അത് ബ്ലിസ്റ്റര്‍ ബീറ്റില്‍ അല്ല, മണിപ്പാല്‍ ബഗെന്ന നൈറോബി ഫ്‌ളൈ; പേടിച്ച് ഇരുട്ടത്തിരിക്കണ്ട, ശ്രദ്ധിക്കേണ്ടതിങ്ങനെ

വാര്‍ത്തകളിലും സമൂഹമാധ്യമങ്ങളിലും പ്രശ്‌നക്കാരനായി അവതരിക്കപ്പെടുന്ന ‘ബ്ലിസ്റ്റര്‍ ബീറ്റില്‍’ അല്ല കേരളത്തില്‍ കുഴപ്പങ്ങളുണ്ടാക്കുന്നത്. നൈറോബി ഫ്‌ളൈ, മണിപ്പാല്‍ ബഗ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഒരിനം റോവ് ബീറ്റിലാണ് യഥാര്‍ത്ഥ പ്രശ്‌നക്കാരന്‍

‘ബ്ലിസ്റ്റര്‍ ബീറ്റില്‍’ എന്നു പറഞ്ഞ് മൊത്തം ബഹളമാണ്. വലിയ ആശുപത്രികളിലെ ആധുനിക വൈദ്യശാസ്ത്ര ദര്‍സര്‍മാര്‍ മുതല്‍ ഹോമിയോപ്പതിക്കാരും ചാനലുകാരും വാട്ട്‌സാപ്പ് സര്‍വവിജ്ഞാനഅമ്മാവന്മാര്‍ വരെ കൊണ്ട് പിടിച്ച് പറഞ്ഞ് പേടിപ്പിക്കലാണ്. കാക്കനാട് ഉള്ള ഒരു അധ്യാപികയുടെ ദേഹത്ത് ഒരു പ്രാണി മൂലം കുമിളപ്പൊള്ളല്‍ ഉണ്ടായി എന്ന വാര്‍ത്തയിലാണ് തുടക്കം. രസമെന്താണെന്ന് വെച്ചാല്‍ പലരും ഈ ബീറ്റിലുകളെ കണ്ടിട്ടു പോലും ഇല്ല. ഗൂഗിളമ്മച്ചിയെ മാത്രം കണ്ട് ആധികാരികമായി പലതും പറയുകയാണ്. സെന്‍സേഷന്‍ വാര്‍ത്തകള്‍ക്ക് കാത്തിരിക്കുന്ന ഓണ്‍ലൈന്‍ ചാനലുകാരും വാര്‍ത്താ ടി വി ചാനലുകാരും ഒരു ഉത്തരവാദിത്വ ബോധവും ഇല്ലാതെ ആളുകളെ പേടിപ്പിക്കുകയാണ്. വലിയൊരു തെറ്റിദ്ധാരണ ഈ കാര്യത്തില്‍ ഉണ്ട്.

Meloidae കുടുംബത്തിലെ വണ്ടുകളെ ആണ് സാധാരണ ബ്ലിസ്റ്റര്‍ ബീറ്റില്‍ എന്ന് വിളിക്കാറ്. ഇവയല്ല കേരളത്തിലെ പുതിയ ഭയാവതാരത്തിലെ മുഖ്യകഥാപാത്രം. പക്ഷെ പലരും തെറ്റായി ഇതാണെന്നാണ് കരുതുന്നതും പ്രചരിപ്പിക്കുന്നതും. ഇവ നമ്മുടെ നാട്ടില്‍ ധാരാളം ഉള്ളതാണ്. ശരീരഭാഗം മുഴുവന്‍ മൂടുന്ന, ചിറക് ഉണ്ടാവും ഇവര്‍ക്ക്. മൊത്തം കറുപ്പോ, ചുവപ്പ്, മഞ്ഞ തുടങ്ങിയ കടുംനിറ മാര്‍ക്കുകളോടെയോ ആണ് അവ ഉണ്ടാവുക. സ്പാനിഷ് ഫ്‌ളൈ എന്നും ഇതിന് പേരുണ്ട്. അത്ര ചെറുതല്ല പലതും. ഒരു സെന്റീമീറ്ററിലും കൂടുതല്‍ വലിപ്പമുള്ള -കാഴ്ചയില്‍ ശരിക്കും വണ്ട് തന്നെ. ഇവയുടെ ശരീരത്തില്‍ മൊത്തമായി ടര്‍പ്പനോയിഡ് വിഭാഗത്തില്‍ പെട്ട കന്താറിഡില്‍ എന്ന ശക്തമായ വിഷ പദാര്‍ത്ഥം ഉണ്ട്. സ്വയം പ്രതിരോധത്തിന് പരിണാമപരമായി ആര്‍ജിച്ചതാണിത്.

നൈറോബി ഫ്‌ളൈ ബാലകൃഷ്ണന്‍ വളപ്പില്‍ പകര്‍ത്തിയ ചിത്രം

‘എന്നെ തിന്നണ്ടാ തൊടണ്ട ‘ എന്ന് വിളിച്ച് പറയുന്ന അപോസൊമാറ്റിസം എന്ന സ്വഭാവം പ്രകടിപ്പിക്കുന്നതാണ് ഷഡ്പദങ്ങളിലെ ഇത്തരം കടും വര്‍ണങ്ങള്‍. ലോകത്തെങ്ങുമായി 7,500 ഓളം സ്പീഷിസുകള്‍ ഈ വിഭാഗത്തില്‍ ഉണ്ട്. സ്പര്‍ശിച്ചാല്‍ തന്നെ തൊലിയില്‍ പൊള്ളലും കുമിളകളും ഉണ്ടാക്കാന്‍ കഴിയുന്നത്ര ഉഗ്രന്‍ ആണ് കാന്തറൈഡിന്‍. വളരെ വളരെ പണ്ട് മുതലേ ലോകത്തിലെ പല ഭാഗത്തും ചില വണ്ടുകളിലെ ഈ രൂക്ഷവസ്തുവിന്റെ സാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ചൈനയിലും മറ്റും വളരെക്കാലം ലൈംഗീക ഉത്തേജകവസ്തുവായി ഇത് ഉപയോഗിച്ചിരുന്നു. വണ്ടുകളെ ഉണക്കിപ്പൊടിച്ച് വലിയ വിലയ്ക് വില്‍പ്പന നടത്തിയിരുന്നു. പഴയകാല അപ്പോത്തിക്കിരിമാര്‍ എന്ന് വിളിക്കുന്ന ഫാര്‍മസിസ്റ്റുമാര്‍ ചില മരുന്നു കൂട്ടുകളിലും മറ്റും ഇതും കൂടി ചേര്‍ത്തിരുന്നു. സത്യത്തില്‍ ഇത്തരത്തില്‍ എന്തെങ്കിലും ഔഷധ മൂല്യം ഉണ്ടോ എന്ന കാര്യം ഇപ്പോഴും തര്‍ക്കത്തിലാണ്. തൊലിപ്പുറത്തുണ്ടാകുന്ന അരിമ്പാറകളും മറ്റും നീക്കം ചെയ്യാന്‍ ഇതു സഹായിക്കും എന്നു മാത്രമാണ് ഇതുവരെ തെളിഞ്ഞിട്ടുള്ളത്.

ബ്ലിസ്റ്റര്‍ ബീറ്റില്‍

എന്നാല്‍ ഇവരുമായി രൂപത്തില്‍ പോലും ഒട്ടും സാമ്യം ഇല്ലാത്ത, സ്റ്റാഫിലിനിഡെ (Staphylinidae) കുടുംബത്തില്‍ പെട്ട കുഞ്ഞ് വണ്ടുകളുടെ ജനുസായ പിഡിറസിലെ (Paederus) ഒരിനം റോവ് ബീറ്റില്‍ ആണ് ഇപ്പോള്‍ പ്രശ്‌നക്കാരായി അവതരിപ്പിക്കപ്പെടുന്ന ‘ബ്ലിസ്റ്റര്‍ ബീറ്റില്‍’. കാഴ്ചയില്‍ ഉറുമ്പിനെ പോലെ തോന്നിക്കുന്ന 7 മില്ലീമീറ്റര്‍ വരെ മാത്രം വലിപ്പം ഉള്ള ഇതിനെ പാമ്പുറുമ്പ് എന്ന് വിളിക്കാറുണ്ട്. ഇവരുടെ ഉള്ളിലെ ഹീമോലിംഫില്‍ (രക്തത്തിന് പകരമായി ഉള്‍ഭാഗം മുഴുവനായും നിറഞ്ഞ് നില്‍ക്കുന്ന ദ്രാവകം) ഉള്ളത് കാന്തറൈഡിന്‍ പോലെ തന്നെയുള്ള പെഡിരിന്‍ (Pederin) എന്ന അമൈഡ് ആണ്. ഇതും പൊള്ളിക്കാന്‍ ഒട്ടും മോശമല്ല. തൊലിയിലും കണ്ണുകളിലും മ്യൂക്കസ് മെംബ്രൈനിലും കഠിനമായ പൊള്ളലും കുമിളിക്കലും ഉണ്ടാക്കാന്‍ കഴിയുന്നവ തന്നെ ആണ് ഇതും. ശത്രുക്കള്‍ക്ക് എതിരെ പ്രയോഗിക്കാനുള്ള വിഷമല്ല ഇത്. ബെംബാര്‍ഡിയന്‍ ബീറ്റിലുകളെന്ന പീരങ്കി വണ്ടുകളെ പോലെ പ്രാത്യാക്രമണം ചെയ്ത് ജീവിക്കുന്നവരല്ല ഇവര്‍. യഥാര്‍ത്ഥത്തില്‍ ഈ വിഷം ഇവയുടെ ശരീരം ഉണ്ടാക്കുന്നതു പോലും അല്ല.

