‘ഈ രാജ്യസ്‌നേഹികളെല്ലാം കൂടി ഇന്ത്യയെ അധഃപതിപ്പിക്കുകയാണ്’; കോഹ്ലിയുടെ വാക്കുകള്‍ പറയേണ്ടിയിരുന്നത് ഭരണ നേതൃത്വമെന്ന് സ്പീക്കര്‍

മൊഹമ്മദ് ഷമിയെ പിന്തുണച്ചതിന്റെ പേരില്‍ അധിക്ഷേപം നേരിടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് പിന്തുണയുമായി നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ്. കളത്തിന് അകത്തും പുറത്തും എക്കാലത്തെയും മികച്ച നായകനായിട്ടാവും ചരിത്രം കോഹ്ലിയെ രേഖപ്പെടുത്തുകയെന്ന് എം ബി രാജേഷ് പറഞ്ഞു. ഗൗരി ലങ്കേഷിന്റെ ക്രൂരമായ വധം ആഘോഷിച്ചവര്‍ തന്നെയാണിപ്പോള്‍ വിരാട് കോഹ്ലിയുടെ ഒമ്പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് ബലാത്സംഗ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. ഈ രാജ്യസ്‌നേഹികളെല്ലാം കൂടി എങ്ങനെയൊക്കെയാണ് ഇന്ത്യയെ അധഃപതിപ്പിക്കുന്നത്? ബഹുസ്വര ഇന്ത്യ എന്ന ആശയത്തെ ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഷമിയെ പിന്തുണച്ച കോഹ്ലിയുടെ നിലപാട്. അതാണ് രാജ്യസ്‌നേഹപരമായ നിലപാടെന്നും തൃത്താല എംഎല്‍എ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ രാഷ്ട്രീയ-ഭരണ നേതൃത്വം പറയേണ്ടിയിരുന്നതാണ് കോഹ്ലി പറഞ്ഞത്. വര്‍ഗീയവും വംശീയവുമായ ആക്രമണങ്ങളുണ്ടാകുമ്പോള്‍ അതിനെ തള്ളിപ്പറയുകയെന്നത് രാഷ്ട്രീയ നേതൃത്വത്തിന്റെ മുഖ്യ ഉത്തരവാദിത്വമാണ്.

സ്പീക്കര്‍ എം ബി രാജേഷ്

ടീം ജയിക്കുമ്പോള്‍ അഭിനന്ദനം ചൊരിയുകയും ഒപ്പം നിന്ന് ഫോട്ടോയെടുത്ത് പങ്കുപറ്റുകയും മാത്രമല്ല ചെയ്യേണ്ടതെന്ന് എം ബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു. തോല്‍വിയിലും തിരിച്ചടിയിലും ഒപ്പം നില്‍ക്കുക കൂടി ചെയ്യുന്നതാണ് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്. വെല്ലുവിളികള്‍ക്കു മുന്നില്‍ പതറാതെ നില്‍ക്കുകയും നട്ടെല്ലിന്റെ ബലം കാണിക്കുകയും നേരിനൊപ്പം നില്‍ക്കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥ നായകര്‍. ടി20 ലോക കപ്പില്‍ പാകിസ്താനെതിരായ മത്സരത്തിലെ ഇന്ത്യയുടെ പരാജയത്തിന്റെ പേരില്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയെ മതം പറഞ്ഞ് ആക്രമിച്ചതിനെതിരെ കോഹ്ലി ശക്തമായി പ്രതികരിച്ചിരുന്നു.

‘മതം പറഞ്ഞ് ഒരാളെ ആക്രമിക്കുന്നത് നട്ടെല്ലില്ലായ്മയും പരിതാപകാരവുമാണ്’ എന്നാണ് കോഹ്ലി തീവ്ര ഹിന്ദുത്വ വര്‍ഗീയവാദികളോട് പറഞ്ഞത്. അതിന്റെ പേരില്‍ അദ്ദേഹത്തിന്റെ ഒമ്പത് മാസം പ്രായമുള്ള മകള്‍ക്ക് നേരെ ബലാത്സംഗ ഭീഷണി ഉയര്‍ത്തിയിരിക്കയാണ്. ശക്തമായ പ്രതിഷേധം ഉയരേണ്ട സന്ദര്‍ഭമാണിത്. ലജ്ജ കൊണ്ട് ഭാരതീയരുടെയാകെ തല കുനിയേണ്ടതാണ്. കോഹ്ലിയുടെ മകള്‍ക്കെതിരെ ഉയര്‍ന്ന നീചമായ ഭീഷണിയിലോ ഷമി നേരിട്ട ആക്രമണത്തിലോ ക്രിക്കറ്റ് ഭരണരംഗത്തുണ്ടായിരുന്നവര്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാരിലെ ആരും പ്രതികരിച്ചതായി കണ്ടില്ല. മൗനം കൊണ്ടുള്ള ഈ സാധൂകരണം ഞെട്ടിപ്പിക്കുന്നതാണെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

കോഹ്ലി-അനുഷ്‌ക ദമ്പതികളുടെ മകളായ വാമികയ്ക്ക് നേരെ ബലാത്സംഗ ഭീഷണി ഉയര്‍ന്നതിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. കുട്ടിക്കെതിരെയുണ്ടായ ഓണ്‍ലൈന്‍ അധിക്ഷേപത്തില്‍ നടപടിയാവശ്യപ്പെട്ട് ഡല്‍ഹി വനിതാകമ്മീഷന്‍ ഡല്‍ഹി പൊലീസിന് നോട്ടീസ് അയച്ചിട്ടുണ്ട്. അത്യന്തം അപമാനകാരമാണിതെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ സ്വാതി മാലിവാള്‍ പ്രതികരിച്ചു. അന്വേഷണത്തിന്റെ വിവരങ്ങളും എഫ്ഐആറും പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തെങ്കില്‍ അവരുടെ വിവരങ്ങളും പങ്കുവെയ്ക്കണമെന്ന് വനിതാ കമ്മീഷന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നവംബര്‍ എട്ടിനകം വിവരങ്ങള്‍ നല്‍കാമെന്നാണ് ഡല്‍ഹി പൊലീസ് നല്‍കിയിരിക്കുന്ന മറുപടി.