കൊച്ചി: പൃഥ്വിരാജിന്റേയും ആന്റണി പെരുമ്പാവൂരിന്റേയും സിനിമകള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് തിയേറ്റര്‍ ഉടമകള്‍. കൊച്ചിയില്‍ ഇന്ന് ചേര്‍ന്ന ഫിയോക്ക് സംഘടനാ യോഗത്തില്‍ ഇരുവര്‍ക്കുമെതിരെ പ്രതിഷേധമുയര്ന്നതിനേത്തുടര്ന്ന് രഹസ്യ വോട്ടെടുപ്പ് നടന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യും ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ‘ മരക്കാര്‍: അറബിക്കടലിന്റെ സിംഹ’വും ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യാന്‍ നീക്കം നടന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വിലക്കിന് ആഹ്വാനം ചെയ്ത് ഒരു വിഭാഗം തിയേറ്ററുടമകള്‍ രംഗത്തെത്തിയത്. രണ്ടും വമ്പന്‍ തിയേറ്റര്‍ കളക്ഷന്‍ പ്രതീക്ഷിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളാണ്.
കോള്‍ഡ് കേസ്, കുരുതി, ഭ്രമം എന്നീ പൃഥ്വിരാജ് ചിത്രങ്ങള്‍ ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്തത്. ബ്രോ ഡാഡിയും ഒടിടി കമ്പനികള്‍ക്ക് നല്‍കുമെന്ന സൂചനകള്‍ ചൂണ്ടിക്കാട്ടിയ തിയേറ്റര്‍ ഉടമകള്‍, പൃഥ്വിരാജിന്റെ ചിത്രങ്ങള്‍ ഇനി തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന തീരുമാനം സംഘടനയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ ഫിയോക് സംഘടനാ രൂപീകരിക്കുന്നതില്‍ മുന്‍കൈയെടുത്ത ദിലീപ് ഇടപെട്ടു. ചില സാഹചര്യങ്ങളാണ് ഒടിടി റിലീസ് തെരഞ്ഞെടുക്കാന്‍ അവരെ നിര്‍ബന്ധിപ്പിക്കുന്നതെന്നും നമ്മള് എടുത്തുചാടി ഒരു തീരുമാനം എടുക്കേണ്ടതില്ലെന്നും ദിലീപ് പറഞ്ഞു. എല്ലാവരും ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ചര്‍ച്ച നടത്തിയാല്‍ ഈ പ്രശ്നം പരിഹരിക്കാമെന്നും നടന് അഭിപ്രായപ്പെട്ടു.

മരയ്ക്കാര്‍ ഒ.ടി.ടി റിലീസിന് നല്‍കരുതെന്ന് ആന്റണി പെരുമ്പാവൂരിനോട് ആവശ്യപ്പെടണമെന്ന് തിയേറ്ററുടമകള്‍ സംഘടനാ നേതൃത്വത്തോട് നിര്‍ദ്ദേശിച്ചു. ഇക്കാര്യം ആന്റണി പെരുമ്പാവൂരുമായി ചര്‍ച്ച ചെയ്യുമെന്ന് ദിലീപ് ഉറപ്പ് നല്കി. താരങ്ങളുടേയും നിര്‍മ്മാതാക്കളുടേയും സംവിധായകരുടേയും സംഘടനകളോട് ഇക്കാര്യത്തില്‍ നിലപാട് തേടണമെന്നും അഭിപ്രായമുയര്‍ന്നു.
സംഘടനയുടെ മുന്‍ പ്രസിഡന്റായ ആന്റണി പെരുമ്പാവൂരിനെ വിലക്കണമെന്ന ആവശ്യം ശക്തമായതോടെ യോഗത്തില്‍ ബഹളമുണ്ടായി. തുടര്‍ന്ന് രഹസ്യ ബാലറ്റില്‍ വോട്ട് രേഖപ്പെടുത്തി ഭൂരിപക്ഷ അഭിപ്രായം അറിയാമെന്ന് വേദിയിലിരുന്ന ദിലീപും ഫിയോക്ക് പ്രസിഡന്റ് കെ വിജയകുമാറും തീരുമാനിച്ചു. ഇതിനേത്തുടര്‍ന്ന് രഹസ്യ വോട്ടെടുപ്പ് സംഘടിപ്പിച്ചു.
