ആരുടെ ഭൂമി? നൂറ്റാണ്ടുകള്‍ നീണ്ട ഇസ്രായേല്‍ – പലസ്തീന്‍ പ്രശ്‌നത്തിന്റെ ചരിത്രം

മാനവരാശിയുടെ ചരിത്രത്തില്‍ ഏറ്റവും നിഷ്ഠൂരമായ രാഷ്ട്രീയ പീഡനങ്ങള്‍ക്കിടയായ ജനസമൂഹം ഏതെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളു: യഹൂദര്‍. പുരാതന റോമിലും ബൈസന്റൈന്‍, ഒട്ടോമന്‍ സാമ്രാജ്യങ്ങള്‍ക്ക് കീഴിലും മാത്രമല്ല, ആധുനിക യൂറോപ്പിലും അവര്‍ വേട്ടയാടപ്പെട്ടു. ക്രിസ്തുവിനെ കുരിശേറ്റിയവര്‍ എന്ന ചാപ്പ കുത്തി ക്രൈസ്തവ സഭകളും അധികാര കേന്ദ്രങ്ങളും അവരെ നായാടി. അഡോള്‍ഫ് ഹിറ്റ്‌ലറുടെ കാര്‍മ്മികത്വത്തില്‍ നടന്ന യഹൂദ വംശഹത്യയില്‍ യൂറോപ്പില്‍ ആകെയുണ്ടായിരുന്ന 15 ദശലക്ഷം ജൂതരില്‍ ആറു ദശലക്ഷം പേരെ കൊന്നൊടുക്കിയത് ഏതാണ്ട് മൂന്ന് തലമുറകള്‍ക്കപ്പുറം മാത്രമാണ്. എന്നാല്‍, ഇങ്ങനെ ചരിത്രത്തിലുടനീളം ക്രൂരതകള്‍ക്കിരയായ ഒരു സമൂഹത്തിന് മേല്‍ കെട്ടിപ്പൊക്കിയ പ്രത്യയ ശാസ്ത്രം തന്നെയാണ് ഈ കാലത്തെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും പലായനങ്ങള്‍ക്കും കാരണമാവുന്നത്. ഈ രാഷ്ട്രീയ ഐറണിയാണ് ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം.

സയണിസത്തിനും മുമ്പ് തന്നെ ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്ന് പലസ്തീനിലേക്കുള്ള ജൂത കുടിയേറ്റം തുടങ്ങിയിരുന്നു. 1878ലെ ഒട്ടോമന്‍ സെന്‍സസ് പ്രകാരം പലസ്തീനിലെ ജനസംഖ്യയില്‍ 85 ശതമാനം മുസ്ലിങ്ങളും 9 ശതമാനം ക്രിസ്ത്യാനികളും 3.2 ശതമാനം തദ്ദേശീയ ജൂതന്മാരുമായിരുന്നു. കുടിയേറിപ്പാര്‍ത്ത ജൂതന്മാരുടെ ജനസംഖ്യ രണ്ട് ശതമാനം.

1897ലാണ് തിയഡോര്‍ ഹെര്‍സലിന്റെ നേതൃത്വത്തില്‍ സയണിസം സംഘടനാ രൂപം പ്രാപിച്ചത്. ലോകത്താകമാനം ചിതറിക്കിടക്കുന്ന ജൂതന്മാര്‍ക്കായി ഇസ്രയേല്‍ എന്ന പേരില്‍ ഒരു ജൂതമതരാഷ്ട്രം സയണിസം സ്വപ്നം കണ്ടു. അന്നവിടെ പലസ്തീന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദ്യം ഒട്ടോമന്‍ സാമ്രാജ്യത്തിന് കീഴിലും പിന്നീട് ബ്രിട്ടീഷ് സാമ്രാജ്യത്തിന് കീഴിലുമായിരുന്ന പലസ്തീന്റെ ഭൂപടം ഇതാ ഇങ്ങനെയായിരുന്നു. 1917ല്‍ ഒന്നാം ലോക മഹായുദ്ധ കാലത്ത് പുറത്തുവന്ന ബാല്‍ഫര്‍ പ്രഖ്യാപനത്തിലൂടെ യഹൂദ ജനതയുടെ ദേശീയ ഭവനത്തിനുള്ള അവകാശത്തെ ബ്രിട്ടണ്‍ പിന്തുണച്ചു. ഇതോടെ പലസ്തീനിലേക്കുള്ള ജൂത കുടിയേറ്റം ഊര്‍ജ്ജിതമായി. 1930 കളില്‍ യൂറോപ്പിലുണ്ടായ ജൂതവിരുദ്ധ കൂട്ടക്കൊലകള്‍ പിന്നെയും കുടിയേറ്റങ്ങള്‍ വര്‍ധിപ്പിച്ചു. 1934ല്‍ വാലോസ് എന്ന് പേരുള്ള ആദ്യ കുടിയേറ്റ കപ്പല്‍ പലസ്തീന്‍ തീരത്തെത്തി.

