പുതുതായി രൂപീകരിക്കുന്ന അഫ്ഗാന് സര്‍ക്കാരിലെ ഉന്നത പദവികളില്‍ വനിതകളുണ്ടായേക്കില്ലെന്ന് താലിബാന്. സ്ത്രീകള്‍ക്കും ന്യൂനപക്ഷ ഗോത്രങ്ങള്‍ക്കും സര്‍ക്കാരില്‍ പ്രാതിനിധ്യമുണ്ടാകുമോയെന്ന ചോദ്യത്തിനാണ് മുതിര്‍ന്ന താലിബാന് നേതാവിന്റെ വിശദീകരണം. താലിബാന് രാഷ്ട്രീയകാര്യ ഓഫീസ് ഡെപ്യൂട്ടി ഹെഡ് ഇനായതുള്ഹഖ് യസീനി ബിബിസിക്ക് നല്കിയ മറുപടി ഇങ്ങനെ.
സ്ത്രീകള്‍ക്ക് അവരുടെ ജോലി തുടരാം. പക്ഷെ, ഉയര്‍ന്ന പദവികളിലോ മന്ത്രിസഭയിലോ ഒരു സ്ത്രീ ഉണ്ടായേക്കില്ല.
ഇനായതുള്ഹഖ് യസീനി
ഓഗസ്റ്റ് 31ന് അവസാന യുഎസ് സൈനികനും കാബൂള്‍ വിമാനത്താവളം വിട്ടതോടെ അമേരിക്കയുടെ പിന്മാറ്റം പൂര്‍ത്തിയായിരുന്നു. വരും ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ സര്‍ക്കാരും മന്ത്രിസഭയും രൂപീകരിക്കാനുള്ള ചര്‍ച്ചകളിലാണ് താലിബാന്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള തിരിച്ചുവരവില്‍ താലിബാന് മുന്‍പത്തേപ്പോലെ യാഥാസ്ഥിതിക മത നിയമങ്ങളും സ്ത്രീവിരുദ്ധനയവും അടിച്ചേല്പിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് അഫ്ഗാന് ജനതയും ലോകവും.

താലിബാനില്‍ നിന്ന് ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടെന്ന് ഇന്ത്യയിലെത്തിയ അഫ്ഗാന് വനിതാ എംപി അനാര്‍ക്കലി കൗര്‍ ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. താലിബാന്റെ സ്ത്രീവിരുദ്ധതയില്‍ ഒരു മാറ്റവും വന്നിട്ടില്ല. ആരോഗ്യരംഗത്ത് ഒഴികെ താലിബാന് സ്ത്രീകളെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ല. ഓഫീസില്‍ പോകാനും സ്ത്രീകള്‍ക്ക് അനുമതിയില്ല. താലിബാന് പല ഭീകരസംഘടനകളുമായും ബന്ധമുണ്ട്. അഫ്ഗാന് പൊട്ടിത്തെറിയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. അവിടെ 22 ഭീകരഗ്രൂപ്പുകള്‍ എങ്കിലും ഉണ്ടെന്ന റിപ്പോര്‍ട്ടാണ് ലഭിക്കുന്നത്. അഫ്ഗാനിസ്താന് വീണ്ടും ഭീകരസംഘടനകളുടെ കേന്ദ്രമായി മാറിയേക്കും. അത് ലോകത്തിന് വലിയ ഭീഷണിയാകുമെന്നും അഫ്ഗാന് വനിതാ എംപി ചൂണ്ടിക്കാട്ടി.