ഇന്ത്യന്‍ പ്രധാനമന്ത്രിയെ വിരട്ടാന്‍ വന്ന ഇസ്രയേലി ജെറ്റുകള്‍

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം തുടരുന്നതിനിടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സില്‍ യോഗത്തിനിടെ പലസ്തീനെ പിന്തുണച്ച് ഇന്ത്യ പ്രസ്താവന നടത്തി. പലസ്തീന്റേത് നീതിയുക്തമായ ആവശ്യമാണെന്ന് യുഎന്നിലെ ഇന്ത്യന്‍ അംബാസഡര്‍ ടി എസ് തിരുമൂര്‍ത്തി വ്യക്തമാക്കി. ഇന്ത്യ എല്ലാ തരം അക്രമങ്ങളേയും അപലപിക്കുന്നു. എത്രയും പെട്ടെന്ന് അക്രമങ്ങളില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുന്നു. പലസ്തീന്റെ നീതിയുക്തമായ ആവശ്യത്തിന് വേണ്ടിയുള്ള പിന്തുണയും ‘ദ്വിരാഷ്ട്ര പരിഹാരത്തോടുള്ള’ പ്രതിബദ്ധതയും വീണ്ടും ആവര്‍ത്തിക്കുന്നു എന്നും ഇന്ത്യന്‍ പ്രതിനിധി യുഎന്നില്‍ പറഞ്ഞു.

ഒരു നൂറ്റാണ്ടുമുന്‍പേ തന്നെ, സ്വാതന്ത്ര്യ സമരകാലത്തെ ദേശീയ നേതാക്കള്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ജൂതര്‍ക്ക് വേണ്ടി പലസ്തീനില്‍ ഒരു രാജ്യമുണ്ടാക്കുമെന്ന് ബ്രിട്ടന്‍ പ്രഖ്യാപിക്കുന്നത് 1917 നവംബര്‍ രണ്ടിനാണ്. ബാല്‍ഫര്‍ പ്രഖ്യാപനത്തിന്റെ കാലത്ത് തന്നെ ഇന്ത്യന്‍ ദേശീയ നേതാക്കള്‍ പലസ്തീനൊപ്പമെന്ന ശക്തമായ നിലപാടെടുത്തു.

1938ല്‍ മഹാത്മാ ഗാന്ധി നടത്തിയ പ്രസ്താവന ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഇംഗ്ലണ്ട് ഇംഗ്ലീഷുകാര്‍ക്ക് എന്ന പോലെ, ഫ്രാന്‍സ് ഫ്രഞ്ചുകാര്‍ക്ക് എന്ന പോലെ അറബികള്‍ക്ക് അവകാശപ്പെട്ടതാണ് പലസ്തീന്‍ എന്നായിരുന്നു ഗാന്ധിജിയുടെ വാക്കുകള്‍. 2015 ഒക്ടോബര്‍ 11ന് ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ വെച്ച് അന്നത്ത പ്രസിഡന്റ് പ്രണബ് മുഖര്‍ജി ഈ വാക്കുകള്‍ തന്റെ പ്രസംഗത്തിലൂടെ ആവര്‍ത്തിക്കുകയുണ്ടായി.

Also Read: ഐക്യരാഷ്ട്ര സഭയില്‍ പലസ്തീനെ പിന്തുണച്ച് ഇന്ത്യ; ‘പലസ്തീന്റേത് നീതിയുക്തമായ ആവശ്യം’

നെഹ്‌റു ഗാസ സന്ദര്‍ശന വേളയില്‍

സ്വാതന്ത്രാനന്തരകാലത്തിന്റെ തുടക്കം മുതലേ പലസ്തീന് അനുകൂലമായ സമാധാന-മധ്യസ്ഥ നിലപാടായിരുന്നു ഇന്ത്യ കൈക്കൊണ്ടത്. 1948ല്‍ ആരംഭിച്ച ഇസ്രയേല്‍ അധിനിവേശത്തേത്തുടര്‍ന്ന് പലസ്തീന്‍ ജനതയിലെ വലിയൊരു വിഭാഗത്തിന് ഗാസയിലേക്ക് പോകേണ്ടിവന്നു. ഐക്യരാഷ്ട്ര സംഘടനയുടെ സംരക്ഷണയില്‍ അവര്‍ അഭയാര്‍ത്ഥികളായി കഴിഞ്ഞു. 1956ലെ ഇസ്രയേല്‍-ഈജിപ്ത് യുദ്ധം ഗാസയിലെ അഭയാര്‍ത്ഥികളെ ബാധിച്ചതോടെ ഐക്യരാഷ്ട്ര സഭ ഇടപെട്ടു. ആമിസ്റ്റൈസ് ഡീമാര്‍ക്കേഷന്‍ ലൈന്‍സ് എന്ന സമാധാന അതിര്‍ത്തി സംരക്ഷിക്കാനായി യുഎന്നിന്റെ അടിയന്തര സൈന്യമെത്തി. ഗാസയില്‍ നീല ഹെല്‍മെറ്റ് തലയില്‍ വെച്ചെത്തിയവരില്‍ ഇന്ത്യയില്‍ നിന്നുള്ള ‘ഓപ്പറേഷന്‍ ശാന്തി’ പട്ടാള സംഘവുമുണ്ടായിരുന്നു.

