ചണ്ഡീഗഡ്: നവ്ജ്യോത് സിംഗ് സിദ്ധു ഉള്‍പ്പെടെ കോണ്‍ഗ്രസിലെ ഒരു വിഭാഗം എംഎല്‍എമാര്‍ ഇടഞ്ഞുനില്ക്കവേ മൂന്ന് ആംആദ്ംമി പാര്‍ട്ടി എംഎല്‍എമാരെ പാര്‍ട്ടിയിലെത്തിച്ച് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. പഞ്ചാബിലെ പാര്‍ട്ടിയിലെ പ്രശ്നം പരിഹരിക്കാന്‍ ദല്‍ഹിക്ക് പുറപ്പെടുന്നതിന് മുന്പെയാണ് മൂന്ന് എംഎല്‍എമാരെ ക്യാപ്റ്റന്‍ പാര്‍ട്ടിയിലെത്തിച്ചത്.
സുഖ്പാല്‍ ഖൈറ, പിര്‍മല്‍ സിംഗ്, ജഗ്ദേവ് സിംഗ് കമാലു എന്നീ എംഎല്‍എമാരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബോലത്ത് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഖൈറ. നേരത്തെ കോണ്‍ഗ്രസിലായിരുന്ന ഖൈറ ആംആദ്മി പാര്‍ട്ടിയില്‍ ചേരുകയും പ്രതിപക്ഷ നേതാവാകുകയും ചെയ്തിരുന്നു. പിന്നീട് ആംആദ്മി പാര്‍ട്ടിയില്‍ തര്‍ക്കം രൂപം കൊള്ളുകയായിരുന്നു. അതിനെ തുടര്‍ന്ന് ഖൈറയ്ക്കെതിരെ ആംആദ്മി പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.
മൗര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് കമാലു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഹര്‍മീന്ദര്‍ ജസ്സിയെ പരാജയപ്പെടുത്തിയാണ് അദ്ദേഹം എംഎല്‍എയായത്. ബദൗര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് പിര്‍മല്‍ സിംഗ്.
ഈ എംഎല്‍എമാരെ സ്വീകരിക്കുന്നത് ദല്‍ഹിയിലേക്ക് പോവുന്നതിന് തന്നെ വേണമെന്നത് അമരീന്ദര്‍ സിംഗ് വിഭാഗത്തിന്റെ തീരുമാനമായിരുന്നു. തനിക്കെതിരെ പാര്‍ട്ടിയിലുള്ളവര്‍ വിമതനീക്കം നടത്തുമ്പോള്‍ മറ്റ് പാര്‍ട്ടിയിലുള്ളവരെ കൊണ്ടുവരികയാണ് താനെന്ന സന്ദേശം നല്കലായിരുന്നു അമരീന്ദറിന്റെ ഉദ്ദേശം.