പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കി തമിഴ്‌നാട്; എതിര്‍ത്ത് ബിജെപി അംഗങ്ങള്‍

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തമിഴ്‌നാട് നിയമസഭ പ്രമേയം പാസ്സാക്കി. പ്രമേയം കൊണ്ടുവരുന്നതിനെ എതിര്‍ത്ത് ബിജെപി അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപോയി.

പൗരത്വ ഭേദഗതി നിയമം ഭരണഘടനക്കും മതേതര മൂല്യങ്ങള്‍ക്കും നിരക്കാത്തതാണെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞു. രാജ്യത്തെ മത സൗഹാര്‍ദത്തിന് നല്ലതായിരിക്കില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഒരു ജനാധിപത്യ രാജ്യത്തിന്റെ ഭരണാധികാരികള്‍ എല്ലാ ജനങ്ങളുടെയും വികാരങ്ങളും വിചാരങ്ങളും ഉള്‍കൊണ്ട് പ്രവര്‍ത്തിക്കുന്നവരാകണം. പക്ഷെ പൗരത്വ ഭേദഗതി നിയമം അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിന് പകരം മതത്തിന്റെ പേരിലും വരുന്ന രാജ്യങ്ങളുടെ പേരിലും വേര്‍തിരിക്കുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു.

ശ്രീലങ്കന്‍ തമിഴര്‍ക്കും ഇവിടെ പൗരത്വം നേടാനുള്ള സാധ്യത പൗരത്വ ഭേദഗതി നിയമം ഇല്ലാതാക്കുന്നുവെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ ബംഗാള്‍, കേരളം, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയിരുന്നു.

പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ക്ക് എതിരെയല്ലെന്ന് നിയമസഭയിലെ ബിജെപി നേതാവ് നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു. ഞങ്ങള്‍ നാനാത്വത്തില്‍ ഏകത്വത്തില്‍ വിശ്വസിക്കുന്നു. പക്ഷേ പാകിസ്താന്‍ സ്വാതന്ത്ര്യം നേടുമ്പോള്‍ ഹിന്ദു ജനസംഖ്യ 20 ശതമാനമായിരുന്നുവെങ്കില്‍ ഇപ്പോഴത് 3 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.

എഐഎഡിഎംകെ നേരത്തെ തന്നെ സഭയില്‍ നിന്ന് ഇറങ്ങിപോയിരുന്നു. തങ്ങളെ സംസാരിക്കാനനുവദിക്കില്ലെന്നാരോപിച്ചാണ് ഇറങ്ങിപോയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രമേയത്തില്‍ എന്താണ് അഭിപ്രായം എന്ന ചോദ്യത്തിന് പാര്‍ട്ടി കോര്‍ഡിനേറ്റര്‍ എടപ്പാടി പളനിസ്വാമി പ്രതികരിക്കാന്‍ വിസമ്മതിച്ചു.