‘ചേട്ടന്‍ സൈമണ്‍ ബ്രിട്ടോയെ കുത്തിയ കഥ കേട്ടിട്ടുണ്ടെന്ന് ഫഹദ് പറഞ്ഞു’; 85 ദിവസം ജയിലില്‍ കിടന്നതിന് കെട്ടുകഥകളേറെയെന്ന് ബാബുരാജ്

കോളേജ് കാലത്ത് ഒരു കേസില്‍ പെട്ട് ജയിലില്‍ പോയതിന്റെ പേരില്‍ തന്നേക്കുറിച്ച് ഇപ്പോഴും ധാരാളം കെട്ടുകഥകള്‍ നിലനില്‍ക്കുകയാണെന്ന് നടന്‍ ബാബുരാജ്. കോളജ് കാലത്തു മാത്രം ആണ് കുരുത്തക്കേട് കാട്ടിയതെങ്കിലും ഇപ്പോഴും കഥകള്‍ക്ക് ഒരു കുറവുമില്ലെന്ന് നടന്‍ പറഞ്ഞു. വനിത വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബാബുരാജിന്റെ പ്രതികരണം.

‘ജോജി’യുടെ സെറ്റില്‍ വന്ന ഫഹദ് എന്നോട് പറഞ്ഞു, ‘ചേട്ടന്‍ സൈമണ്‍ ബ്രിട്ടോയെ കുത്തിയ കഥയൊക്കെ കേട്ടിട്ടുണ്ട്’ എന്ന്.

ബാബുരാജ്

‘എടാ മോനെ, അതൊക്കെ കെട്ടുകഥയാണ്, അന്ന് ഞാന്‍ മഹാരാജാസില്‍ പഠിക്കുന്നു പോലുമില്ല’ എന്നു പറഞ്ഞു. സുന്ദരിയായ ഒരു കോളജ് ലക്ചററെ ഞാന്‍ ചുംബിച്ചു എന്നൊരു കഥയും ഉണ്ട്. സത്യത്തിലത് ഷാജി കൈലാസിന്റെ സിനിമയില്‍ താന്‍ അവതരിപ്പിച്ച ഒരു സീനാണെന്നും ബാബുരാജ് ചൂണ്ടിക്കാട്ടി.

മഹാരാജാസ് കാലവും ജയില്‍ ജീവിതവും മറക്കാന്‍ പറ്റില്ല. എനിക്കു വേണ്ടി ഒരു കാലത്തും ഒരു പ്രശ്‌നവും ഞാന്‍ ഉണ്ടാക്കിയിട്ടില്ല. കോളേജ് കാലത്ത് രാഷ്ട്രീയത്തില്‍ ഇറങ്ങുമ്പോള്‍ രാഷ്ട്രീയം ജീവിതത്തെ ഇത്ര ബാധിക്കും എന്നറിഞ്ഞിരുന്നില്ല. രാഷ്ട്രീയ കേസുകളില്‍ പല വട്ടം പെട്ടിട്ടുണ്ട്. പക്ഷെ, ജയിലില്‍ പോകേണ്ടി വന്ന കേസില്‍ മരിച്ച ആളെ ഞാന്‍ കണ്ടിട്ട് പോലും ഇല്ലായിരുന്നു. മരിച്ച ആള്‍ ഒരു തിയറ്ററിലെ ജീവനക്കാരന്‍ ആയിരുന്നു. രാഷ്ട്രീയമാനം ഉള്ളതിനാല്‍ അതില്‍ എന്നെ പെടുത്താന്‍ എളുപ്പമായിരുന്നു. 85 ദിവസം ജയില്‍ ജീവിതം അനുഭവിച്ച ശേഷമാണ് കോടതി വെറുതേ വിട്ടത്.

വര്‍ഷങ്ങള്‍ കഴിഞ്ഞ് ‘അമ്മ’ സംഘടനയുടെ ആവശ്യത്തിന് വനിതാ കമ്മിഷന്‍ ജഡ്ജിയെ കണ്ടു. അത് എന്നെ ശിക്ഷിച്ച ജസ്റ്റിസ് ഹേമ ലെസ്ലി ആയിരുന്നു. അന്നു ഞാന്‍ ചോദിച്ചു ‘എന്തിനാണ് മാഡം, അന്നെന്നെ ശിക്ഷിച്ചത്?’ ‘സാഹചര്യം പ്രതികൂലം ആയിരുന്നു.’ എന്നായിരുന്നു അവരുടെ മറുപടി. ‘പഠിക്കാന്‍ മിടുക്കന്‍ ആയിരുന്നല്ലോ, പ്രാക്റ്റീസ് വിട്ടത് എന്തിനാണ്’ എന്നും ചോദിച്ചു.

ഏഴു വര്‍ഷത്തോളം ഹൈക്കോടതിയില്‍ ടി വി പ്രഭാകരനൊപ്പം വക്കീല്‍ പ്രാക്റ്റീസ് ചെയ്തിരുന്നു. അതിനിടയ്ക്ക് സിനിമകളും ചെയ്തു. സിനിമ പിന്നീട് പാഷനായി മാറുകയായിരുന്നു. കോളേജ് കാല കഥകള്‍ ഒരുപാട് നാട്ടില്‍ പ്രചരിച്ചിരിക്കുന്നതുകൊണ്ട് തന്നെക്കുറിച്ച് ആരെന്തു പറഞ്ഞാലും ആളുകള്‍ വിശ്വസിക്കും. ആരെന്തു പറഞ്ഞാലും തനിക്ക് പ്രശ്‌നമില്ലെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു.