പാലക്കാട് കാടാങ്കോട് സംഘ്പരിവാര്‍ സംഘടനയായ സേവാഭാരതി പൊലീസിനൊപ്പം ലോക്ഡൗണ്‍ പിക്കറ്റിങ്ങ് നടത്തിയ സംഭവത്തില്‍ വിശദീകരണവുമായി പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷന്. പൊലീസിനെ സഹായിക്കാനെത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍ സംഘടനയുടെ ബനിയനിട്ട് വന്നതാണ് പ്രശ്നമായതെന്ന് ടൗണ്‍ സൗത്ത് സിഐ ജോയ് ന്യൂസ്റപ്റ്റിനോട് പ്രതികരിച്ചു. മുനിസിപ്പാലിറ്റി-പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരോട് ആവശ്യപ്പെടുന്നതിന് അനുസരിച്ച് അവര്‍ നിര്‍ദ്ദേശിച്ച് അയക്കുന്നവരെയാണ് പൊലീസ് ലോക്ഡൗണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം കൂട്ടുന്നതെന്നും സിഐ പറഞ്ഞു.
ഇങ്ങനൊരു നിറമുണ്ടാകുമെന്ന് അറിയില്ലായിരുന്നു. പൊലീസിന് ആരോടും പ്രത്യേക താല്പര്യങ്ങള് വെയ്ക്കേണ്ട കാര്യമില്ല.
സിഐ ജോയി
പൊലീസ് പറഞ്ഞത്
“പൊലീസിന്റെ അംഗസംഖ്യ കുറവുവന്നതുകൊണ്ട് ഞങ്ങള്‍ കുറച്ച് വൊളന്റിയേഴ്സിനെ ആവശ്യപ്പെട്ടു. അറുപതോളം വളന്റിയര്മാരുണ്ടായിരുന്നു. അവരില്‍ രണ്ട് പേര് പ്രത്യേക ഡ്രസ് ഇട്ട് വന്നു. അതൊരു വീഴ്ച്ചയായി വന്നപ്പോള്‍, പരാതി വന്നപ്പോള്‍ തന്നെ അവരെ മാറ്റി. പൊലീസ് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ആവശ്യപ്പെട്ടാണ് സന്നദ്ധ പ്രവര്‍ത്തകരെ എടുക്കുക. കൊവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പൊലീസിനെ സഹായിക്കാന്‍ വന്നതാണ് അവര്‍. പാര്‍ട്ടി നോക്കിയല്ല സന്നദ്ധ പ്രവര്‍ത്തകരെ ക്ഷണിക്കുന്നത്. നിങ്ങള്‍ ആര്‍എസ്എസുകാരനാണോ സിപിഐഎമ്മുകാരനാണോ കോണ്‍ഗ്രസുകാരനാണോ എന്ന് ചോദിച്ച് അവരെ എടുക്കാന്‍ കഴിയില്ല. വാര്‍ഡ് മെമ്പര്‍ തരുന്നതിന് അനുസരിച്ചാണ് ആളുകളെ എടുക്കുന്നത്. ബനിയന് മാത്രമാണ് പ്രശ്നമായത്. ഇങ്ങനൊരു നിറമുണ്ടാകുമെന്ന് അറിയില്ലായിരുന്നു. പൊലീസിന് ആരോടും പ്രത്യേക താല്പര്യങ്ങള് വെയ്ക്കേണ്ട കാര്യമില്ല.”

പൊലീസിനൊപ്പം സേവാഭാരതി പ്രവര്‍ത്തകര്‍ പരിശോധന നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നതോടെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. സേവാഭാരതി പാലക്കാട് എന്നെഴുതിയ ടീഷര്‍ട്ടും കാക്കി പാന്റും ധരിച്ചായിരുന്നു സംഘടനാ പ്രവര്‍ത്തകര്‍ നിരത്തിലിറങ്ങിയത്. വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തുകയും പ്രവര്‍ത്തകര്‍ യാത്രക്കാരോട് വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ചിലര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മാസ്ക് മുഖത്തുനിന്നും താഴ്ത്തിവെച്ചും ദേഹത്ത് സ്പര്‍ശിച്ചുമാണ് യാത്രക്കാരോട് സംസാരിക്കുന്നത്. വിമര്‍ശനം കടുത്തതോടെ ഇവരെ ഉപയോഗിച്ചുള്ള പരിശോധന പൊലീസ് നിര്‍ത്തിവെച്ചു.
സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും നിയുക്ത എംഎല്‍എയുമായ ടി സിദ്ദീഖ് രംഗത്തെത്തി. പോലീസിന്റെ അധികാരം സേവാ ഭാരതിക്ക് നല്‍കുന്നത് ശരിയാണോ എന്ന് പരിശോധിക്കണം. പോലീസിനെ സംഘടനകള്‍ സഹായിക്കേണ്ടത് അധികാരം പങ്കിട്ട് കൊണ്ടാവരുത്. ഉത്തരേന്ത്യ അല്ല കേരളം എന്ന് മാത്രം പറയുന്നു എന്നും സിദ്ദീഖ് ഫേസ്ബുക്കില്‍ കുറിച്ചു.