കൊവിഡ് കാലത്ത് പെരുകുന്ന ശതകോടീശ്വരന്മാർ

ഒരു കൊല്ലം കഴിഞ്ഞു കൊവിഡ് മഹാമാരി തുടങ്ങിയിട്ട്. ദശലക്ഷക്കണക്കിന് ആളുകൾക്ക് ജീവനും ജീവിതവും നഷ്ടമായി, എന്ന് കരകയറുമെന്നറിയില്ല, വിശപ്പടക്കാൻ ജീവനോപാധികൾ മാറിമാറി പരീക്ഷിക്കുകയാണ് ചിലർ, രാജ്യത്തെ ഭൂരിപക്ഷം ജനങ്ങൾക്കും എന്ത് ചെയ്യണമെന്നുതന്നെയറിയില്ല. വീണ്ടും കൊവിഡ് പിടിമുറുക്കിയതോടെ കുടിയേറ്റ തൊഴിലാളികൾ ഇനിയൊരിക്കലും തിരികെയില്ലെന്ന് അവർത്തിച്ചുകൊണ്ട് നഗരങ്ങളിൽ നിന്നും പലായനം ചെയ്‌തു തുടങ്ങി. മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത പ്രതിസന്ധിക്കും കെടുതിക്കും രാജ്യം സാക്ഷ്യം വഹിക്കുന്നു. ഇതിനിടയിലാണ് ഫോബ്‌സ് മാഗസിന്റെ ശതകോടീശ്വരന്മാരുടെ പട്ടിക പുറത്തുവരുന്നത്.

വിപണികളും കച്ചവടവും തകർന്ന്, വ്യാപാര സാമ്രാജ്യം ചുരുങ്ങി, ഈ ധനികരൊക്കെ ആധിയിലാണെന്ന് തെറ്റിദ്ധരിക്കേണ്ട. ഒരു വർഷം മുൻപ് ഇന്ത്യയിൽ 102 ശതകോടീശ്വരന്മാർ ആയിരുന്നെങ്കിൽ കോവിഡ് മഹാമാരിയുടെ 12 മാസങ്ങൾ കഴിഞ്ഞപ്പോൾ അവർ 140ആയി ഉയർന്നു. അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണ് ഈ ശതകോടീശ്വരന്മാരുടെ വളർച്ച. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇരട്ടിയോളം പെരുകി ഇവരുടെ സ്വത്ത് ഏതാണ്ട് 596 ബില്യൺ ഡോളറിലേക്കെത്തി. 2.62 ട്രില്യൺ ഡോളർ വലിപ്പമുള്ള ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉദ്‌പാദനത്തിന്റെ 23 ശതമാനത്തിന് തുല്യമായ പണം കൈവശമുള്ളത് ജനസംഖ്യയുടെ പത്തുലക്ഷത്തിൽ ഒന്നിൽ താഴെമാത്രമുള്ള ഈ അതിസമ്പന്നരുടെ പക്കലാണ്.

മഹാമാരിക്കാലം ഇവർക്ക് പണക്കൊയ്ത്തിന്റേയും കച്ചവടത്തിന്റെയും കാലമായിരുന്നു എന്ന് തെളിയിക്കുന്നതാണ് തുടർന്നുള്ള കണക്കുകൾ. രാജ്യത്തിൻറെ മൊത്ത ആഭ്യന്തര ഉദ്‌പാദനം 7.7 ശതമാനം ഇടിഞ്ഞ ഈ കെടുതിക്കാലത്ത് 90 ശതമാനത്തിനു മുകളിലാണ് ഈ 140 ധനികരുടെ സാമ്പത്തിക വളർച്ച. ഓഹരി സൂചിക സെൻസെക്സ് കഴിഞ്ഞ വർഷത്തേക്കാൾ 75 ശതമാനം ഉയർന്നു. ഈ പട്ടികയിലെത്തന്നെ ആദ്യ മൂന്നുപേരിലേക്കാണ് ഈ 140 പേരുടെ ആകെ സമ്പാദ്യത്തിന്റെ 25 ശതമാനവും കേന്ദ്രീകരിച്ചിരിക്കുന്നത്. മുകേഷ് അംബാനിയും, ഗൗതം അദാനിയും, ശിവ് നാടാരും മാത്രം ചേർന്ന് 100 ബില്യൺ ഡോളറാണ് ഇക്കാലയളവിൽ പുതുതായി സമ്പാദിച്ചത്. അംബാനിയുടെയും അദാനിയുടെയും മാത്രം ആകെ സമ്പാദ്യമെടുത്താൽ പഞ്ചാബിന്റെയും ഹരിയാനയുടെയും ആഭ്യന്തര ഉദ്‌പാദനത്തിനേക്കാൾ മുകളിലാണ്.