ഇവയുടെ ഉള്ളില്‍ തലമുറകളായി സഹജീവനം നടത്തുന്ന ചില സ്യൂഡോമോണാസ് ബാക്റ്റീരിയകള്‍ നിര്‍മ്മിക്കുന്നതാണ് പെഡിരിന്‍. ഈ ദ്രവം തൊലിയിലും കണ്ണുകളിലും ആയാല്‍ ഉണ്ടാകുന്ന ചര്‍മ്മ അവസ്ഥയ്ക്ക് Paederus dermatitis എന്നാണ് പേര്. മുഖത്തും ദേഹത്തും പൊള്ളിയ കുമിളകൾ പോലെ ഒരു ചർമ്മ രോഗവുമായി കുറേയധികം പേരെ കർണ്ണാടകത്തിലെ മണിപ്പാൽ എന്ന സ്ഥലത്ത് നിന്ന് 2007 ൽ ചികിത്സിച്ചിരുന്ന ഡോക്ടർമാരാണ് ഇത് ഒരുതരം ഷഡ്പദത്തിന്റെ ശരീരത്തിലെ വിഷം കൊണ്ട് ഉണ്ടാകുന്നതാണ് എന്ന് നമ്മുടെ നാട്ടിൽ ആദ്യം കണ്ടെത്തിയത്. അവരതിന് മണിപ്പാൽ പ്രാണി (Manipal Bug or MIT Police ) എന്നാണ് വിളിച്ചിരുന്നത്. നൈറോബിയിൽ ഇവമൂലം കൂറേ ഏറെ ആളുകൾക്ക് പ്രശ്നം ഉണ്ടായിട്ടുണ്ട്. അങ്ങിനെ ഇതിന് നൈറോബി ഫ്ലൈ എന്നും വിളിക്കാറുണ്ട്.

മണിപ്പാല്‍ ബഗ്

അറുന്നൂറിലധികം സ്പീഷിസുകൾ ലോകത്തെങ്ങുമായി ഇവരുടെ കൂട്ടത്തിൽ ഉണ്ട്. വണ്ട് എന്നൊക്കെ പറയുമെങ്കിലും ഒരു പുഴുവിനെപ്പോലെആണ് ഇവരെ ഒറ്റനോട്ടത്തിൽ തോന്നുക. കുഞ്ഞ് തലയും അതിൽ ചെറിയ ആന്റിനകളും ഉണ്ടാകും. നീളൻ ശരീരത്തിൽ മൊത്തമായി മൂടുന്ന ചിറകല്ല ഉണ്ടാവുക. മുകള്‍ഭാഗത്തായി അളവ് ചേരാത്ത കുഞ്ഞ് മേല്‍കുപ്പായം ഇട്ടതുപോലെ എലിട്ര എന്ന് വിളിക്കുന്ന ഉറപ്പുള്ള കട്ടി മേല്‍ ചിറകുകള്‍ ആണുണ്ടാകുക. ഇവ പറക്കാന്‍ ഉള്ളവ അല്ല. അടിയിലെ രണ്ടാം ചിറകിനെ പൊതിഞ്ഞ് സംരക്ഷിക്കുന്ന ഉറപ്പുള്ള ഒരു മൂടി കൂടിയാണത്. തിളങ്ങുന്ന ലോഹ നീലയോ, പച്ചയോ നിറത്തിലാണ് ഈ ചിറക് മൂടി ഉണ്ടാകുക. ശരീരത്തിലെ തലയോട് ചേര്‍ന്നുള്ള തൊറക്‌സ് ഭാഗവും പിന്‍ ഭാഗവും ഓറഞ്ച്, ചുകപ്പ് നിറത്തിലും ആണുണ്ടാകുക. ചിലവ മൊത്തം കറുത്ത നിറത്തിലും കാണാം. അവ ചിലപ്പോള്‍ ഇയര്‍വിഗ് എന്ന പ്രാണികള്‍ ആയി തെറ്റിദ്ധരിക്കാറും ഉണ്ട്.

