ഈ വൈറസ് സമഗ്രാധിപത്യത്തെ പ്രണയിക്കുന്നു

ഞങ്ങള്‍ക്കൊരു സര്‍ക്കാരിനെ വേണം, ഇല്ലാതെ പറ്റില്ല, ഞങ്ങള്‍ക്ക് വേണ്ടിയൊരു സര്‍ക്കാരില്ല. ഞങ്ങള്‍ക്ക് പ്രാണവായു ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഞങ്ങള്‍ മരിച്ചുകൊണ്ടിരിക്കുന്നു. സഹായം കൈയിലുണ്ടായിട്ടും അത് എന്ത് ചെയ്യണമെന്ന് അറിയുന്ന സംവിധാനങ്ങള്‍ ഞങ്ങള്‍ക്കില്ല. എന്ത് ചെയ്യാനാകും? ഇവിടെ? ഇപ്പോള്‍?

2024 വരെ കാത്തിരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. എന്തിനെങ്കിലും വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് അഭ്യര്‍ത്ഥിക്കേണ്ടി വരുമെന്ന് എന്നേപ്പോലുളള ആളുകള്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല. വ്യക്തിപരമായി പറയട്ടെ, അങ്ങനെ അപേക്ഷിക്കുന്നതിനേക്കാള്‍ ഞാന്‍ തെരഞ്ഞെടുക്കുക ജയിലില്‍ പോകാനാണ്. പക്ഷെ, ഇന്ന് ഞങ്ങള്‍ ഞങ്ങളുടെ വീടുകളില്‍, തെരുവുകളില്‍, ആശുപത്രി കാര്‍ പാര്‍ക്കിങ്ങുകളില്‍, വന്‍ നഗരങ്ങളില്‍, ചെറുപട്ടണങ്ങളില്‍, ഗ്രാമങ്ങളില്‍, വനങ്ങളില്‍ വയലുകളില്‍ മരിച്ചുകൊണ്ടിരിക്കുമ്പോള്‍- ഒരു സാധാരണ സ്വകാര്യവ്യക്തിയെന്ന നിലയില്‍ ഞാന്‍ എന്റെ ആ അഭിമാനം വിടുകയാണ്. പ്ലീസ് സര്‍, ദയവായി ഇറങ്ങിപ്പോകൂ എന്ന് പറയുന്ന, ദശലക്ഷക്കണക്കായ എന്റെ സഹപൗരന്‍മാര്‍ക്കൊപ്പം ചേരാനായി. ഈ സമയത്തേക്ക് ആയെങ്കിലും ഞാന്‍ യാചിക്കുകയാണ്. താഴെയിറങ്ങൂ.

ഈ പ്രതിസന്ധി നിങ്ങളുണ്ടാക്കിയതാണ്. അത് പരിഹരിക്കാന്‍ താങ്കള്‍ക്ക് ശേഷിയില്ല. ഇത് രൂക്ഷമാക്കാനേ നിങ്ങള്‍ക്ക് കഴിയൂ. ഭയത്തിന്റേയും വിദ്വേഷത്തിന്റേയും അജ്ഞതയുടേയും അന്തരീക്ഷത്തിലാണ് ഈ വൈറസ് പെരുകുന്നത്. തുറന്ന് പറയുന്നവരെ താങ്കള്‍ അടിച്ചമര്‍ത്തുമ്പോള്‍ അത് പെരുകുന്നു. യഥാര്‍ത്ഥ സത്യം അന്താരാഷ്ട്ര മാധ്യമങ്ങള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്രത്തോളം, നിങ്ങള്‍ മാധ്യമങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ അത് പെരുകുന്നു.

ഇത്ര വര്‍ഷമിരുന്നിട്ടും ഒരിക്കല്‍ പോലുമൊരു വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ക്കാത്ത, മരവിപ്പിക്കുന്ന ഈ ഭീകര നിമിഷത്തില്‍ പോലും ചോദ്യങ്ങള്‍ നേരിടാന്‍ അശക്തനായ ഒരു പ്രധാനമന്ത്രി ഞങ്ങള്‍ക്കുണ്ടാകുമ്പോള്‍ വൈറസുകള്‍ പെരുകും.

