ഡി.സി.സി പ്രസിഡണ്ടിനെ അഭിനന്ദിക്കാന്‍ തൃശ്ശൂര്‍ മേയര്‍ ഡി.സി.സി ഓഫീസില്‍; മഞ്ഞുരുകുമോ?

തൃശ്ശൂര്‍: തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ വര്‍ഗീസ് പുതിയ ഡി.സി.സി അധ്യക്ഷന്‍ ജോസ് വള്ളൂരിനെ അഭിനന്ദിക്കാന്‍ ഡി.സി.സി ഓഫീസിലെത്തിയത് ചര്‍ച്ചയായി. മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ എം.കെ വര്‍ഗീസ് കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച ശേഷം ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് മേയറാവുകയായിരുന്നു.

ഒഒറ്റക്കാണ് മേയര്‍ എത്തിയത്. ജോസ് വള്ളൂരിന് ബൊക്കെ നല്‍കിയ ശേഷം പൊതുവായ രാഷ്ട്രീയ കാര്യങ്ങളാണ് സംസാരിച്ചതെന്നാണ് സൂചന.

കോര്‍പ്പറേഷനില്‍ ഇടതുപക്ഷത്തിനും യുഡിഎഫിനും ഇപ്പോള്‍ തുല്യമായ സീറ്റുകളാണുള്ളത്. എം.കെ വര്‍ഗീസിന്റെ പിന്തുണയോടെയാണ് കോര്‍പ്പറേഷന്‍ ഇടതുപക്ഷം ഭരിക്കുന്നത്. അതിനാലാണ് എം.കെ വര്‍ഗീസിന്റെ ഡി.സി.സി സന്ദര്‍ശനം ചര്‍ച്ചയായത്.

ഡി.സി.സി അംഗമായിരുന്നപ്പോള്‍ എം.കെ വര്‍ഗീസിന് ഡി.സി.സി ഓഫീസില്‍ ഒരു മുറിയുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ കേരള എക്‌സ് സര്‍വീസ്‌മെന്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റായിരുന്ന എം.കെ വര്‍ഗീസിന് പാര്‍ട്ടി അനുവദിച്ച മുറിയായിരുന്നു അത്.

മേയറെ ഓഫീസിലുണ്ടായിരുന്ന നേതാക്കള്‍ സ്വീകരിച്ചു. ഭാരവാഹികളായ കെ.കെ ബാബു, സജീവന്‍ കുരിയച്ചിറ, കല്ലൂര്‍ ബാബു, കെ. ഗോപാലകൃഷ്ണന്‍ എന്നിവരാണ് മേയറെ സ്വീകരിച്ചത്.