യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗൊരഖ്പൂരില്‍ സംഘടിപ്പിച്ച റാലിയില്‍ ബിജെപി സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. യോഗി ഭരണത്തിന് കീഴില്‍ ദളിതരും നെയ്ത്തുകാരും പിന്നോക്ക വിഭാക്കാരും, പാവപ്പെട്ടവരും ന്യൂനപക്ഷ വിഭാഗക്കാരും ബ്രാഹ്മണരും ചൂഷണം ചെയ്യപ്പെട്ടെന്ന് പ്രിയങ്ക പറഞ്ഞു. യോഗി ആദിത്യനാഥ് ഗുരു ഗൊരഖ്നാഥിന്റെ ആദര്ശങ്ങള്ക്കെതിരായാണ് ഭരണം നടത്തുന്നത്. ദിവസേനയെന്നോണം ഈ സര്‍ക്കാര്‍ ജനങ്ങളെ ആക്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രിയങ്ക പ്രസംഗിച്ചു.
കൊവിഡ് വ്യാപനത്തിന്റെ സമയത്ത് മൃതദേഹങ്ങള്‍ പുഴയിലൂടെ ഒഴുകി നടക്കുന്നത് കാണാമായിരുന്നു. ആരോഗ്യ സേവന മേഖല ശോചനീയമായ അവസ്ഥയിലാണ്.
പ്രിയങ്കാ ഗാന്ധി
കഴിഞ്ഞ നാലര വര്‍ഷമായി യുപി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും പ്രിയങ്ക വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ തങ്ങള്‍ ചെയ്യാന്‍ പോകുന്നതിന്റെ പട്ടിക തയ്യാറാക്കുകയാണ് സര്‍ക്കാര്‍. സംസ്ഥാനത്ത് ഗുരുതരമായ വളം ദൗര്‍ലഭ്യം നിലനില്‍ക്കുകയാണെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. വിളകളും കര്‍ഷകരുടെ വളവും വ്യവസായികള്‍ക്ക് വിറ്റുകൊണ്ടിരിക്കുകയാണ്. വളം വാങ്ങാന്‍ ക്യൂവില്‍ നില്ക്കുന്ന കര്‍ഷകര്‍ മരിച്ചുകൊണ്ടിരിക്കുന്നു. ലളിത്പൂരിലെ നാല് വീടുകള്‍ ഞാന്‍ സന്ദര്‍ശിച്ചു. അവിടെ വളം ലഭിക്കാത്തതിനേത്തുടര്‍ന്ന് രണ്ട് പേര് ആത്മഹത്യ ചെയ്തു. രണ്ട് പേര് മരിച്ചത് വളം വാങ്ങാന്‍ ക്യൂ നിന്നപ്പോഴാണ്. അവരുടെ വീട്ടിലെ ഇല്ലായ്മ ഞാന്‍ കണ്ടു. 3-4 ലക്ഷം രൂപയുടെ കടത്തിലാണ് അവരെ അടക്കം ചെയ്തത്. ഇത്തരം കാഴ്ച്ചകളാണ് താന്‍ എല്ലായിടത്തും കാണുന്നതെന്നും പ്രിയങ്ക പറഞ്ഞു.
ഏഴ് പതിറ്റാണ്ടിന്റെ കഠിനാധ്വാനം ബിജെപി ഏഴ് വര്‍ഷം കൊണ്ട് ഇല്ലാതാക്കി. രാജ്യത്തെ എല്ലാ സമ്പത്തും അവര്‍ വിറ്റുകളഞ്ഞു.
പ്രിയങ്കാ ഗാന്ധി
കോണ്‍ഗ്രസ് റെയിലുകളും റോഡുകളും വിമാനത്താവളങ്ങളുമുണ്ടാക്കി നിങ്ങള്‍ക്ക് തന്നു. അവര്‍ അവ ഓരോന്നായി വിറ്റുകൊണ്ടിരിക്കുകയാണ്. ചെറുപ്പക്കാര്‍ക്ക് ഇന്ന് ജോലിയില്ല. യുപിയില്‍ മാത്രം തൊഴില്‍ രഹിതരായ അഞ്ച് കോടി യുവാക്കളുണ്ട്. ഓരോ ദിവസവും മൂന്ന് യുവാക്കള്‍ ആത്മഹത്യ ചെയ്യുന്നു. പത്ത് ലക്ഷം സര്‍ക്കാര്‍ ജോലികള്‍ ഒഴിഞ്ഞു കിടക്കുന്നു. നിയമനത്തില്‍ അഴിമതി നടക്കുന്നു. പാവപ്പെട്ടവന് ഈ സര്‍ക്കാര്‍ ജോലി നല്‍കില്ല. ലഖിംപൂര്‍ ഖേരി കൊലകളിലെ പ്രതിയായ ആശിഷ് മിശ്രയുടെ പിതാവ് അജയ് മിശ്രയ്ക്കൊപ്പം വേദി പങ്കിട്ട അമിത് ഷാ രാജ്യത്ത് കുറ്റകൃത്യം കുറഞ്ഞെന്ന് അവകാശപ്പെടുകയാണെന്ന് പ്രിയങ്ക പരിഹസിച്ചു.
ബിജെപി സര്‍ക്കാരിന് കീഴില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു. ഞാനെന്റെ സഹോദരിമാര്‍ക്ക് വേണ്ടി പോരാടും. അതിന് ശക്തിപകരും.
പ്രിയങ്കാ ഗാന്ധി
ഇന്ദിരാ ഗാന്ധിയുടെ ചരമവാര്‍ഷിക ദിനം കൂടിയായ ഇന്ന് തന്റെ മുത്തശ്ശിയേക്കുറിച്ചും പ്രിയങ്ക പരാമര്‍ശം നടത്തി. താന്‍ കൊല്ലപ്പെടുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. പക്ഷെ, അവര്‍ മുട്ടുകുത്താന്‍ തയ്യാറായിരുന്നില്ല. നിങ്ങള്‍ അവരില്‍ അര്‍പ്പിച്ച വിശ്വാസത്തേക്കാള്‍ വലുതായി ഒന്നുമില്ല. അവര്‍ പഠിപ്പിച്ച കാര്യങ്ങളാണ് നിങ്ങളുടെ മുന്നില്‍ എന്നെ നിര്‍ത്തുന്നത്. ഞാനും നിങ്ങളുടെ വിശ്വാസത്തെ തകര്‍ക്കില്ല.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ഷക വായ്പകള്‍ എഴുതിത്തള്ളും. ഞങ്ങളുടെ വാഗ്ദാനങ്ങള്‍ നടപ്പാക്കും. മത്സ്യ കര്‍ഷകര്‍ക്ക് കാര്‍ഷിക പരിഗണന നല്‍കും. അരിക്കും ഗോതമ്പിനും 2,500 രൂപ താങ്ങുവില കൊണ്ടുവരും. കരിമ്പ് 400 രൂപയ്ക്ക് സര്‍ക്കാര്‍ ഏറ്റെടുക്കും. 20 ലക്ഷം ചെറുപ്പക്കാര്‍ക്ക് ജോലി നല്‍കും. കരാര്‍ ജീവനക്കാര്‍ക്ക് സ്ഥിരം തൊഴില്‍ നല്‍കും. ഏതുരോഗത്തിനും 10 ലക്ഷം രൂപ വരെയുള്ള ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കും. സ്ത്രീകളുടെ ബസ് യാത്ര സൗജന്യമാക്കുമെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.