വോട്ടെടുപ്പ് പൂര്‍ത്തിയാകുമെങ്കിലും ഫലം ഇന്ന് പുറത്തുവരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജ്-ആന്റണി പെരുമ്പാവൂര്‍-മോഹന്‍ലാല്‍ ചിത്രങ്ങള്‍ വിലക്കണമെന്ന ഭൂരിപക്ഷ അഭിപ്രായമുയര്‍ന്നാല്‍ തന്നെ അത്രയും കടുത്ത തീരുമാനത്തിലേക്കെത്താന്‍ ഫിയോക്കിന് കഴിഞ്ഞേക്കില്ല. സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാകും ഫിയോക്ക് നേതൃത്വം അംഗങ്ങളെ നിലപാട് അറിയിക്കുക. കൊവിഡ് നിയന്ത്രണങ്ങളേത്തുടര്‍ന്ന് വന്‍ സാമ്പത്തിക പ്രതിസന്ധിയിലായ തിയേറ്റര്‍ ഉടമകള്‍ മരയ്ക്കാര്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലാണ് പ്രതീക്ഷ അര്‍പ്പിച്ച് കാത്തിരിക്കുന്നത്. നിലവില്‍ ഇന്ഡസ്ട്രിയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറായ മോഹന്‍ലാലിന്റെ ബ്രോ ഡാഡി, മരയ്ക്കാര്‍ എന്നീ ചിത്രങ്ങള്‍ നേരിട്ട് ഒടിടിയിലേക്ക് പോകാതിരിക്കാനുള്ള സമ്മര്‍ദ്ദമാണ് തിയേറ്ററുടമകള്‍ നടത്തുന്നത്.

പകുതി പേര്‍ക്ക് മാത്രം പ്രവേശനം നല്‍കിയും രണ്ട് ഡോസ് വാക്സിനേഷന് നിര്‍ബന്ധമാക്കിയുമുള്ള പ്രദര്‍ശനത്തില്‍ വലിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ക്ക് ആത്മവിശ്വാസം കുറവാണ്. ജനം തിയേറ്ററുകളിലെത്തിയില്ലെങ്കില്‍ നല്ല തുടക്കം കിട്ടാതിരിക്കുമോയെന്നും നിര്‍മ്മാതാക്കള്‍ക്ക് ആശങ്കയുണ്ട്. ക്രിസ്മസ് റിലീസായി പ്രഖ്യാപിച്ചിരിക്കുന്ന മരക്കാറിന് വേണ്ടി രണ്ട് വര്‍ഷം മുന്‍പേ തന്നെ തിയേറ്റര്‍ ഉടമകള്‍ മുന്‍കൂറായി പണം നല്‍കിയിരുന്നു. തിയേറ്റര്‍ ഉടമകളില്‍ നിന്ന് 10 മുതല്‍ 20 ലക്ഷം രൂപ വരെയാണ് അഡ്വാന്‍സായി വാങ്ങിയത്. പലിശയ്ക്കെടുത്ത പണമാണ് തങ്ങള്‍ നല്‍കിയതെന്ന് തിയേറ്റര്‍ ഉടമകളില്‍ പലരും ഇന്നത്തെ ഫിയോക് യോഗത്തില്‍ പരാതിപ്പെട്ടു. ഒടിടി റിലീസിന് പരിഗണിച്ചുകൊണ്ട് ആമസോണ്‍ പ്രൈമിന്റെ മുംബൈ ഓഫീസില്‍ മരയ്ക്കാറിന്റെ പ്രത്യേക പ്രീമിയര്‍ നടന്നെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നതിനേത്തുടര്‍ന്ന് വിവാദമായിരുന്നു.
മലയാളത്തില്‍ നിന്ന് ആദ്യമായി നൂറുകോടി ക്ലബ്ബില്‍ കയറിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗം ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്തത്. മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം ഒടിടിയില്‍ വമ്പന്‍ ഹിറ്റായി. ടെലിവിഷന്‍ പ്രീമിയറിലും റെക്കോര്‍ഡ് കാഴ്ച്ചക്കാരെയാണ് ദൃശ്യം 2 നേടിയത്. തിയേറ്റര്‍ തുറക്കുന്നതുവരെ കാത്തിരിക്കാന്‍ നിവൃത്തിയില്ലെന്ന നിസ്സഹായാവസ്ഥ ചൂണ്ടിക്കാട്ടിയാണ് ആന്റണി പെരുമ്പാവൂര്‍ ചിത്രം ഒടിടി റിലീസിന് നല്‍കിയത്. ബിഗ് ബജറ്റ് ചിത്രമായ മരക്കാര്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന ഉറപ്പും ആന്റണി പെരുമ്പാവൂര്‍ തിയേറ്റര്‍ ഉടമകള്‍ക്ക് നല്‍കിയിരുന്നു. മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടുമൊരുമിക്കുന്ന സസ്പെന്‍സ് ത്രില്ലര്‍ ‘ട്വല്‍ത് മാന്‍’ മൂന്നാഴ്ച്ച മുമ്പ് ഷൂട്ട് പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടന്നു. ആന്റണി പെരുമ്പാവൂര്‍ തന്നെ നിര്‍മ്മിക്കുന്ന ഈ ചിത്രം ഒടിടിയിലാകും ആദ്യം റിലീസ് ചെയ്യുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.