വിശക്കുമ്പോഴും ഭയക്കുമ്പോഴും ശരീരത്തിന്റെ നീളന്‍ പിന്‍ഭാഗം മുകളിലേക്ക് വളച്ച് ഉയര്‍ത്തിപ്പിടിക്കുന്ന സ്വഭാവം ഇവര്‍ക്ക് ഉണ്ട്. ഇവര്‍ സത്യത്തില്‍ നമ്മളെ കടിക്കാറില്ല. കുത്തുകയും ചെയ്യില്ല. ചെയ്താലും അതില്‍ വലിയ വിഷവും ഉണ്ടാകില്ല. പക്ഷെ നമ്മുടെ ദേഹത്ത് അബദ്ധത്തില്‍ വന്ന് ഇഴഞ്ഞ് നടക്കുമ്പോള്‍ അതിനെ എടുത്ത് മാറ്റാനോ തട്ടിക്കളയാനോ ശ്രമിക്കുമ്പോള്‍ അറിയാതെ അമര്‍ത്തി പോകും. ചില ജോയിന്റുകളിലൂടെ ഉറുന്ന ദ്രാവകവും നമ്മുടെ തൊലിയില്‍ ആകാം. അതിനെ അമര്‍ത്തിയാല്‍ ഉള്ളിലെ മൊത്തം ഹിമോലിംഫ് അവിടം മുഴുവന്‍ ആകും. ഉറക്കത്തില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ ഇവയില്‍ അമര്‍ന്ന് പോകാം. മണിക്കൂറുകള്‍ കഴിയുമ്പോഴേക്കും ആ സ്ഥലത്ത് പൊള്ളിയ പോലെ അടയാളങ്ങളും കുമിളയും വേദനയും ഉണ്ടാകും.

പഴയകാലത്ത് ഇത്തരം വണ്ടുകള്‍ മൂലം ഉണ്ടായ പൊള്ളലുകളേയും ഹെര്‍പിസ് പോലുള്ള വൈറല്‍ രോഗങ്ങളേയും നാട്ടു വൈദ്യന്മാര്‍ ചിലര്‍ പരസ്പരം മാറി കരുതി ചികിത്സിക്കാറുണ്ട്. പലരും ഇവ രണ്ടും ‘ചിലന്തി വിഷം ‘ എന്ന പേരില്‍ ആയിരുന്നു ചികിത്സിച്ചിരുന്നത്. രാത്രികാലങ്ങളില്‍ പല ഇന്‍സെക്റ്റുകളും ഫ്‌ലൂറസെന്റ് പോലുള്ള കൃത്രിമ പ്രകാശങ്ങളോട് പ്രത്യേക താത്പര്യം കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇതുവരെയും കൃത്യമായി മനസിലാക്കാന്‍ പറ്റീട്ടില്ല. അത്തരത്തില്‍ നമ്മുടെ വീട്ടിനുള്ളില്‍ വന്നവയാണ് അബദ്ധത്തില്‍ ദേഹത്ത് വീണ് പെഡെരിന്‍ തൂവി നാശകോശം ആക്കുന്നത്.

