‘എന്റെ പത്ത് വിരലുകളും തല്ലിയൊടിച്ചു’; പിണറായി എസ്എഫ്‌ഐ സഖാക്കളുടെ പ്രണയത്തിനെതിരെ സര്‍ക്കുലര്‍ ഇറക്കിയെന്ന് പാണ്ട്യാല ഷാജി

മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍കാല രാഷ്ട്രീയ ജീവിതത്തെച്ചൊല്ലിയുള്ള വിവാദങ്ങളും ചര്‍ച്ചകളും തുടരുന്നു. പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിഎംപി നേതാവായിരുന്ന പാണ്ട്യാല ഷാജി രംഗത്തെത്തി. പിണറായി വിജയന്റെ രാഷ്ട്രീയ ഗുരു എന്ന് വിശേഷിക്കപ്പെടുന്ന പാണ്ട്യാല ഗോപാലന്റെ മകനാണ് ഷാജി. പിണറായി ആസൂത്രണം ചെയ്ത അക്രമത്തിന്റെ ഇരയാണ് താനെന്ന് ഷാജി പറഞ്ഞു. പിണറായിയുടെ ശത്രുത മൂലമാണ് സിപിഐഎമ്മുകാര്‍ എന്നെ ആക്രമിച്ചത്. എന്റെ കൈയ്യും കാലും തല്ലിയൊടിച്ചു. സ്വന്തമായി ആഹാരം കഴിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴും. സിഎംപിയില്‍ പോയതിന്റെ പേരിലാണ് 26കാരനായിരുന്ന തന്നെ ക്രൂരമായി മര്‍ദ്ദിച്ചത്. ഒന്നര വര്‍ഷത്തോളം കിടപ്പിലായിരുന്നെന്നും ഷാജി പറഞ്ഞു.

എന്തിനാണ് ഒരാളെ ഇങ്ങനെ ആക്രമിക്കുന്നത്. നമുക്ക് സംസാരിക്കാന്‍ പറ്റില്ലേ? എന്റെ കൈയിലെ പത്ത് വിരലുകളും തല്ലിയൊടിച്ചു. ഭക്ഷണം കഴിക്കാന്‍ വരെ ബുദ്ധിമുട്ടാണ് ഇപ്പോഴും. ഈ അവസ്ഥയിലേക്ക് നമ്മുടെ ശരീരത്തെ മാറ്റിത്തീര്‍ക്കുകയാണ്. ചെയ്ത അപരാധമെന്താണ്? പാര്‍ട്ടിയെ വെല്ലുവിളിച്ചു എന്നാണ് ഇയാള്‍ പറഞ്ഞത്.

പാണ്ട്യാല ഷാജി

ഗാങ്സ്റ്റര്‍ നേതാവായ പിണറായി വിജയനെ കണ്ണൂരിലെ സംഘര്‍ഷങ്ങളില്‍ കാണില്ലെന്നും പക്ഷെ, ഗൂഢാലോചനകളില്‍ പിണറായി ഉണ്ടാകുമെന്നും ഷാജി മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചു. 1986ല്‍ എംവി രാഘവനൊപ്പം സിപിഐഎം വിട്ട വെണ്ടുട്ടായി ബാബുവിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ പിണറായിയാണെന്നും ഷാജി പറഞ്ഞു.

സിഎംപി വന്നപ്പോള്‍ ബാബു അതിലേക്ക് വരാന്‍ തുടങ്ങി. പിണറായിയില്‍ സിഎംപിയുടെ ഓഫീസ് തുടങ്ങി. തിരുവങ്ങാട് വെച്ച് ബാബുവിനെ കൊന്നുകളഞ്ഞു. കോടി പുതപ്പിക്കാന്‍ പോലും പൈസയില്ലായിരുന്നു. കറന്റ് വലിക്കാന്‍ നോക്കിയപ്പോള്‍ സിപിഐഎമ്മുകാര്‍ തടഞ്ഞു. പന്തം കത്തിച്ചാണ് ബാബുവിനെ കുഴിച്ചിട്ടത്.

പാണ്ട്യാല ഷാജി പറഞ്ഞത്

“പിണറായി വിജയന്‍ സിപിഐഎം ജില്ലാ സെക്രട്ടറിയായിരുന്ന കാലത്താണ് കണ്ണൂരില്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടായിട്ടുള്ളത്. 1986ല്‍ ഞാന്‍ സിഎംപി പ്രവര്‍ത്തകനായ സമയത്ത് അരഗ്ലാസ് ചായ പോലും ആരും വാങ്ങിത്തരില്ലായിരുന്നു. ആരും സംസാരിക്കില്ല. അതിന്റെ സങ്കടമൊന്ന് ആലോചിച്ച് നോക്കൂ. ആളുകളുമായുണ്ടായിരുന്ന ബന്ധം മുഴുവന്‍ അറുത്തുമുറിച്ചു. പ്രണയം മുറിച്ച് സര്‍ക്കുലര്‍ അയച്ചു. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയിലെ വനിതാ സഖാവും മറ്റൊരു സഖാവും തമ്മിലുള്ള പ്രണയം പാര്‍ട്ടിക്ക് അറിയാവുന്നതായിരുന്നു. ‘ഇയാള്‍ക്ക് മകളെ കല്യാണം കഴിച്ചുകൊടുക്കാന്‍ പാടില്ല’ എന്ന് വനിതാ സഖാവിന്റെ വീട്ടുകാര്‍ക്ക് സര്‍ക്കുലര്‍ അയച്ചു. എന്താണിത്?