തിയഡോര്‍ ഹെര്‍സല്‍

1939ലെ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ 6019ാം പ്രമേയത്തിലൂടെ പലസ്തീന്‍ ജനസംഖ്യയില്‍ ജൂതരുടെ എണ്ണം മൂന്നില്‍ ഒന്നില്‍ കൂടരുതെന്ന് നിശ്ചയിക്കപ്പെട്ടു. എന്നാല്‍, ഹിറ്റ്‌ലറുടെ ജൂതവേട്ടകളുടെ കാലത്ത് യൂറോപ്പിന്റെ പല ഭാഗത്തുനിന്നും കുടിയേറ്റം തുടര്‍ന്നു. 1945-46 ആകുമ്പോള്‍ 32.4 ശതമാനം ജൂതന്മാരായി. ഇത് വലിയതോതിലുള്ള സംഘര്‍ഷങ്ങള്‍ക്ക് കാരണമായി. ഈ സംഘര്‍ഷങ്ങളുടെ പാരമ്യത്തില്‍ പലസ്തീന്‍ ഭരണം ബ്രിട്ടണ്‍ കയ്യൊഴിഞ്ഞു. അങ്ങനെയാണ് 1947ല്‍ പല്‌സതീനെ ജൂതന്മാര്‍ക്കും അറബികള്‍ക്കും ഇടയില്‍ രണ്ടായി വിഭജിക്കാനും ജറുസലേമിനെ ഒരു അന്താരാഷ്ട്ര നഗരമായി നിലനിര്‍ത്താനുമുള്ള തീരുമാനമുണ്ടായത്. പലസ്തീനോട് ചേര്‍ന്നുള്ള അറബ് രാജ്യങ്ങള്‍ ഈ യുന്‍ നിര്‍ദ്ദേശത്തെ തള്ളിക്കളഞ്ഞു.

സയണിസ്റ്റ് സംഘടനയാകട്ടെ, ബ്രിട്ടീഷുകാര്‍ പലസ്തീന്‍ മാന്‍ഡേറ്റ് ഉപേക്ഷിക്കുന്നതിന്റെ തലേന്നാള്‍, അതായത്, 1948 മെയ് 14ാം തിയതി അതിരുകള്‍ നിര്‍ണയിക്കാത്ത സ്വതന്ത്ര ഇസ്രയേല്‍ രാഷ്ട്രം പ്രഖ്യാപിച്ചു. യുദ്ധത്തിന് വന്ന ട്രാന്‍സ് ജോര്‍ദാന്‍, സിറിയ, ഈജിപ്ത്, ലെബനോന്‍ എന്നീ രാജ്യങ്ങളെയും അവരെ പിന്തുണച്ച ഇറാഖിനെയും പരാജയപ്പെടുത്തി ഇസ്രയേല്‍ രാജ്യം സ്ഥാപിക്കപ്പെട്ടു. വെസ്റ്റ് ജറുസലേം ജൂത നിയന്ത്രണത്തിലായത് അന്നാണ്.

