ന്യൂഡല്‍ഹി: കേരളത്തിലേക്കുള്ള കെപിസിസി അധ്യക്ഷന്‍ ആരെന്ന പ്രഖ്യാപനം ഉടനുണ്ടാകില്ല. പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ തീരുമാനം പെട്ടെന്നെടുക്കേണ്ടെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്കാന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്കി.
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള തര്‍ക്കങ്ങള്‍ രൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനം. കൂടുതല്‍ കൂടിയാലോചന വേണമെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്.
വളരെ പരിമിതമായ സമയം കൊണ്ട് പ്രതിപക്ഷ നേതാവിനെ തീരുമാനിക്കേണ്ടി വന്നു. ആ തീരുമാനത്തോടും തീരുമാനമെടുത്ത രീതിയോടും കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നുണ്ടായ അസ്വാരസ്യങ്ങള്‍ പരിഹരിക്കണമെന്നാണ് പാര്‍ട്ടിയിലെ പൊതു ആവശ്യം.
ഈ പശ്ചാത്തലത്തില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യന്‍ ആരെന്നതില്‍ നേതാക്കളുടെ നിലപാട് താരിഖ് അന്‍വര്‍ ചോദിച്ചറിയും. വിഷയത്തില്‍ എല്ലാ മുതിര്‍ന്ന നേതാക്കളോടും ചര്‍ച്ച നിര്‍ബന്ധമായും വേണമെന്ന നിര്‍ദ്ദേശമാണ് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്നത്.
അധ്യക്ഷ സ്ഥാനത്തേക്കുള്ള ആദ്യ പരിഗണനയില്‍ കെ സുധാകരന് എംപിയുടെ പേരാണുള്ളതെങ്കിലും ഗ്രൂപ്പ് നേതാക്കള്‍ കൊടിക്കുന്നില്‍ സുരേഷ് എംപിക്കായി സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. കെ മുരളീധനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യവും പാര്‍ട്ടിക്കുള്ളിലുണ്ട്. ഇക്കാര്യങ്ങളില്‍ നേതാക്കളുടെ അഭിപ്രായം നേരിട്ടറിയാനാണ് ഹൈക്കമാന്‍ഡ് ശ്രമിക്കുന്നത്.