1960ല്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരുടെ ഒരു ഉച്ചകോടി ലണ്ടനില്‍ വെച്ച് നടക്കുകയുണ്ടായി. ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഗാസ സന്ദര്‍ശിക്കാനാണ് പോയത്. യുഎന്‍ഇഎഫ് കമാന്‍ഡര്‍ ചുമതലയുള്ള ജനറല്‍ പി എസ് ഗ്യാനിയേയും ഇന്ത്യന്‍ സൈനിക സംഘത്തേയും കാണുക കൂടിയായിരുന്നു ലക്ഷ്യം. ഗാസ സന്ദര്‍ശനശേഷം നെഹ്‌റു ലെബനോന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലേക്കുള്ള യുഎന്‍ വിമാനത്തില്‍ കയറി. വിമാനം പറയുന്നയര്‍ന്നതിന് പിന്നാലെ രണ്ട് ഇസ്രയേലി ഫൈറ്റര്‍ ജെറ്റുകള്‍ രണ്ട് വശങ്ങളിലുമായെത്തി. ഇന്ത്യന്‍ പ്രധാനമന്ത്രി സഞ്ചരിക്കുന്ന യുഎന്‍ വിമാനത്തിന്റെ വശങ്ങളിലൂടെ കുറച്ച് സമയം പറന്ന് ചില വിരട്ടല്‍ പ്രകടനങ്ങള്‍ നടത്തിയ ശേഷം ഇര്യയേലി യുദ്ധ വിമാനങ്ങള്‍ പിന്‍വാങ്ങി.

നെഹ്‌റു ബെയ്‌റൂട്ടില്‍

ബെയ്‌റൂട്ടിലെത്തിയ നെഹ്‌റു ഗാസയുടെ ആകാശത്ത് വെച്ചുണ്ടായ ഇസ്രയേലി വിരട്ടലിനേക്കുറിച്ച് മിണ്ടിയതേയില്ല. ഇന്ത്യന്‍ പാര്‍ലമെന്റിലെത്തിയതിന് ശേഷമാണ് തനിക്ക് ഇസ്രയേല്‍ ഭരണകൂടത്തില്‍ നിന്ന് നേരിടേണ്ടി വന്ന അനുഭവത്തേക്കുറിച്ച് നെഹ്‌റു പറയുന്നത്. പ്രധാനമന്ത്രി സഞ്ചരിച്ച വിമാനത്തെ ലാന്‍ഡ് ചെയ്യിക്കാനുള്ള ശ്രമമായിരുന്നു ഇതെന്ന് അക്കാലത്ത് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്രയേല്‍ ടെറിട്ടറിയില്‍ ഒരു മൈല്‍ സഞ്ചരിച്ചതിനാണ് തങ്ങള്‍ അങ്ങനെ ചെയ്തത് എന്നായിരുന്നു ഇസ്രയേലിന്റെ പ്രതികരണം. എന്നാല്‍ തന്റെ ഗാസ സന്ദര്‍ശനത്തേക്കുറിച്ച് ഇസ്രയേലിന് അറിയാമായിരുന്നു എന്ന് നെഹ്റു ഇന്ത്യയില്‍ തിരിച്ചെത്തിയപ്പോള്‍ പറഞ്ഞു. തങ്ങളുടെ പക്ഷം പിടിക്കാതെ പലസ്തീന്‍ ജനതയ്ക്ക് പിന്തുണ നല്‍കിക്കൊണ്ടുള്ള ഇന്ത്യന്‍ നിലപാടിനോടുള്ള രോഷമാണ് ഇസ്രയേല്‍ ഗാസയുടെ ആകാശത്ത് വെച്ച് നെഹ്‌റുവിനോട് പ്രകടിപ്പിച്ചത്. തുടര്‍ന്നങ്ങോട്ടും പലസ്തീന്റെ ‘നീതിയുക്തമായ ആവശ്യ’ത്തിന് വേണ്ടിയാണ് നെഹ്‌റുവിന്റെ ഇന്ത്യ നിലകൊണ്ടത്.

പലസ്തീന്റെ സ്വാതന്ത്ര്യത്തോട് ഒപ്പം നിന്ന് പിന്തുണച്ച ആദ്യ അറബ് ഇതര രാജ്യവും ഇന്ത്യയാണ്. പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ നേതാവ് യാസര്‍ അറാഫത്തിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് അക്കാലത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. 1981ല്‍ ‘പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം’ എന്നെഴുതിയ സ്റ്റാംപും ഇന്ത്യ പുറത്തുവിട്ടു. രാജീവ് ഗാന്ധി, മന്‍മോഹന്‍ സര്‍ക്കാരുകള്‍ ഉള്‍പ്പെടെ പിന്തുടര്‍ന്ന പലസ്തീന്‍ അനുകൂല നിലപാടില്‍ ഇടര്‍ച്ചയുണ്ടാകുന്നത് എ ബി വാജ്‌പേയിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ്.