ബ്രാഹ്മണ സിഇഒമാർ ഇന്ത്യവിടാൻ കാരണം സംവരണമെന്ന് ഇക്കണോമിസ്റ്റ് മാഗസിൻ; വാദങ്ങൾ പൊളിച്ച് മറുപടി

ബ്രാഹ്മണ വിഭാഗക്കാർ ഇന്ത്യൻ കമ്പനികളുടെ മേധാവികളാകാതെ അമേരിക്കയിലെത്തി സി.ഇ.ഓമാരാകാൻ കാരണം ഇന്ത്യയിലെ സംവരണമാണ് എന്ന് പരാമർശിക്കുന്ന ഇക്കണോമിസ്റ്റ് മാഗസിന്റെ ലേഖനം വിവാദത്തിൽ. ‘എന്തുകൊണ്ട് ബ്രാഹ്മണർ ഇന്ത്യ വിട്ട് അമേരിക്കൻ കമ്പനികളുടെ തലപ്പത്തെത്തുന്നു’ എന്ന തലക്കെട്ടിൽ ജനുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനമാണ് വിമർശനവിധേയമാകുന്നത്. സംവരണം കാരണം ബ്രാഹ്മണർക്ക് അവസരങ്ങൾ നിഷേധിക്കപ്പെടുന്നു എന്ന് വരിക പറയുന്നു. ലേഖനത്തിനു മറുപടിയുമായി ദളിത് ചിന്തകരുൾപ്പടെ നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.

ലേഖനത്തിൽ ബ്രാഹ്മണർ ഇന്ത്യൻ കമ്പനികളിൽ മേൽക്കൈ നേടാത്തതിന് കാരണങ്ങൾ പറയുന്നിടത്താണ് ഇന്ത്യയിലെ സംവരണം കാരണമായി ബ്രാഹ്മണർക്ക് അവസരങ്ങൾ നിഷേധിക്കുകയും രാജ്യം വിടാൻ നിർബന്ധിതമാകുകയും ചെയ്യുന്നു എന്ന് പറയുന്നത്.

പ്രധാനമായും മൂന്ന് വാദങ്ങളാണ് ഇക്കണോമിസ്റ്റ് മാഗസിൻ അവതരിപ്പിക്കുന്നത്. അമേരിക്കയിലെ ഏറ്റവും വലുതും, തൊട്ടു താഴെയുള്ളതുമായ കമ്പനികളുടെ തലപ്പത്ത് ഇന്ത്യക്കാരാണുള്ളത്. H-1B വിസയുടെ മൂന്നിൽ രണ്ടും ഇന്ത്യക്കാർക്കാണ് നൽകിയിരിക്കുന്നെന്നതിനാൽ ഇത് അസാധാരണമല്ല. എന്നാൽ ഈ സിഇഓമാരിൽ ഭൂരിഭാഗവും ബ്രാഹ്മണരാണ്.

ഇന്ത്യൻ കമ്പനികളിലെ മേധാവിത്തം പൊതുവെ ബനിയ വിഭാഗക്കാർക്കാണ്. ബ്രാഹ്മണർ ഇന്ത്യയിൽ വിദ്യാഭ്യാസ, ശാസ്ത്ര, നിയമ മേഖലകളിലാണ്. 2010ലെ പഠനം പ്രകാരം ഇന്ത്യൻ കമ്പനികളുടെ 93 ശതമാനം ബോർഡ് അംഗങ്ങളും മേല്ജാതിക്കാരാണ് ഇതിൽ 46 ശതമാനവും വൈശ്യ, ബനിയ വിഭാഗക്കാരുമാണ് എന്നാണ് രണ്ടാമതായി ഇക്കണോമിസ്റ്റ് പറയുന്നത്. പാരമ്പര്യമായി പഠനത്തിൽ മുൻപന്തിയിലുണ്ടായിരുന്നതിനാൽ ബ്രാഹ്മണർ ബുദ്ധിയിൽ ഉയർന്നവരാണെന്നും ലേഖനം പരാമർശിക്കുന്നു.

