ഇറച്ചിക്കറിയും മീനും മുട്ടയുമൊക്കെ കഴിക്കുന്ന കുറുമ്പിപ്പശു; രാജേഷ് പള്ളത്തിന്റെ വീട്ടിലെത്തിയാല്‍ കാണാം

കോട്ടയം: ഇറച്ചിക്കറിയും മീനും മുട്ടയുമൊക്കെ കഴിക്കുന്ന ഒരു പശുവുണ്ട് കോട്ടയത്ത്. കുറുമ്പിപ്പശുവെന്നാണ് പേര്. കോട്ടയം ഉരുളികുന്നം പള്ളത്ത് തകടിയില്‍ രാജേഷ് പള്ളത്തിന്റെ വീട്ടിലെ പശുവാണ് നോണ്‍വെജ് ഭക്ഷണങ്ങള്‍ കഴിക്കുന്നത്.

പാകം ചെയ്ത ഇറച്ചി മാത്രമേ കഴിക്കൂ. മീനും അങ്ങനെ തന്നെ. എന്നാല്‍ മുട്ട പച്ചയ്ക്ക് കഴിക്കാനിഷ്ടം.

എച്ച്.എഫ് ഇനത്തില്‍പെട്ട പശുവാണ് കുറുമ്പി. രാജേഷിന്റെ മക്കളായ അദ്രജയും അലോകും നല്‍കുന്ന ഇറച്ചിക്കറി ഏതിനമായാലും കുറുമ്പി കഴിക്കും. എട്ട് മാസം ഗര്‍ഭമുണ്ടിപ്പോള്‍ കുറുമ്പിക്ക്.

കിങ്ങിണി എന്നൊരു പശു കൂടിയുണ്ട് രാജേഷിന്റെ വീട്ടില്‍. കിങ്ങിണിയാവട്ടെ തനി വെജിറ്റേറിയന്‍. കുറുമ്പി ഇറച്ചിയൊക്കെ കഴിക്കുന്നത് കിങ്ങിണി കൗതുകത്തോടെ നോക്കി നില്‍ക്കും. ഒരു വര്‍ഷം മുമ്പാണ് കുറുമ്പിയെ രാജേഷ് വാങ്ങിയത്.

പശുക്കള്‍ ഇറച്ചി കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ലെന്ന് വാഴൂരിലെ സീനീയര്‍ വെറ്റിനറി സര്‍ജനായ ഡോ. ബിനു ഗോപിനാഥ് മാതൃഭൂമിയോട് പറഞ്ഞു. ഇറച്ചി കഴിച്ച് ശീലിച്ച പശുക്കളുണ്ട്. ഈ ശീലം മൂലം ആരോഗ്യപ്രശ്‌നങ്ങളൊന്നുമുണ്ടാകില്ല. കാലിത്തീറ്റയില്‍ മാംസ്യം കൂട്ടുന്നതിന് വേണ്ടി ഉപ്പില്ലാത്ത മീന്‍ പൊടിയും ഇറച്ചി അവശിഷ്ടവും സംസ്‌കരിച്ച് ചേര്‍ക്കാറുണ്ട്. അതുമൂലം അവയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.