നാടാകെ ദുരിതത്തിലായ മഹാമാരിയുടെ ഈ ഒരു വർഷം മാത്രം മുകേഷ് അംബാനി സമ്പാദിച്ചത് 47.7 ബില്യൺ ഡോളറാണ്, അതായത് ഓരോ സെക്കൻഡിലും ശരാശരി 1.13 ലക്ഷം രൂപ. അഞ്ചുപേര് വീതമുള്ള ആറ് പഞ്ചാബി കർഷക കുടുംബത്തിന്റെ ശരാശരി മാസ വരുമാനം ഒന്നിച്ചെടുത്താൽ അതിനും മുകളിലാണ് അംബാനിയുടെ ഒരു സെക്കന്ഡിലെ സമ്പാദ്യം. പുതിയ കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നതിന് മുൻപുള്ള കണക്കുകൾ പ്രകാരം അംബാനിയുടെ ആകെ സമ്പത്ത് പഞ്ചാബിന്റെ സംസ്ഥാന മൊത്ത ആഭ്യന്തര ഉല്പാദനത്തിന് ഏതാണ്ട് തുല്യമാണ്. നിയമങ്ങൾ പൂർണമായി നടപ്പിലാക്കി കഴിയുമ്പോൾ അംബാനിയുടെ സമ്പത്ത് ഇനിയും കുമിഞ്ഞുകൂടും. ഒരു പഞ്ചാബി കർഷകന്റെ ആളോഹരി മാസ വരുമാനം 3450 രൂപ മാത്രമാണെന്ന് ഓർക്കണം.

വലിയൊരു ജനസാമാന്യത്തെ ബാധിക്കുന്ന കെടുതികളെ, അവയുടെ സ്വഭാവമനുസരിച്ച് കച്ചവടമാക്കി കോർപറേറ്റുകൾ പണംകൊയ്യാറുണ്ട്. 2004 ഡിസംബറിൽ ആഞ്ഞുവീശിയ സുനാമി ദശലക്ഷക്കണക്കിനു വീടുകളും, ബോട്ടുകളും സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ സകലതും നശിപ്പിച്ചിരുന്നു. എന്നാൽ ശേഷം സുനാമി തകർത്തുകളഞ്ഞ രാജ്യങ്ങളിൽ ഉൾപ്പടെ ഓഹരിക്കമ്പോളങ്ങളിൽ വലിയ ഉണർവാണ് രേഖപ്പെടുത്തിയത്. നിർമാണ-അനുബന്ധ മേഖലകളിൽ ഡോളറും രൂപയും ഒഴുകുകയായിരുന്നു. ഒരു ലക്ഷത്തിൽ പരം ജീവഹാനിയുണ്ടായ ഇന്തോനേഷ്യയുടെ ഓഹരി വിപണിയും ഇന്ത്യയുടെ സെൻസെക്‌സും ഉൾപ്പടെ മുൻകാല റെക്കോർഡുകൾ തകർത്തുകയറി.