എക്കണോമിസ്റ്റിലെ ലേഖനം

എന്നാൽ ഈ വാദങ്ങൾക്ക് അടിസ്ഥാനമില്ല എന്നാണ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.

ജാതിവ്യവസ്ഥയിൽ അധിഷ്ഠിതമായ സാമൂഹിക ക്രമമാണ് ഇന്ത്യയിൽ രൂപപ്പെട്ടുവന്നത്. ബനിയ വിഭാഗക്കാരാണ് പരമ്പരാഗതമായി കച്ചവട മേഖലയിലുള്ളത്. കമ്പനികളുടെ ഉടമസ്ഥതാ കൈമാറ്റത്തിൽ കുടുംബവാഴ്ചയാണ് ഇന്ത്യയിൽ പൊതുവെ നിലനിൽക്കുന്നത്. അതിനാൽ ചരിത്രപരമായി കച്ചവട രംഗത്തില്ലാതിരുന്ന ബ്രാഹ്മണർ ഇപ്പോഴും ആ മേഖലിയില്ല എന്നാണ് പ്രമുഖ ദളിത് ചിന്തകൻ ദിലീപ് മണ്ഡൽ ദ പ്രിന്റിൽ എഴുതിയ ലേഖനത്തിൽ വിശദമാക്കുന്നത്.

ബനിയ ആധിപത്യം കാരണം ബാഹ്മണർ രാജ്യം വിടുന്നു എന്ന ഇക്കണോമിസ്റ്റിന്റെ വാദത്തെയും അദ്ദേഹം എതിർക്കുന്നു. ജനസംഖ്യയുടെ അഞ്ചുശതമാത്തോളം മാത്രമുള്ള ബ്രാഹ്മണ വിഭാഗക്കാരാണ് സർക്കാർ സർവീസുകളിലും, ജുഡീഷ്യറിയിലും, മാധ്യമപ്രവർത്തന രംഗത്തും സമാനമായ മറ്റു മേഖലകളിലും തീരുമാനമെടുക്കുന്ന സ്ഥാനങ്ങളിൽ ഉള്ളതെന്ന് ദിലീപ് മണ്ഡൽ പറയുന്നു.

രാജ്യത്ത് സംവരണം നടപ്പാക്കുന്നതിന് മുൻപ് തന്നെ ബ്രാഹ്മണർ ഉൾപ്പടെയുള്ളവർ പടിഞ്ഞാറൻ രാജ്യങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്. സാമൂഹിക കാരണങ്ങൾക്കുപരി സാമ്പത്തിക ലക്ഷ്യമായിരുന്നു ഈ കുടിയേറ്റങ്ങൾക്ക് പിന്നിൽ.

സാമൂഹിക മാധ്യമങ്ങളിലും നിരവധിയാളുകളാണ് ലേഖനത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യൻ ജുഡീഷ്യറിയുടെയും ബാങ്കുകളുടെയും ഭരണവർഗത്തിന്റയും തലപ്പത്ത് ബ്രാഹ്മണരാണെന്ന വസ്‌തുത ഇക്കണോമിസ്റ്റ് വിസ്മരിക്കുന്നു എന്നാണ് തമിഴ്‌നാട്ടിൽ നിന്നുള്ള പൊതുപ്രവർത്തകനായ പിയൂഷ് മനൂഷ് ലേഖനത്തോട് പ്രതികരിക്കുന്നത്.

പതിറ്റാണ്ടുകളോളം ഇന്ത്യയിലെ താഴ്‌ജാതിക്കാർക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്നവരാണ് ബ്രാഹ്മണർ എന്നും എന്നാൽ ഇപ്പോൾ അവസരങ്ങൾ അവർക്കാണ് നഷ്ടമായത് എന്ന് പറയുന്നതിൽ വാസ്തവമില്ലെന്നുമാണ് സൈമൺ കെ ഐസക്ക് എന്ന വ്യക്തി ട്വിറ്റ്ററിൽ കുറിച്ചത്.

മറുപടി ലേഖനങ്ങളും ചർച്ചകളുമായി വിഷയത്തിൽ സംവാദം ചൂടുപിടിക്കുകയാണ്.