1950ല്‍ ഇസ്രയേല്‍ പാര്‍ലമെന്റ് പാസാക്കിയ ലോ ഓഫ് റിട്ടേണ്‍ ലോകത്തുള്ള മുഴുവന്‍ ജൂതന്മാരെയും ഇസ്രയേലിലേക്ക് സ്വാഗതം ചെയ്തു. നിങ്ങള്‍ക്ക് ജൂത രക്തമോ പാരമ്പര്യമോ പിന്തുടര്‍ച്ചയോ ഉണ്ടെങ്കില്‍ ഇസ്രയേലില്‍ കാലുകുത്തുന്ന നിമിഷം മുതല്‍ ആ രാജ്യത്തിന്റെ പൗരത്വം ലഭിക്കുന്ന നിയമമായിരുന്നു അത്. ഓരോ യുദ്ധങ്ങളിലും സംഘര്‍ഷങ്ങളിലും ലക്ഷക്കണക്കിന് പലസ്തീനികള്‍ അവരുടെ മണ്ണ് ഉപേക്ഷിച്ച് അറബ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്, ചിലപ്പോള്‍ യൂറോപ്പിലേക്കും അമേരിക്കയിലേക്കും, പലായനം ചെയ്തു. ഒരു ജനത തങ്ങളുടെ ചരിത്ര സങ്കല്‍പത്തിലെ വാഗ്ദത്ത ഭൂമിയിലക്ക് കുടിയേറിയപ്പോള്‍, മറ്റൊരു ജനതയുടെ പലായനം തുടങ്ങി.

1967ല്‍ ഈജിപ്തും ജോര്‍ദാനും സിറിയയും വീണ്ടും ഇസ്രയേലുമായി ഏറ്റുമുട്ടി. ആറുദിവസം നീണ്ട യുദ്ധം ഇസ്രയേല്‍ കൂടുതല്‍ പ്രദേശങ്ങള്‍ അധീനപ്പെടുത്തുന്നതിലാണ് അവസാനിച്ചത്. ജോര്‍ദാന്‍ നദിമുതല്‍ മെഡിറ്ററേനിയന്‍ കടല്‍ വരെയുള്ള പുരാതന പലസ്തീന്‍ ഭൂമി കീഴ്‌പ്പെടുത്തി ഇസ്രയേല്‍ രാജ്യാതിര്‍ത്തി വിപുലപ്പെടുത്തി. ഇന്നത്തെ വെസ്റ്റ് ബാങ്കും ഗാസാമുനമ്പും ഇസ്രയേല്‍ അധീനതയിലായത് അങ്ങനെയാണ്. യുഎന്‍ പ്രഖ്യാപിച്ച പലസ്തീന്‍ എന്ന രാജ്യം ഒരിക്കലും സ്വാതന്ത്ര്യം പ്രാപിക്കാതെ ചിതറിപ്പോയി.

1973ല്‍ ജൂതരുടെ പുണ്യദിവസമായ യോം കിപൂര്‍ ദിനത്തില്‍ അറബ് രാജ്യങ്ങള്‍ ഇസ്രയേലിനെ അക്രമിച്ചെങ്കിലും പരാജയപ്പെട്ടു. 1972ല്‍ ആഭ്യന്തര യുദ്ധം രൂക്ഷമായ ലബനോനിലേക്ക് കടന്നുകയറി അവിടെ തമ്പടിച്ചിരുന്ന പലസ്തീന്‍ പോരാളികളെ ഇസ്രയേല്‍ തുരത്തി.

