍ രേഖപ്പെടുത്തിയ വിയോജന കുറിപ്പോടെയാണ് കലാപത്തിന്റെ കര്‍ഷകരാഷ്ട്രീയം അനാവരണം ചെയ്യപ്പെട്ടത്. ബ്രിട്ടീഷ് ഭരണകൂടം കരുതിയതു പോലെ അടിച്ചമര്‍ത്തലിലൂടെ തകര്‍ക്കാവുന്ന വെറും വര്‍ഗ്ഗീയ കലാപമല്ല മലബാറില്‍ നടന്നതെന്നും കൃഷിഭൂമി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം കൂടാതെ വിട്ടുകൊടുക്കുക മാത്രമാണ് ഭാവിയില്‍ കലാപമില്ലാതാക്കാന് ചെയ്യേണ്ടതെന്നും ഇ.എം.എസ് വിയോജനക്കുറിപ്പില്‍ എഴുതി. 1946-ല്‍ കലാപത്തിന്റെ 25-ാം വര്‍ഷത്തില്‍, മാപ്പിള കലാപത്തിന്റെ വിപ്ലവ അന്തസത്ത മുന്നോട്ടുകൊണ്ടുപോകാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്തു. പാര്‍ട്ടി പ്രമേയം വിശദീകരിച്ച് ഇ.എം.എസ് ദേശാഭിമാനിയിലെഴുതിയ ‘ആഹ്വാനവും താക്കീതും’ എന്ന ലേഖനത്തിന്റെ പേരില്‍ പത്രം നിരോധിക്കുകയും ഇ.എം.എസിനെതിരെ കേസെടുക്കുകയും ചെയ്തു.

ഇതില്‍ പ്രതിഷേധിച്ച് പെരിന്തല്‍മണ്ണയില്‍ ചേര്‍ന്ന മഹാസമ്മേളനത്തില്‍ എ.കെ ഗോപാലന് നടത്തിയ പ്രസംഗം സര്‍ക്കാര്‍ കണ്ടുകെട്ടുകയും എ.കെ.ജിയെ ജയിലിലടയ്ക്കുകയും ചെയ്തു. കോഴിക്കോട് ആര്‍ക്കൈവ്സില്‍ ഇപ്പോഴും ലഭ്യമായ ആ പ്രസംഗമാണ് മലബാര്‍ കലാപത്തിന്റെ രാഷ്ട്രീയ പരിപ്രേക്ഷ്യം സ്ഥാപിച്ചെടുത്തത്: ’25 വര്‍ഷം മുമ്പ്, നമ്മുടെ പാവപ്പെട്ട സമൂഹത്തില്‍നിന്ന് ഒരു സാധാരണ മുസ്ലിമായ ആലി മുസ്ല്യാര്‍ ബ്രിട്ടീഷ് ഭരണത്തിനും അനീതിക്കും അടിമത്തത്തിനും എതിരെ കേരളത്തില്‍ ഒരു മഹാസമരം നടത്തി. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ബ്രിട്ടീഷ് ഗവണ്മെന്റിനെതിരെ ആര്‍ക്കെങ്കിലും ശക്തമായ സമരം നടത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍, നിശ്ചയ ദാര്‍ഢ്യവും ധൈര്യവും ആരെങ്കിലും അവകാശപ്പെടുന്നുണ്ടെങ്കില്‍ അത് ധൈര്യശാലികളും പാവപ്പെട്ടവരുമായ ഈ മുസ്ലിം കര്‍ഷകര്‍ക്കാണ്. അവര്‍ വെള്ളപ്പട്ടാളത്തിന്റെ തോക്കുകളെയും പീരങ്കികളെയും ധൈര്യപൂര്‍വ്വം എതിരിട്ടു. അതൊക്കെ അവര്‍ പുല്‍ക്കൊടിയായി കണ്ടു. നമ്മുടെ ഈ മാപ്പിള സഹോദരന്മാരെ എങ്ങനെയാണ് നിങ്ങള്‍ക്ക് മറക്കാനാവുക?’.
ചരിത്രം പക്ഷേ, ആ സമരത്തെ മറക്കുക മാത്രമല്ല, അതിനുമേല്‍ ദുരൂഹതയുടെ കരിമ്പടം മൂടുകയും ചെയ്തിരിക്കുന്നു. കഴിഞ്ഞ 25 വര്‍ഷമെങ്കിലുമായി മലബാര്‍ കലാപം ഹിന്ദു വിരുദ്ധ ലഹളയും കൂട്ടക്കൊലയും മാത്രമായിരുന്നു എന്ന പ്രചാരണം ശക്തമാണ്. കേരളത്തിന്റെ ചരിത്രപരമായ സാമൂഹിക -രാഷ്ട്രീയ പശ്ചാത്തലത്തില്‍നിന്ന് എടുത്തുമാറ്റി പുതിയ രാഷ്ട്രീയ സന്ദര്ഭത്തിലേക്ക് ചേര്‍ത്തുവെച്ച്, ആ സമരത്തെ പ്രതി സാമൂഹിക വിഭജനം നടത്താന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നു. ഹിന്ദുത്വ അജണ്ടയുടെ ഭാഗമായുള്ള ഈ നറേറ്റീവിനെ സാധൂകരിക്കാന്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ പത്തിലധികം പുസ്തകങ്ങള്‍/ പ്രബന്ധങ്ങള്‍ പുറത്തുവന്നുകഴിഞ്ഞു.
ഇതിന് സമാന്തരമായി രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളുടെ പുതിയ വ്യാഖ്യാനങ്ങളും രംഗത്തുണ്ട്. മലബാറിലെ ദരിദ്രരായ കര്‍ഷകര്‍ നടത്തിയ കലാപങ്ങളുടെ ഊര്‍ജവും മൂല്യസ്രോതസും ഇസ്ലാം മാത്രമായിരുന്നു എന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുകയാണ് അക്കൂട്ടര്‍. കലാപത്തിന്റെ വിശാലമായ രാഷ്ട്രീയ സന്ദര്‍ഭങ്ങളില്‍നിന്നും സൂക്ഷ്മമായ സാമൂഹിക കാരണങ്ങളില്‍നിന്നും മാറി, അവരവരുടെ അജണ്ടയാണ് സംഘ്പരിവാറും ജമാഅത്തെ ഇസ്ലാമിയും മുന്നോട്ടുവെക്കുന്നത്. അവ പരസ്പരം പരിപോഷിപ്പിക്കുന്ന വിഷ വൃക്ഷങ്ങളായി ചരിത്രത്തെ വികലമാക്കുകയാണ്. ഈ രണ്ട് നിലപാടുകളും മലബാറിലെ ലക്ഷോപലക്ഷം മനുഷ്യര്‍ ചുരുങ്ങിയത് ഒരു മൂന്നു നൂറ്റാണ്ടുകാലമെങ്കിലും അനുഭവിച്ച കൊടിയ വിശപ്പിനോടുള്ള അവഹേളനമായിരിക്കും.