പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന് പരാതി: ടിക് ടോക് താരം അമ്പിളി അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയേത്തുടര്‍ന്ന് ടിക് ടോക് താരം അറസ്റ്റില്‍. തൃശൂര്‍ വടക്കാഞ്ചേരി കുമ്പളങ്ങാട് പള്ളിയത്ത് പറമ്പില്‍ വിഘ്‌നേഷ് കൃഷ്ണയെ ആണ് പൊലീസ് പിടികൂടിയത്. 19കാരനായ വിഘ്‌നേഷ് ‘അമ്പിളി’ എന്ന പേരിലാണ് ടിക് ടോക്കില്‍ അറിയപ്പെട്ടിരുന്നത്.

ഫോണിലൂടെ പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നല്‍കിയ വിഘ്‌നേഷ് പെണ്‍കുട്ടിയെ ബൈക്കില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.

തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പരിസരത്ത് നിന്ന് എസ് ഐ ഉദയകുമാര്‍, സിപിഒമാരായ അസില്‍, സജീവ് എന്നിവര്‍ ചേര്‍ന്നാണ് വിഘ്‌നേഷിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗം ചെറുപ്പക്കാര്‍ക്കിടയില്‍ സെലിബ്രിറ്റി സ്റ്റാറ്റസുള്ളയാളാണ് വിഘ്‌നേഷ്. ടിക് ടോക് നിരോധിക്കപ്പെട്ടതിന് ശേഷം ഇന്‍സ്റ്റഗ്രാം റീലുകളിലൂടേയും അമ്പിളി ശ്രദ്ധിക്കപ്പെട്ടിരുന്നു.

Also Read: മരുതനായകം എന്ന മുഹമ്മദ് യൂസഫ് ഖാന്‍ ബ്രിട്ടീഷുകാരോട് പൊരുതി, മതംമാറ്റത്തെ ചെറുത്തു; കമല്‍ഹാസന്റെ നടക്കാതെ പോയ ഇതിഹാസ ചിത്രത്തിന്റെ കഥ ഇതാണ്