സമാനമായി, ഇന്ന് ആരോഗ്യ മേഖലയിലെയും, ടെക്‌നോളജി, വിശേഷാൽ സോഫ്ട്‍വെയർ മേഖലയിലെയും ഭീമന്മാർ വലിയ കൊയ്‌ത്ത്‌ നടത്തുകയാണ്. ആരോഗ്യരംഗത്തെ ശതകോടീശ്വരന്മാരിലെ മുകൾത്തട്ടിലെ പത്തുപേര് ചേർന്ന് 24.9 ബില്യൺ ഡോളറാണ് ഈ വർഷം സമ്പാദിച്ചത്. ഓരോ ദിവസവും ശരാശരി 5 ബില്യൺ രൂപയുടെ വരുമാനം. അവരുടെ മൊത്തം സമ്പത്ത് 75 ശതമാനം വർദ്ധിച്ച് 58.3 ബില്യൺ ഡോളറായി. ഏറ്റവും വലിയ പത്ത് ഇന്ത്യൻ ടെക് ഭീമന്മാർ 12 മാസംകൊണ്ട് 22.8 ബില്യൺ ഡോളറാണ് സമ്പാദിച്ചത്. അതായത് ഓരോ ദിവസസും ഏതാണ്ട് 4.6 ബില്യൺ രൂപ. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ വളർച്ചയിൽ 39 ശതമാനം ഉയർന്ന് ബൈജൂ രവീന്ദ്രന്റെ സ്വത്ത് 2.5 ബില്യൺ ഡോളറായി, അതായത് 187 ബില്യൺ ഇന്ത്യൻ രൂപ.

140 അതിസമ്പന്നരുടെ 596 ബില്യൺ ഡോളർ സ്വത്ത് ഇന്ത്യൻ രൂപയിൽ ഏതാണ്ട് 44.5 ട്രില്യനാണ്. ഇന്ത്യയിൽ നിലവിൽ സാമ്പത്തിക നികുതി ഈടാക്കുന്നില്ല. എന്നാൽ 10 ശതമാനം നിരക്കിൽ അത് നടപ്പിലാകുകയാണെങ്കിൽ കുറഞ്ഞത് 4.45 ട്രില്യൺ രൂപയാണ് അതുവഴി സമാഹരിക്കാനാകുക. നിലവിലെ വാർഷിക വിനിമയത്തിന്റെ നിരക്കിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആറ് വർഷത്തേക്ക് നടപ്പിലാക്കാൻ ഈ തുക മതിയാകും. ഈ ആറ് വർഷത്തിനിടയിൽ ഗ്രാമീണ മേഖലയിൽ 16.8 ബില്യൺ തൊഴിൽ ദിനങ്ങൾ ഉറപ്പുവരുത്താനും കഴിയും.

അടുത്തിടെ ഐക്യരാഷ്ട്ര സഭയുടെ മാനവ വിഭവ വികസന സൂചിക പ്രസിദ്ധീകരിച്ചിരുന്നു. 189 രാജ്യങ്ങളിൽ 131-ാമതാണ് ഇന്ത്യയുടെ സ്ഥാനം. എൽ സാൽവദോർ, തജികിസ്താൻ, കാബോ വർദി, ഗ്വാട്ടിമാല, നികാരഗ്വാ, ഭൂട്ടാൻ, നമീബിയ ഉൾപ്പടെയുള്ള രാജ്യങ്ങൾ സൂചികയിൽ നമുക്ക് മുകളിലാണ് എന്നുകൂടി ഓർക്കുക.

മഹാമാരികളിലും ദുരന്തങ്ങളിലും തൊഴിൽ നഷ്ടപ്പെട്ട്, ജീവനോപാധികളൊക്കെയടഞ്ഞ് നട്ടംതിരിയുന്നത് സാധാരണക്കാരായ ജനങ്ങളാണ്. അതിധനികർ ദുരന്തങ്ങളുടെ തിരകൾക്കുമുകളിലിരുന്ന് പണംവാരിയെടുക്കുകകയാണ്.