‘പോത്തന്‍സ് ഗ്ലോറിയസ്ലി എലക്വന്റ് ഡീറ്റെയ്ല്‍സ്’; ജോജിയെ പ്രശംസിച്ച് നൂയോര്‍ക്കര്‍ റിവ്യൂ; ‘മഹാമാരി കാലത്തെ ആദ്യ വലിയ ചിത്രം’

ദിലീഷ് പോത്തന്‍ ചിത്രം ‘ജോജി’ക്ക് ആവോളം പ്രശംസിക്കുന്ന നിരൂപണവുമായി വിഖ്യാത മാഗസിന്‍ ന്യൂയോര്‍ക്കര്‍. ‘ജോജി: കൊവിഡ് 19 പകര്‍ച്ചവ്യാധി കാലത്തെ ആദ്യവലിയ ചിത്രം’ എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സംവിധായകനേയും തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനേയും ഉടനീളം അഭിനന്ദിക്കുന്നതാണ് നിരൂപണം. പ്രശസ്ത നിരൂപകന്‍ റിച്ചാര്‍ഡ് ബ്രോഡിയാണ് ന്യൂയോര്‍ക്കറിന് വേണ്ടി ജോജി റിവ്യൂ ചെയ്തിരിക്കുന്നത്. ‘എവരിത്തിങ് ഈസ് സിനിമ: ദ വര്‍ക്കിങ് ലൈഫ് ഓഫ് ഴാന്‍ ലുക് ഗൊദാര്‍ദ്’ എന്ന പുസ്തകത്തിന്റെ രചയിതാവാണ് ബ്രോഡി.

ജോജി, ഒടുവില്‍ ഈ മഹാമാരിയെ സമര്‍ത്ഥമായും ഇമ്പമായും അതിന്റെ കഥയില്‍ സമന്വയിപ്പിച്ചുകൊണ്ട് ഒരു ചിത്രമുണ്ടായിരിക്കുന്നു.

ന്യൂയോര്‍ക്കര്‍

ജോജിയുടെ നിര്‍മ്മാതാക്കള്‍ മാക്ബത്തിന്റെ കഥയെ എത്രത്തോളം അയഞ്ഞ് അവലംബിച്ചിട്ടുണ്ടോ അത്രയും നന്നായെന്നും നിരൂപകന്‍ നിരീക്ഷിക്കുന്നു. ഷേക്‌സ്പിയറിന്റെ ഭാഷയോ, രാജകീയ-യുദ്ധ സന്ദര്‍ഭങ്ങളോ കടമെടുക്കാതെ, കുടുംബ വ്യവസ്ഥയില്‍ അടിച്ചമര്‍ത്തപ്പെട്ട അഭിലാഷത്തേയും ഭയപ്പെടുത്തുന്ന ക്രോധത്തേയുമാണ് ചിത്രം ആശ്രയിക്കുന്നത്. സൂക്ഷ്മഭേദങ്ങളോടെ തയ്യാറാക്കിയ സംഭാഷണങ്ങള്‍, സ്‌ഫോടനാത്മകമായ സന്ദര്‍ഭങ്ങള്‍, പിരിമുറക്കത്തോടെ തുലനം ചെയ്‌തെടുത്ത ബിംബങ്ങള്‍, ഉഗ്രവും ഉറഞ്ഞതുമായ നോട്ടങ്ങള്‍..പോപ്പിയുടെ എയര്‍ഗണ്ണിലെ വെടികൊണ്ട് രക്തം പോലെ ഇറ്റുവരുന്ന റബ്ബര്‍ പാലില്‍ പോത്തന്റെ സിംബോളിക് ഡീറ്റെയ്‌ലിങ്ങ് ആരംഭിക്കുന്നു. ശ്യാം പുഷ്‌കരന്റെ തിരക്കഥ ഉഗ്രമായ ആവിഷ്‌കരണമുള്ളതാണ്. കൊവിഡ് കാലത്തെ ഭീകരതയും അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുന്ന മരണവും നാടകീയമായി ഒപ്പിയെടുക്കാന്‍ പോത്തന്‍ വഴി കണ്ടെത്തി. എല്ലാ ക്രൈം സ്റ്റോറികളും പോലെയാണ് ജോജി അവസാനിക്കുന്നതെങ്കിലും അത് പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്നും റിച്ചാര്‍ഡ് ബ്രോഡി ലേഖനത്തില്‍ പറയുന്നുണ്ട്.