ഇസ്രയേല്‍ അധിനിവേശത്തോടുള്ള പലസ്തീന്‍ പ്രതിരോധത്തിന്റെ ഭാഗമായി 1964ല്‍ രൂപംകൊണ്ടതാണ് പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍. നൂറില്‍ അധികം രാജ്യങ്ങള്‍ പലസ്തീന്‍ ജനതയുടെ നിയമാനുസൃതമായ പ്രതിനിധിയായി പിഎല്‍ഒയെ അംഗീകരിച്ചു. ഐക്യരാഷ്ട്ര സംഘടനയില്‍ നിരീക്ഷക സ്ഥാനവും നല്‍കപ്പെട്ടു. സായുധ പോരാട്ടത്തിലൂടെ പലസ്തീന്‍ ജനതയുടെ ജന്മഭൂമി വീണ്ടെടുക്കുക എന്നതുതന്നെയായിരുന്നു പിഎല്‍ഒയുടെ സ്ഥാപിത ലക്ഷ്യം. യാസര്‍ അറാഫത്തിന്റെ നേതൃത്വത്തില്‍ ഇസ്രയേലുമായി പല തരത്തില്‍ പിഎല്‍ഒ ഏറ്റുമുട്ടിയെങ്കിലും ഒന്നും വിജയം കണ്ടില്ല. ഒടുവില്‍, ഇസ്രയേല്‍ രാഷ്ട്രത്തിന്റെ നിലനില്‍പിനെ അംഗീകരിച്ചുകൊണ്ടുള്ള വിട്ടുവീഴ്ചകളിലേക്ക് പിഎല്‍ഒ വഴിമാറി. യാസര്‍ അറാഫത്തിന് ശേഷം പലസ്തീന്‍ ജനതയുടെ മേലുള്ള പിഎല്‍ഒയുടെ വൈകാരിക സ്വാധീനവും കുറഞ്ഞു. പലസ്തീന്‍ പ്രശ്‌നത്തെ ഒരു മതപരമായ പ്രശ്‌നമായി പിഎല്‍ഒ ഒരുഘട്ടത്തിലും അവതരിപ്പിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

യാസര്‍ അറാഫത്ത്‌

ഇസ്രയേല്‍ എന്ന രാഷ്ട്രത്തിന് തുണയായത് മാറിമാറി വന്ന അമേരിക്കന്‍ സര്‍ക്കാരുകളുടെ പിന്തുണയായിരുന്നു. ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളും സമീപകാലം വരെ ഇസ്രയേലിനെ അംഗീകരിച്ചില്ല. ഇന്ത്യയുള്‍പ്പെടെയുള്ള ചേരിചേരാ രാജ്യങ്ങള്‍ പലസ്തീന് പിന്നില്‍ അണിനിരന്നു. അതിനിടയിലും ഇസ്രയേലും അതിന്റെ പ്രതിരോധ സംവിധാനമായ ഇസ്രയേലി ഡിഫന്‍സ് ഫോഴ്‌സും പലസ്തീനികളെ വ്യവസ്ഥാപിതമായി കുടിയിറക്കിക്കൊണ്ടിരുന്നു. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് കിഴക്കന്‍ ജറുസലേമിലെ ഷെയ്ക് ജര്‍റ യില്‍ ഇപ്പോള്‍ നടക്കുന്ന കുടിയിറക്ക് നീക്കങ്ങള്‍. ഇത് ഓരോ പലസ്തീന്‍ കുടുംബത്തിന്റെയും ദൈനംദിന അനുഭവമായി മാറി.

1993ല്‍ ആറുമാസം നീണ്ട രഹസ്യചര്‍ച്ചകള്‍ക്ക് ശേഷം പലസ്തീനും ഇസ്രയേലും തമ്മിലുള്ള ഓസ്ലോ കരാര്‍ പ്രഖ്യാപിക്കപ്പെട്ടു. തൊട്ടടുത്ത വര്‍ഷം യാസര്‍ അറാഫത്ത് ഗാസയിലേക്ക് തിരിച്ചെത്തുകയും ഗാസയിലും വെസ്റ്റ് ബാങ്ക് നഗരമായ ജെറീക്കോയിലും സ്വയംഭരണാധികാരമുള്ള പലസ്തീന്‍ അതോറിറ്റി പ്രഖ്യാപിക്കുകയും ചെയ്തു. രണ്ടായിരാം ആണ്ടിലാണ് രണ്ടാം ഇന്‍തിഫാദയ്ക്ക് തുടക്കമായത്. ഇസ്രയേലിലെ തീവ്ര വലതുപക്ഷ നേതാവും പില്‍ക്കാല പ്രധാനമന്ത്രിയുമായ ഏരിയല്‍ ഷാരോണ്‍ മസ്ജിദില്‍ അക്‌സ നിലകൊള്ളുന്ന ടെമ്പിള്‍ സ്‌ക്വയറിലേക്ക് നടത്തിയ സന്ദര്‍ശനമായിരുന്നു ഇതിന്റെ പ്രകോപനം. 2005ല്‍ യാസര്‍ അറാഫത്തിന്റെ മരണത്തിന് ശേഷം മിതവാദിയായ മഹ്‌മ്മൂദ് അബ്ബാസ് പലസ്തീന്‍ അതോറിറ്റിയുടെ ചുമതലയേറ്റെടുത്തു.

