ഒരു ഇടത് എംഎല്‍എ പോലുമില്ലാതെ ബംഗാള്‍ നിയമസഭ; സ്വതന്ത്ര ഇന്ത്യയില്‍ ഇതാദ്യം

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ ഇടതുപാര്‍ട്ടികള്‍ക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞില്ല. 294 നിയമസഭ സീറ്റുകളില്‍ ഇടത്-കോണ്‍ഗ്രസ് പാര്‍ട്ടികളുടെ സഖ്യമായ സംയുക്ത മോര്‍ച്ചക്ക് നേടാനായത് രണ്ട് സീറ്റുകള്‍ മാത്രമാണ്.

സംയുക്ത മോര്‍ച്ചയ്ക്ക് ലഭിച്ച രണ്ട് സീറ്റുകളില്‍ ഒന്ന് കോണ്‍ഗ്രസിനും ഒന്ന് ഐഎസ്എഫിനാണ് ലഭിച്ചത്. പുരുലിയ ജില്ലയിലെ ബാഗ്മുണ്ടി മണ്ഡലത്തില്‍ നിന്നാണ് കോണ്‍ഗ്രസിന്റെ നേപാള്‍ ചന്ദ്ര മഹതോ വിജയിച്ചത്. ഭാഗ്‌നഗറില്‍ നിന്നാണ് ഐഎസ്എഫിന്റെ നൗഷാദ് സിദ്ദിഖി വിജയിച്ചത്.

സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇതാദ്യമായാണ് ബംഗാള്‍ നിയമസഭയില്‍ ഇടത് എംഎല്‍എ ഇല്ലാതിരിക്കുന്നത്. വോട്ടുകളുടെ ധ്രൂവീകരണമാണ് പരാജയത്തിന് കാരണമായതെന്ന് സിപിഐഎം പിബി ആരോപിക്കുന്നു. പണത്തിന്റെ അധികാരത്തിലും കൃത്രിമത്വങ്ങള്‍ക്കിടയിലും ബിജെപിക്ക് ശക്തമായ തിരിച്ചടിയാണ് നേരിട്ടത്. വര്‍ഗീയ ധ്രുവീകരണമെന്ന ആശയം ബംഗാളിലെ ജനങ്ങള്‍ തള്ളി. ബിജെപിയെ തോല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെ ധ്രുവീകരണമുണ്ടായി. തങ്ങളുടെ അണികള്‍ പോലും ബിജെപിയെ എതിര്‍ക്കുന്നതിന് തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തുവെന്നാണ് മനസിലാക്കുന്നത്. ഇത് വിജയസാധ്യതയുള്ള ഇടത് സീറ്റുകള്‍ പോലും തൃണമൂലിന് ലഭിക്കാന്‍ ഇടയാക്കിയെന്നും ഒരു മുതിര്‍ന്ന സിപിഐഎം നേതാവ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

എന്നിരുന്നാലും ജനത്തിന് വേണ്ടിയുള്ള ഞങ്ങളുടെ പ്രവര്‍ത്തനം തുടരുകയാണ്. കൊവിഡ് ബാധിച്ച ജനങ്ങള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുകയാണ് പ്രവര്‍ത്തകര്‍. യുവജനങ്ങള്‍ക്ക് ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥി-യുവജനങ്ങളെ സ്ഥാനാര്‍ത്ഥിയാക്കിയുള്ള പരീക്ഷണത്തിനും ഇത്തവണ ഇടതുമുന്നണി തുനിഞ്ഞിരുന്നു. എന്നാല്‍ ആ നീക്കവും പരാജയപ്പെടുകയാണുണ്ടായത്.

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അദ്ധ്യക്ഷ ഐഷി ഘോഷ് മൂന്നാം സ്ഥാനത്താണ് എത്തിയത്. 14.8 ശതമാനം വോട്ടുകളാണ് ഐഷി ഘോഷ് നേടിയത്. മറ്റ് യുവനേതാക്കളായ ദിപ്തസിത ധര്‍, മീനാക്ഷി മുഖര്‍ജി, ശ്രീജന്‍ ഭട്ടാചാര്യ എന്നിവരും പരാജയപ്പെട്ടു.