ചെടികളിലെ പലതരം കീടങ്ങളേയും അവയുടെ ലാര്‍വകളേയും ഒക്കെ ഭക്ഷിച്ചാണ് ഇവ ജീവിക്കുന്നത്. ഈര്‍പ്പമുള്ള മണ്ണില്‍ ആണ് മുട്ടയിട്ട് വളരുന്നത്. കലാവസ്ഥാവ്യതിയാനം ഉണ്ടാക്കിയ തുടര്‍ച്ചയായ മഴയാവാം ഈ വര്‍ഷം ഇത്തരം പലതരം പ്രാണികളുടെയും പ്രജനനം കൂട്ടിയത്. കൂടാതെ ചുറ്റും ഉള്ള പറമ്പുകളിലും തൊടികളിലും കോവിഡ് മഹാമാരിക്കാലം ആയതിനാല്‍ മാസങ്ങളായി കാര്യമായ കൃഷിപ്പണികളോ വൃത്തിയാക്കലോ നടക്കാത്തതും ഒരു കാരണമാവാം. മട്ടുപ്പാവ് കൃഷി, ഇന്റീരിയര്‍ പ്ലാന്റുകള്‍ വളര്‍ത്തല്‍ എന്നിവ വ്യാപകമായതു കൊണ്ടും ഇന്‍സെക്റ്റുകളുമായി നമ്മള്‍ വളരെ നേരിട്ട് അടുത്ത് ഇട പഴകല്‍ അവസരം കൂടീട്ടുണ്ട്. , മുറ്റത്തും ഇറയത്തും കിടപ്പുമുറിയിലും നിറയെ ചെടികള്‍ വളര്‍ത്തുന്ന ഒരു ശീലം കുറച്ച് വര്‍ഷമായി നമ്മുടെ ഇടയില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. അതും ഇത്തരം വണ്ടുകളെ നമ്മുടെ വീടിനകത്തേക്ക് എത്തിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ടാകും. ഇവരെ കൂടാതെ മുപ്ലി വണ്ടുകളെന്ന ഓട്ടുറുമ – ഓലച്ചാത്തന്മാരെ വരെ ബ്ലിസ്റ്റര്‍ ബീറ്റില്‍ എന്ന് പറഞ്ഞ് തെറി പറയുന്നുണ്ട് ചിലര്‍.- അവരിലെ ഫിനോളിക് ഘടകങ്ങള്‍ ഒരു കശുവണ്ടിയുടെ ചുന കൊണ്ടുള്ള പൊള്ളലിലപ്പുറം ഒന്നും ഉണ്ടാക്കി കണ്ടിട്ടില്ല.

എത്രയോ കാലമായി ഇത്തരം വണ്ടുകള്‍ മനുഷ്യര്‍ക്ക് ഒപ്പം ഉണ്ട്. ഇതുവരെയായും വളരെ കുറച്ച് കേസുകള്‍ മാത്രമേ ലോകത്തെങ്ങും ആയി ഉണ്ടായിട്ടുള്ളു. ഒരു പകര്‍ച്ച വ്യാധിപോലെ പടര്‍ന്ന് പിടിക്കുന്ന ഒന്നല്ല ഇവ മൂലം ഉള്ള ഈ പൊള്ളല്‍. അപൂര്‍വ്വം ചിലര്‍ക്ക് കടുത്ത ത്വക് പ്രശ്‌നങ്ങളും ലക്ഷണങ്ങളും കണ്ടിട്ടുണ്ട് എന്ന് മാത്രം, പലരുടേതും കുറച്ച് ദിവസം കൊണ്ട് ആന്റി ഹിസ്റ്റമിന്‍ ഗുളികകള്‍ കഴിച്ചാല്‍ തന്നെ കുറയുന്നതാണ്. ലക്ഷക്കണക്കിന് ആളുകള്‍ താമസിക്കുന്ന ഏതെങ്കിലും സ്ഥലത്ത് ഒരു വര്‍ഷം കൊണ്ട് നൂറോ ഇരുന്നൂറോ പേര്‍ക്കൊക്കെ മാത്രമേ ഇവ മൂലം പ്രശ്‌നം ഉണ്ടായിട്ടുള്ളു എന്നതിനാല്‍ അത്രയധികം ഭയപ്പെടേണ്ട ഒരു കാര്യവും ഇല്ല ഇവയെ പേടിച്ച് വൈകുന്നേരം മുതല്‍ വിളക്കുകള്‍ അണച്ച് ഭയന്ന് വിറച്ച്, മൊബൈല്‍ പോലും ഓണാക്കാതെ ഇരുട്ടില്‍ കഴിയേണ്ട കാര്യം ഒന്നും ഇല്ല. കുറച്ച് ശ്രദ്ധിച്ചാല്‍ മതി.