‘ആംബുലന്‍സിന് കാത്തിരുന്നെങ്കില്‍ ഒരു ജീവന്‍ നഷ്ടപ്പെട്ടേനെ’; കൊവിഡ് രോഗിയെ ചികിത്സിച്ച ഡോക്ടര്‍; ‘അവര്‍ കാണിച്ച ധൈര്യത്തോട് ബഹുമാനം’

അത്യാസന്ന നിലയിലായ കൊവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പ്രശംസിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍. കൊണ്ടുവരുമ്പോള്‍ രോഗി പകുതി അബോധാവസ്ഥയിലായിരുന്നെന്ന് കൊവിഡ് ബാധിതനെ ആദ്യം ചികിത്സിച്ച സാഗര സഹകരണ ആശുപത്രി കാഷ്വല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. വിഷ്ണുജിത്ത് ആര്‍ പറഞ്ഞു.

കണ്ടപ്പോള്‍ തന്നെ എമര്‍ജന്‍സി ആണെന്ന് മനസിലായി. പേഷ്യന്റിനെ അകത്തേക്കു കിടത്തി. പകുതി അബോധാവസ്ഥയിലായിരുന്നു രോഗി. പള്‍സ് റേറ്റ്, റെസ്പിറേറ്ററി റേറ്റ് കൂടുതലായി നില്‍ക്കുന്നു. ഓക്‌സിജന്‍ സാച്ചുറേഷന്‍ കുറവ്. ഉടനെ തന്നെ വേണ്ട ചികിത്സ നല്‍കി.

ഡോ. വിഷ്ണുജിത്ത് ആര്‍

ആംബുലന്‍സ് എത്താന്‍ കാത്തു നില്‍ക്കാതെ കിട്ടിയ വണ്ടിയില്‍ കയറി, 100 മീറ്റര്‍ ദൂരം കഷ്ടിച്ച് ഇല്ലാത്ത സഹകരണ ആശുപതിയിലേക്കു അവര്‍ കൊണ്ടുവന്നു. അശ്വിനും രേഖയും കാട്ടിയ ധൈര്യത്തോട് ബഹുമാനം തോന്നി. ഒരു പക്ഷെ അവര്‍ ആംബുലന്‍സിനു വേണ്ടി കാത്തു നിന്നിരുന്നേല്‍ 36 വയസുള്ള ഒരു ജീവന്‍ നഷ്ടപ്പെട്ടേനെയെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടി.

ഡോക്ടറുടെ പ്രതികരണം

കോവിഡ് രോഗിയെ ബൈക്ക് ല്‍ ചികിത്സയ്ക്ക് കൊണ്ട് പോയത്രേ. അതും ഈ കേരളത്തില്‍. ഇതാണ് സംഭവിച്ചത്. ഇവര്‍ ബൈക്കില്‍ എത്തിച്ചത് സാഗര സഹകരണ ആശുപത്രി, പുന്നപ്രയിലേക്കാണ്. ആദ്യം പേഷ്യന്റിനെ കണ്ടതും ചികിത്സ നല്‍കിയതും കാഷ്വല്‍റ്റി മെഡിക്കല്‍ ഓഫീസര്‍ ആയി വര്‍ക്ക് ചെയ്യുന്ന ഞാനാണ്. ആദ്യം കണ്ട കാഴ്ച ബൈക്ക് ല്‍ പിപിഇ കിറ്റ് ധരിച്ചു രണ്ട് പേര്‍. നടുവിലായി രോഗി. കണ്ടപ്പോള്‍ തന്നെ എമര്‍ജന്‍സി ആണെന്ന് മനസിലായി.

പേഷ്യന്റിനെ അകത്തേക്കു കിടത്തി. പകുതി അബോധാവസ്ഥയിലായിരുന്നു രോഗി. പള്‍സ് റേറ്റ്, റെസ്പിറേറ്ററി റേറ്റ് കൂടുതലായി നില്‍ക്കുന്നു. ഓക്‌സിജന്‍ സാച്ചുറേഷന്‍ കുറവ്. ഉടനെ തന്നെ വേണ്ട ചികിത്സ നല്‍കി. എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചു. അപ്പോളാണ് അറിയുന്നത് ഡോമിസിലറി കെയര്‍ സെന്ററിലെ രോഗി ആണെന്നും കൊണ്ട് വന്ന രണ്ട് പേരും സന്നദ്ധപ്രവര്‍ത്തകര്‍ ആണെന്നും രാവിലെ ഭക്ഷണം നല്‍കാന്‍ പോയപ്പോള്‍ ആണ് രോഗിയുടെ ഈ അവസ്ഥ കണ്ടതെന്നും. ഉടനെ തന്നെ ആംബുലന്‍സ് വിളിച്ചു എന്നും പറഞ്ഞു. എന്നാല്‍ ആംബുലന്‍സ് എത്താന്‍ കാത്തു നില്‍ക്കാതെ കിട്ടിയ വണ്ടിയില്‍ കയറി, 100 മീറ്റര്‍ ദൂരം കഷ്ടിച്ച് ഇല്ലാത്ത സഹകരണ ആശുപതിയിലേക്കു കൊണ്ട് വന്നതെന്നും.

അവര്‍ കാട്ടിയ ധൈര്യത്തോട് ബഹുമാനം തോന്നി. ഒരു പക്ഷെ അവര്‍ ആംബുലന്‍സിനു വേണ്ടി കാത്തു നിന്നിരുന്നേല്‍ 36 വയസുള്ള ഒരു ജീവന്‍ നഷ്ടപ്പെട്ടേനെ. വേണ്ട പ്രാഥമിക ചികിത്സ നല്‍കി കഴിഞ്ഞപ്പോള്‍ രോഗിയ്ക്ക് ബോധം വന്നു തുടങ്ങി. പ്രശ്‌നങ്ങള്‍ ചോദിച്ചപ്പോള്‍ ചെറിയൊരു നെഞ്ച് വേദനയും ഉണ്ടെന്ന് പറഞ്ഞു. ഉടന്‍ തന്നെ ഇസിജി എടുത്തു. ഇസിജിയിലും കുഴപ്പമില്ല. അപ്പോളേക്കും രോഗിയെ കൊണ്ട് പോകാനുള്ള ആംബുലന്‍സും എത്തി. ജനറല്‍ ഹോസ്പിറ്റല്‍ കോവിഡ് ട്രയാഷിലേക്ക് രോഗിയെ ഷിഫ്റ്റ് ചെയ്തു. അവസരോചിതമായി ഇടപെട്ട് ഒരു കോവിഡ് രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ പ്രവര്‍ത്തിച്ച, സന്നദ്ധ പ്രവര്‍ത്തകരായ അശ്വിന്‍ ഉം രേഖയ്ക്കും അഭിനന്ദനങ്ങള്‍.