പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് ജില്ലാ ആശുപത്രിയില്‍ ശുചീകരണത്തൊഴിലാളികളായി താല്‍ക്കാലിക നിയമനം നല്‍കിയതിനെതിരെ കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. കെ സുധാകരനുമായുള്ള ബ്രണ്ണന്‍ കോളേജ് സംഘട്ടന തര്‍ക്കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ‘പ്രത്യേക തരം ആക്ഷന്‍’ പരാമര്‍ശം കടമെടുത്താണ് ബല്‍റാമിന്റെ പരിഹാസം.
പെരിയ ഇരട്ട കൊലപാതകക്കേസിലെ ഒന്നാം പ്രതിയുടെ ഭാര്യക്ക് ഒന്നാം റാങ്ക്, രണ്ടാം പ്രതിയുടെ ഭാര്യക്ക് രണ്ടാം റാങ്ക്, മൂന്നാം പ്രതിയുടെ ഭാര്യക്ക് മൂന്നാം റാങ്ക്. നോക്കൂ, എന്ത് കിറുകൃത്യമാണ് കാര്യങ്ങള്‍!
വി ടി ബല്‍റാം
450 പാവപ്പെട്ട അപേക്ഷരെ പറഞ്ഞു പറ്റിച്ച് ആശുപത്രി അധികൃതകര്‍ പ്രഹസന ഇന്റര്‍വ്യൂവാണ് നടത്തിയതെന്ന് ബല്‍റാം ആരോപിച്ചു. പൊതുപണമുപയോഗിച്ച് കൊലക്കേസ് പ്രതികളുടെ കുടുംബങ്ങളെ സംരക്ഷിക്കുന്ന സിപിഐഎമ്മിന്റെ ഈ ‘പ്രത്യേക തരം ഏക്ഷനെ’ക്കുറിച്ചു കൂടി കേരളം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനേയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി പീതാംബരന്റെ ഭാര്യ പി മഞ്ജുഷ, രണ്ടാം പ്രതി സജി സി ജോര്‍ജിന്റെ ഭാര്യ ചിഞ്ചു ഫിലിപ്പ്, മൂന്നാം പ്രതി കെ എം സുരേഷിന്റെ ഭാര്യ എസ് ബേബി എന്നിവര്‍ക്ക് ആറ് മാസത്തേക്കാണ് നിയമനം ലഭിച്ചത്. നാല് ഒഴിവുകളിലേക്ക് ജില്ലാ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി നേരിട്ടാണ് അഭിമുഖം നടത്തിയത്. മഞ്ജുഷയ്ക്ക് 78 മാര്‍ക്കും ചിഞ്ചുവിനും ബേബിക്കും 77 മാര്‍ക്ക് വീതവും ലഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം നേതാവുമായ ബേബി ബാലകൃഷ്ണനാണ് എച്ച്എംസി ചെയര്‍പേഴ്സണ്‍.