‘സമുദായ വക്താക്കളല്ല, അവര്‍ കമ്മ്യൂണിസ്റ്റുകാര്‍’; മന്ത്രിസഭ നായര്‍ കരയോഗമായെന്ന പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ചുള്ളിക്കാട്

ഭരണത്തുടര്‍ച്ചയോടെ അധികാരത്തിലേറിയ എല്‍ഡിഎഫ് മന്ത്രിസഭയില്‍ നായര്‍ പശ്ചാത്തലത്തില്‍ നിന്ന് വന്നവര്‍ക്കാണ് കൂടുതല്‍ പ്രാതിനിധ്യം ലഭിച്ചതെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. മാരകമായ പോലീസ് മര്‍ദ്ദനവും അറസ്റ്റും ജയില്‍വാസവും അടക്കം അനേകം കഷ്ടതകള്‍ സഹിച്ച് പതിറ്റാണ്ടുകള്‍ പൊതുപ്രവര്‍ത്തനം നടത്തിയവരാണ് ജനങ്ങളുടെ അംഗീകാരം നേടിയ ഇന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിമാരെന്ന് കവി പറഞ്ഞു.

അവരെ അവര്‍ ജനിച്ച സമുദായത്തിന്റെ വക്താക്കളാക്കി അവര്‍ക്കെതിരെ സാമുദായികവികാരം ഇളക്കിവിടാനുള്ള ചിലരുടെ ശ്രമം നിര്‍ഭാഗ്യകരമാണ്.

ബാലചന്ദ്രന്‍ ചുള്ളിക്കാട്

പണ്ട് സഖാവ് വെളിയം ഭാര്‍ഗ്ഗവനോട് ആരോ പറഞ്ഞുവത്രേ: ‘സിപിഐ മന്ത്രിമാരെല്ലാം ഈഴവരാണല്ലൊ’. ഉടന്‍ വെളിയം മറുപടി പറഞ്ഞു: ‘അല്ല. അവരെല്ലാം കമ്മ്യൂണിസ്റ്റുകാരാണ്’. എസ്എഫ്‌ഐ നേതാവായ സഖാവ് പി രാജീവിനെ യുഡിഎഫിന്റെ പോലീസ് തെരുവില്‍ ഭീകരമായി തല്ലുന്നതിന്റെയും അടിവസ്ത്രം മാത്രം ഇടീച്ച് അറസ്റ്റു ചെയ്തു കൊണ്ടുപോകുന്നതിന്റെയും ചിത്രങ്ങള്‍ കേരളം മറന്നിട്ടുണ്ടാവില്ലെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് പ്രതികരിച്ചു.

മന്ത്രിസഭാ രൂപീകരണത്തില്‍ ഇടതുമുന്നണി ദളിത്-പിന്നോക്ക വിഭാഗങ്ങളെ അവഗണിച്ചെന്ന വിമര്‍ശനം പുതിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരുന്നു. എല്‍ഡിഎഫ് നേതൃത്വത്തിനെതിരെ രൂക്ഷ പരിഹാസവുമായി സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം രംഗത്തെത്തി. നായര്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് ക്യാബിനറ്റില്‍ മൂന്നിലൊന്ന് പ്രാതിനിധ്യം ലഭിച്ചെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇത്. സംസ്ഥാനത്തെ 16 സംവരണ മണ്ഡലങ്ങളില്‍ 14ഉം ജയിച്ച എല്‍ഡിഎഫ് കെ രാധാകൃഷ്ണന് മാത്രമാണ് മന്ത്രിസ്ഥാനം നല്‍കിയത്. മുതിര്‍ന്ന നേതാവ് ചിറ്റയം ഗോപകുമാറിന് കൊടുത്തത് ഡെപ്യൂട്ടി സ്പീക്കര്‍ ചുമതല.

21 അംഗ ക്യാബിനറ്റില്‍ ഏഴ് പേര്‍ നായര്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ്. നിയുക്ത സ്പീക്കര്‍ എംബി രാജേഷും ചീഫ് വിപ്പ് എന്‍ ജയരാജും നായര്‍ സമുദായ പശ്ചാത്തലമുള്ളവരാണ്. സിപിഐഎമ്മിലെ നാല് മന്ത്രിമാര്‍ നായര്‍ വിഭാഗക്കാര്‍. സിപിഐയുടെ നാല് മന്ത്രിമാരില്‍ മൂന്ന് പേരും നായര്‍ സമുദായക്കാര്‍. ആകെ 37.5 ശതമാനമാണ് മന്ത്രിസഭയിലെ ‘നായര്‍ പ്രാതിനിധ്യം’. കേരളത്തിന്റെ ആകെ ജനസംഖ്യയില്‍ 12.5 ശതമാനം മാത്രമാണ് നായര്‍ വിഭാഗക്കാര്‍ എന്നിരിക്കെയാണിത്. മന്ത്രിസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് ഈഴവ വിഭാഗത്തില്‍ നിന്നുള്ളത്. കേരളത്തിലെ ജനസംഖ്യയില്‍ 23 ശതമാനമാണ് ഈഴവര്‍. ഈഴവ വിഭാഗത്തില്‍ പെട്ട 26 പേര്‍ എല്‍ഡിഎഫ് പ്രതിനിധികളായി 15-ാം നിയമസഭയിലെത്തിയിട്ടുണ്ട്.

ദളിത്-പിന്നോക്ക പശ്ചാത്തലത്തില്‍ നിന്നുള്ള എംഎല്‍എമാരുടെ എണ്ണം നാമമാത്രമാണ് യുഡിഎഫില്‍. എ പി അനില്‍കുമാര്‍, ഐസി ബാലകൃഷ്ണന്‍ എന്നീ രണ്ട് പേര്‍ മാത്രമാണ് യുഡിഎഫ് എംഎല്‍എമാരായി നിയമസഭയിലെത്തിയ ദളിത് വിഭാഗക്കാര്‍. തൃപ്പൂണിത്തുറയില്‍ ജയിച്ച കെ ബാബു മാത്രമാണ് യുഡിഎഫിലെ ഈഴവ എംഎല്‍എ.