സിഎംപിയില്‍ തല്ലുകൊള്ളാത്ത ആരെങ്കിലുമുണ്ടോ? ഏതെല്ലാം വിധത്തില്‍ പീഡിപ്പിക്കപ്പെട്ടു, അപമാനിക്കപ്പെട്ടു. സാമാന്യം നന്നായി പ്രസംഗിക്കുന്ന ആളായിരുന്നു ഞാന്‍. സംസാരിച്ചു തുടങ്ങിയാല്‍ കേള്‍വിക്കാരുടെ എണ്ണം കൂടുമായിരുന്നു. കാര്യങ്ങള്‍ ഷാര്‍പ്പായി അവതരിപ്പിക്കുന്നതുകൊണ്ട് കിട്ടിയതാണ് അടി. നാക്കില്‍ ഇപ്പോഴുമുള്ള പാട് സിപിഐഎം തന്ന അടിയാണ്. എന്തിനാണ് ഇതൊക്കെ ചെയ്യുന്നത്? എന്റെ നാവ് പുഴുത്തുപോയിരുന്നു. മംഗലാപുരം മെഡിക്കല്‍ കോളേജിലായിരുന്നു. എന്തിനാണ് ഒരാളെ ഇങ്ങനെ ആക്രമിക്കുന്നത്. നമുക്ക് സംസാരിക്കാന്‍ പറ്റില്ലേ? എന്റെ കൈയിലെ പത്ത് വിരലുകളും തല്ലിയൊടിച്ചു. ഭക്ഷണം കഴിക്കാന്‍ വരെ ബുദ്ധിമുട്ടാണ് ഇപ്പോഴും. ഈ അവസ്ഥയിലേക്ക് നമ്മുടെ ശരീരത്തെ മാറ്റിത്തീര്‍ക്കുകയാണ്. ചെയ്ത അപരാധമെന്താണ്? പാര്‍ട്ടിയെ വെല്ലുവിളിച്ചു എന്നാണ് ഇയാള്‍ പറഞ്ഞത്. നിങ്ങള്‍ക്ക് ഏത് പാര്‍ട്ടിയേയും വെല്ലുവിളിക്കാം. ഞങ്ങള്‍ക്ക് അതിനുള്ള അവകാശമില്ലേ? നിങ്ങള്‍ക്ക് ആരാണ് അതിന് അവകാശം വന്നത്. സിഎംപിയില്‍ പോകുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് 26 വയസാണ് എനിക്ക് പ്രായം. ഇത്രയും കെട്ടുറപ്പുള്ള വലിയ ഒരു പാര്‍ട്ടിയെ 26 വയസുള്ള ചെക്കനായ ഞാന്‍ വെല്ലുവിളിച്ചെന്ന്?

എകെജി സഹകരണ ആശുപത്രിയുടെ ആദ്യ തെരഞ്ഞെടുപ്പ് നടക്കുന്ന സമയം. 200-400 മീറ്റര്‍ മാറി തെക്കി ബസാറിലാണ് സിഎംപിയുടെ പാര്‍ട്ടി ഓഫീസ്. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് എം വി രാഘവന്‍ ഇറങ്ങി വരുമ്പോള്‍ ചീമുട്ട, തക്കാളി, ചെരുപ്പ് ഇവ മൂന്നും എംവിആറിന്റെ മേലെ നിര്‍ബാധം വീണുകൊണ്ടിരിക്കുകയാണ്. അതിനിടെ ആയിരം ആളുകളെ നയിക്കുന്ന ഭാവത്തില്‍ എംവിആര്‍ മുണ്ടിന്റെ കോന്തല പിടിച്ചുനില്‍ക്കുന്നതിന്റെ ഒരു ചിത്രമുണ്ട്.

അദ്ദേഹത്തിന് അല്‍ഷിമേഴ്‌സ് വന്ന സമയത്താണ് ഇവര്‍ പറയുന്നത് സിപിഐഎം ആണെന്ന്. എന്ത് സിപിഐഎം? ഇപ്പോള്‍ കേരളത്തിലെ മുഖ്യമന്ത്രി എംവിആറിന്റെ കാല് തൊട്ടാണ് നെറ്റിയില്‍ തൊടേണ്ടത്. ബദല്‍ രേഖയില്‍ എംവിആര്‍ ഉന്നയിച്ച വിഷയങ്ങളാണ് ഇന്ന് പ്രാവര്‍ത്തികമാക്കിയത്. ഇപ്പോള്‍ ഐഎന്‍എല്ലിനെ കൂട്ടിയാണല്ലോ ഭരിക്കുന്നത്. അഹമ്മദ് ദേവര്‍ കോവില്‍ എല്‍ഡിഎഫില്‍ മന്ത്രിയല്ലേ? കേരള കോണ്‍ഗ്രസ് എമ്മും മന്ത്രിസഭയില്‍ വന്നു. ഇത് തന്നെയല്ലേ എംവിആര്‍ പറഞ്ഞത്. എന്നിട്ട് തുടര്‍ഭരണം, ചരിത്രത്തിലാദ്യം എന്നെല്ലാം പറയുന്നു. പക്ഷെ, നയം എംവിആറിന്റേതല്ലേ? ഇതുപോലും തിരിച്ചറിയാന്‍ പറ്റാത്ത മന്ദബുദ്ധികളാണ് ആ പാര്‍ട്ടിയുടെ ബലം. ആ മന്ദബുദ്ധികളുള്ള കാലത്തോളം ഈ പാര്‍ട്ടി അത്രയേ പോകൂ.”

Also Read: ‘തലശ്ശേരി കലാപത്തില്‍ പിണറായിക്ക് പങ്കുണ്ടെന്ന് പറഞ്ഞ സിപിഐ ഇപ്പോഴും നിഷേധിച്ചിട്ടില്ല’; മുഖ്യമന്ത്രിക്കെതിരെ കെ സുധാകരനും കൊടിക്കുന്നിലും