നിങ്ങള്‍ രാജിവെച്ചില്ലെങ്കില്‍ ഞങ്ങളില്‍ ലക്ഷക്കണക്കിന് പേര്‍ വെറുതെ മരിക്കും. അതുകൊണ്ട്, നിങ്ങളുടെ അന്തസിന് കോട്ടം വരുത്താതെ ഇപ്പോള്‍ തന്നെ പെട്ടിയുമെടുത്ത് പോയിത്തരൂ. ഏകാന്തതയും ധ്യാനവുമൊക്കെയായി താങ്കള്‍ക്ക് നല്ലൊരു ജീവിതം നയിക്കാം. അതാണ് നിങ്ങള്‍ക്ക് വേണ്ടതെന്ന് നിങ്ങള്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഈ കൂട്ടമരണങ്ങള്‍ തുടരാന്‍ അനുവദിക്കുകയാണെങ്കില്‍ അത് നടന്നേക്കില്ല.

താങ്കളുടെ പാര്‍ട്ടിയില്‍ നിങ്ങളുടെ സ്ഥാനമേറ്റെടുക്കാന്‍ നിരവധി പേരുണ്ട്. ഈ പ്രതിസന്ധി കാലത്തുപോലും രാഷ്ട്രീയ എതിരാളികളോട് പകരം വീട്ടാന്‍ അറിയാവുന്നവര്‍. ആര്‍എസ്എസിന്റെ അനുവാദത്തോടെ താങ്കളുടെ പാര്‍ട്ടിയില്‍ നിന്ന് വരുന്ന ആ ആള്‍ ആരായിരുന്നാലും സര്‍ക്കാരിനേയും ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റിയേയും നയിക്കാനാകും.

KOLKATA, INDIA – APRIL 1: PM Narendra Modi gestures during a public rally for West Bengal Assembly Election, at Jaynagar, in South 24 Parganas, on April 1, 2021 in Kolkata, India. Addressing a BJP rally on Thursday, PM Modi responded to TMC’s criticism of his recent visit to temples in Bangladesh. (Photo by Samir Jana/Hindustan Times via Getty Images)

സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കുറച്ച് പ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ കഴിയും, എല്ലാ പാര്‍ട്ടികള്‍ക്കും പ്രാതിനിധ്യം ലഭിച്ചെന്ന തോന്നലുണ്ടാക്കാവുന്ന വിധത്തില്‍. ദേശീയ പാര്‍ട്ടിയായതുകൊണ്ട് കോണ്‍ഗ്രസിനും കമ്മിറ്റിയില്‍ ഇടം നേടാം. പിന്നെ ശാസ്ത്രജ്ഞര്‍, പൊതുജനാരോഗ്യ വിദഗ്ധര്‍, ഡോക്ടര്‍മാര്‍, അനുഭവ പരിചയമുള്ള ബ്യൂറോ ക്രാറ്റുകള്‍. താങ്കള്‍ക്കിത് മനസിലായേക്കില്ല. പക്ഷെ, ഇതിനെയാണ് ജനാധിപത്യമെന്ന് പറയുന്നത്. പ്രതിപക്ഷ മുക്തമായ ഒരു ജനാധിപത്യമുണ്ടാക്കല്‍ അസാധ്യമാണ്. അതിനെ സമഗ്രാധിപത്യമെന്നാണ് പറയുക. ഈ വൈറസ് സമഗ്രാധിപത്യത്തെ പ്രണയിക്കുന്നു.

ലോകത്തിന് തന്നെ ഭീഷണിയായിക്കൊണ്ട്, അന്താരാഷ്ട്ര പ്രശ്‌നമായി വലുതായിക്കൊണ്ടിരിക്കുകയാണ് രാജ്യത്തെ രോഗവ്യാപനം. താങ്കള്‍ ഇപ്പോള്‍ ഇറങ്ങിപ്പോയില്ലെങ്കില്‍, താങ്കളുടെ കഴിവില്ലായ്മ മറ്റ് രാജ്യങ്ങള്‍ക്ക് നമ്മുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനും ചുമതലയേറ്റെടുക്കാനും അവസരം നല്‍കും. അത് നാം പൊരുതി നേടിയ പരമാധികാരം അടിയറവെയ്ക്കലാകും. ഇത് ഗൗരവമായി കാണേണ്ട ഒരു സാധ്യതയാണ്. അതിനെ അവഗണിക്കരുത്.

അതുകൊണ്ട് ദയവായി പോകൂ. നിങ്ങള്‍ക്ക് ഏറ്റവും ഉത്തരവാദിത്തത്തോടെ ഇനി ചെയ്യാനുളള കാര്യം അതാണ്. ഞങ്ങളുടെ പ്രധാനമന്ത്രിയായിരിക്കാനുള്ള എല്ലാ ധാര്‍മ്മിക അവകാശവും നിങ്ങള്‍ നഷ്ടപ്പെടുത്തിയിരിക്കുന്നു.

അരുന്ധതി റോയ് ദ സ്‌ക്രോളില്‍ എഴുതിയ ലേഖനത്തിന്റെ പരിഭാഷ