‘കുഴല്‍പ്പണം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേത്, കവര്‍ന്നത് അതേ പാര്‍ട്ടിക്കാര്‍ പറഞ്ഞിട്ട്’; കോടതിയില്‍ കൊടകര കേസിലെ പ്രതികളുടെ മൊഴി

പണം കടത്തിക്കൊണ്ടുവന്ന പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ തന്നെയാണ് കവരാനും ആവശ്യപ്പെട്ടതെന്ന് കൊടകര കുഴല്‍പ്പണക്കേസിലെ പ്രതികള്‍. തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് കേസിലെ പത്ത് പ്രതികള്‍ ഈ മൊഴി നല്‍കിയത്. തങ്ങള്‍ നിരപരാധികളാണെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതികള്‍ ഹര്‍ജിയില്‍ പറഞ്ഞു.

പണം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേതാണ്. കവര്‍ന്നത് ഇതേ പാര്‍ട്ടിക്കാരുടെ നിര്‍ദ്ദേശപ്രകാരമാണ്.

പ്രതികള്‍

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുന്‍പ് കൊടകര ദേശീയ പാതയില്‍ വെച്ച് കവര്‍ച്ച ചെയ്യപ്പെട്ട പണം ബിജെപിയുടേതാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ബിജെപി നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ച ഹവാലപ്പണം ആണിതെന്ന് അന്വേഷണസംഘം വ്യക്തമാക്കി. നേതാക്കള്‍ പറഞ്ഞ പ്രകാരം ആലപ്പുഴയിലെ ജില്ലാ ട്രഷറര്‍ക്ക് നല്‍കാനാണ് പണം കൊണ്ടുവന്നത്. ഇലക്ഷന് മുന്‍പുള്ള ഒരു മാസത്തിനിടെ ധര്‍മരാജന്‍ കര്‍ണാടകയില്‍ നിന്ന് ഹവാലപ്പണം കൊണ്ടുവന്നത് അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചട്ട പ്രകാരം രണ്ട് ലക്ഷം രൂപ മാത്രം കൈവശം വെയ്ക്കാനാണ് അനുമതിയുള്ളത്. എന്നാല്‍ ധര്‍മരാജന്റെ ഡ്രൈവര്‍ ഷംജീറിന്റെ കൈയില്‍ മൂന്നരക്കോടി രൂപയുണ്ടായിരുന്നു. ഈ പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്ന രേഖകള്‍ ഒന്നും ധര്‍മ്മരാജന്‍ ഹാജരാക്കിയിട്ടില്ല. ഉറവിടം സമര്‍പ്പിച്ചാല്‍ തന്നെ അത് പുനപരിശോധിക്കണമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.