എംഎസ്എഫില്‍ തര്‍ക്കം; ‘ഹരിത’യുടെ മലപ്പുറം ജില്ലാ കമ്മിറ്റിയെ തള്ളി സംസ്ഥാന സമിതി

മുസ്ലീം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫില്‍ പൊട്ടിത്തെറി. വനിതാ വിഭാഗമായ ‘ഹരിത’യുടെ മലപ്പുറം ജില്ലാ കമ്മിറ്റിയെ തള്ളി സംസ്ഥാന സമിതി രംഗത്തെത്തി. വ്യാഴാഴ്ച്ച വൈകിട്ട് മലപ്പുറം ജില്ലയിലെ ഭാരവാഹികളായി പ്രഖ്യാപിക്കപ്പെട്ടവരെ സംഘടന അംഗീകരിക്കുന്നില്ലെന്ന് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. അഡ്വ. കെ തൊഹാനിയെ പ്രസിഡന്റായും എം പി സിഫ്‌വയെ ജനറല്‍ സെക്രട്ടറിയായും സഫാന ഷംനയെ ട്രഷറര്‍ ആയും പ്രഖ്യാപിച്ചത് കീഴ് വഴക്കങ്ങള്‍ ലംഘിച്ചുകൊണ്ടാണെന്ന് സംസ്ഥാന ഘടകം പ്രസ്താവനയിറക്കി.

ഇന്നേവരെ ഹരിതയുടെ ഒരു യോഗത്തിന് പോലും പങ്കെടുക്കാത്ത മറ്റൊരു സംഘടനയില്‍ പ്രവര്‍ത്തിച്ചുപോരുന്ന, എംഎസ്എഫിന്റെ പ്രായപരിധി കഴിഞ്ഞ ചിലയാളുകള്‍ ഹരിതയുടെ മലപ്പുറം ജില്ലാ കമ്മിറ്റിയാണെന്ന വ്യാജേന നടിച്ചും പെരുമാറിയും വരുന്നതില്‍ പൊതുജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെടരുത്.

ഹരിത സംസ്ഥാന കമ്മിറ്റി

എംഎസ്എഫിന്റെ ജില്ലാ കമ്മിറ്റിയുമായി ആശയവിനിമയം നടത്തിയതിന് ശേഷം ജില്ലാ കമ്മിറ്റിയുടെ ഭാരവാഹികളെ ഹരിതയുടെ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുത്ത് പ്രഖ്യാപിക്കുന്നതാണ് കീഴ് വഴക്കം. മേല്‍ കീഴ് വഴക്കത്തിന് വിരുദ്ധമായി ചിലര്‍ ഹരിതയുടെ മലപ്പുറം ജില്ലാ കമ്മിറ്റി എന്ന പേരില്‍ ഒരു സംഘം ആളുകളെ പ്രഖ്യാപിച്ചതായി കാണുന്നു. പ്രസ്തുത സംഘത്തിന് ഹരിതയുമായി യാതൊരു ബന്ധവുമില്ല. 2018 ജൂലൈയില്‍ തെരഞ്ഞെടുക്കപ്പെട്ട നജ്വ ഹനീന പ്രസിഡന്റും എം ഷിഫ ജനറല്‍ സെക്രട്ടറിയുമായ കമ്മിറ്റിയാണ് നിലവില്‍ പ്രാബല്യത്തിലുള്ള ഹരിതയുടെ ഔദ്യോഗിക മലപ്പുറം ജില്ലാ കമ്മിറ്റിയെന്നും സംസ്ഥാന ഘടകം കൂട്ടിച്ചേര്‍ത്തു.

എംഎസ്എഫ് ജില്ലാ കമ്മിറ്റിയും ഹരിത സംസ്ഥാന സമിതിയും ചര്‍ച്ച നടത്തിയ ശേഷം നേതാക്കളെ പ്രഖ്യാപിക്കുന്നതായിരുന്നു പതിവ്. ഇതിന് പകരം എംഎസ്എഫ് ജില്ലാ കമ്മിറ്റി തന്നെ ഓണ്‍ലൈന്‍ യോഗം ചേര്‍ന്ന് ഭാരവാഹികളെ പ്രഖ്യാപിച്ചതാണ് ഹരിത സംസ്ഥാന നേതൃത്വത്തെ ചൊടിപ്പിച്ചത്. സംഘടനാ നടപടിക്രമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിന് ഹരിത സംസ്ഥാന കമ്മിറ്റി കത്ത് നല്‍കിയിട്ടുണ്ട്.