ഏരിയല്‍ ഷാരോണ്‍

ഇസ്രയേലിനെ ചെറുക്കാന്‍ രൂപംകൊണ്ട പലസ്തീനിയന്‍ പ്രസ്ഥാനങ്ങള്‍ക്കിടയില്‍ കിടമത്സരവും രൂക്ഷമായി. 1987ല്‍ ഗാസ കേന്ദ്രീകരിച്ച് രൂപം കൊണ്ടതാണ് ഹമാസ്. പലസ്തീന്‍ പ്രശ്‌നം കൈകാര്യം ചെയ്യുന്ന പിഎല്‍ഒയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളായിരുന്നു ഹമാസിന്റെ പ്രത്യേകത. ഇസ്ലാമിസ്റ്റ് സംഘടനയായ ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡ്ഡിന്റെ പിന്തുണയിലാണ് ഹമാസ് നിലവില്‍ വന്നത്. 2006ല്‍ നടന്ന പലസ്തീന്‍ ലെജിസ്ലേറ്റീവ് തെരഞ്ഞെടുപ്പില്‍ ഹമാസ് ജയിച്ചെങ്കിലും അധികാരത്തില്‍ തുടര്‍ന്നത് ഫതഹ് പാര്‍ട്ടിയാണ്. ഗാസയുടെ നിയന്ത്രണം ഹമാസ് നിലനിര്‍ത്തുകയും ചെയ്തു.

ഈ രാഷ്ട്രീയ മാറ്റങ്ങള്‍ക്കിടയിലും പലസ്തീന്‍ കുടുംബങ്ങളെ കുടിയൊഴിപ്പിക്കല്‍ വ്യാപകമായി തുടര്‍ന്നുകൊണ്ടിരുന്നു. ലോകരാഷ്ട്രീയത്തില്‍ ഇതിനിടയിലുണ്ടായ മാറ്റങ്ങള്‍ പലസ്തീന്‍ പോരാട്ടത്തിന്റെ വൈകാരിക ശക്തി ചോര്‍ത്തി. പല അറബ് രാജ്യങ്ങളും ഇസ്രയേലുമായി ചങ്ങാത്തത്തിലായി. ഇന്ത്യ ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളും പലസ്തീനോടുള്ള നിരുപാധിക പിന്തുണയില്‍ മാറ്റം വരുത്തി. ടെല്‍ അവീവിന് പകരം ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം ഏറ്റവും ഒടുവിലത്തെ പ്രഹരമായി.

ഡൊണാള്‍ഡ് ട്രംപ്‌

ലോകത്ത് ഏറ്റവും വലിയ സൈനിക ശക്തികളില്‍ ഒന്നായ ഇസ്രയേലിന്റെ സമഗ്രാധിപത്യത്തിന് കീഴില്‍ കുരുങ്ങിക്കിടക്കുന്ന ചെറിയ തുരുത്തുകളാണ് ഇപ്പോള്‍ പലസ്തീന്‍ സെറ്റില്‍മെന്റുകള്‍. അവരുടെ സ്വാതന്ത്ര്യ സമരം അയല്‍വാസികളായ അറബ് രാജ്യങ്ങള്‍ക്കുപോലും വലിയ താല്‍പര്യമില്ലാത്ത രാഷ്ട്രീയ പ്രശ്‌നം മാത്രമായി അവശേഷിക്കുന്നു.