പ്രവീണ്‍ ചക്രവര്‍ത്തിക്ക് വേണ്ടി രാഹുല്‍ ഗാന്ധി, ഗുലാം നബി ആസാദിന് വേണ്ടി ഡിഎംകെ; രാജ്യസഭ സീറ്റിന് വേണ്ടി കോണ്‍ഗ്രസില്‍ പോരാട്ടം ശക്തം

ന്യൂഡല്‍ഹി: ഏഴ് സീറ്റുകളിലേക്കുള്ള രാജ്യസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസിനുള്ളില്‍ ടിക്കറ്റുകള്‍ക്ക് വേണ്ടിയുള്ള നേതാക്കളുടെ നീക്കങ്ങള്‍ സജീവമായി. രണ്ട് സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കാനുള്ള സാധ്യത. ഒന്ന് തമിഴ്‌നാട്ടിലും മറ്റൊന്ന് മഹാരാഷ്ട്രയിലും. തമിഴ്‌നാട്ടില്‍ ഡി.എം.കെ ഒരു സീറ്റ് കോണ്‍ഗ്രസിന് വാഗ്ദാനം ചെയ്തിരുന്നതാണ്. കോണ്‍ഗ്രസ് എം.പിയായിരുന്ന രാജീവ് സത്താ അന്തരിച്ചതിനെ തുടര്‍ന്നാണ് മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ്.

രാജ്യസഭയിലെ മുന്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുകുള്‍ വാസ്‌നിക്, മിലിന്ദ് ദിയോറ, സഞ്ജയ് നിരുപം, പ്രമോദ് തിവാരി എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ ചര്‍ച്ചകളിലുള്ളത്. തമിഴ്‌നാട്ടിലുള്ള രാജ്യസഭ സീറ്റിലേക്ക് കോണ്‍ഗ്രസ് ഡാറ്റ അനലിറ്റിക്‌സ് വിഭാഗത്തിന്റെ ചെയര്‍മാന്‍ പ്രവീണ്‍ ചക്രവര്‍ത്തിയെ പരിഗണിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ താല്‍പര്യം. എന്നാല്‍ ഈ ആലോചനയെ ഡിഎംകെ എതിര്‍ക്കുന്നു.

സജീവ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താത്ത ഒരാളെ രാജ്യസഭയിലേക്ക് അയക്കുക എന്ന ആശയത്തെ ഡിഎംകെ എതിര്‍ക്കുന്നു. ഗുലാം നബി ആസാദുമായി മികച്ച ബന്ധമാണ് ഡിഎംകെ സൂക്ഷിക്കുന്നത്. പ്രമോദ് തിവാരിയുടെ പേരാണ് അപ്രതീക്ഷിതമായി മുന്നിലേക്ക് വന്നത്. പ്രിയങ്ക ഗാന്ധിയുമായുള്ള മികച്ച ബന്ധമാണ് അതിന് സഹായിച്ചതെന്നാണ് കരുതുന്നത്.

മഹാരാഷ്ട്രയില്‍ നിന്നുള്ള ഏക സീറ്റിലേക്ക് നാല് നേതാക്കളുടെ പേരാണ് ചര്‍ച്ചകളിലുള്ളത്. ദളിത് വിഭാഗത്തില്‍ നിന്നുള്ള മുകുള്‍ വാസ്‌നിക്, മിലിന്ദ് ദിയോറ, സഞ്ജയ് നിരുപം, പ്രമോദ് തിവാരി എന്നിവരാണിത്.

മിലിന്ദ് ദിയോറയെ ഡല്‍ഹിയിലെത്തിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് താല്‍പര്യപ്പെടുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സഞ്ജയ് നിരുപം കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

ആകെ സീറ്റുകളില്‍ ബിജെപിക്ക് രണ്ടെണ്ണം ലഭിക്കാനാണ് സാധ്യത. ഒരു സീറ്റ് മധ്യപ്രദേശിലും മറ്റൊന്ന് അസമിലും. അസമില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിനെ രാജ്യസഭയിലേക്ക് ബിജെപി അയക്കും. ബംഗാളില്‍ കോണ്‍ഗ്രസ് വിട്ടെത്തിയ സുഷ്മിത ദേബിന് സീറ്റ് നല്‍കാനാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആലോചന.