നാല് സംസ്ഥാനങ്ങളിലേയും ഒരു കേന്ദ്ര ഭരണ പ്രദേശത്തേയും വോട്ടെണ്ണുന്ന മെയ് രണ്ടിന് തത്സമയ തെരഞ്ഞെടുപ്പ് കവറേജ് റദ്ദ് ചെയ്ത് ടൈംസ് നൗ വാര്‍ത്ത ചാനല്‍. ആദ്യമായാണ് ഒരു ദേശീയ ചാനല്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ ഒഴിവാക്കുന്നത്. കൊവിഡ് വ്യാപനത്തേക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് സമയം നീക്കിവെയ്ക്കാനായി ഈ തീരുമാനമെടുത്തു എന്നാണ് ചാനല്‍ നല്കുന്ന വിശദീകരണം.
പതിവായി ചെയ്യാറുള്ള പ്രത്യേക തെരഞ്ഞെടുപ്പ് കവറേജ് വേണ്ടെന്ന് വെയ്ക്കുന്നു. കാലോചിതമല്ലാത്ത ഈ ‘തെരഞ്ഞെടുപ്പ് ആഘോഷത്തോടുള്ള’ വിയോജിപ്പ് പ്രകടിപ്പിച്ചാണ് ഈ വിട്ടുനില്‍ക്കല്‍.
ടൈംസ് നൗ
കൊവിഡില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കും. വാക്സിനേഷന്, ഹെല്പ് ലൈന്‍, അത്യാവശ്യ വിവരങ്ങള്‍ കൈമാറല്‍, ആരോഗ്യ-മാനസികാരോഗ്യ വിദഗ്ധരുടെ പ്രതികരണങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കും. ‘പവിത്ര ആചാരമായ’ വോട്ടിങ്ങില്‍ രാജ്യത്തെ 20 ശതമാനം പൗരന്മാര് പങ്കെടുത്തു. ജനാധിപത്യത്തോടുള്ള ബഹുമാനത്തെ പ്രതി പ്രേക്ഷകരെ വോട്ടെണ്ണലും ഫലങ്ങളും ഫ്ളാഷ് ന്യൂസായി അറിയിക്കുമെന്നും ടൈംസ് നൗ പ്രസ്താവനയില്‍ പറഞ്ഞു.
കൊവിഡ് കുതിച്ചുയരുകയും കൂടുതല്‍ ജീവിതങ്ങള്‍ കവര്‍ന്നെടുക്കുകയുമാണ്. രാഷ്ട്രീയ മേഖലയിലെ എല്ലാ തട്ടിലേയും നേതൃത്വങ്ങളില്‍ നിന്ന് ഗുരുതരമായ വീഴ്ച്ചയുണ്ടായെന്ന് വ്യക്തമാണ്.
ടൈംസ് നൗ
നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ട് ഇപ്പോഴത്തെ താറുമാറായ, പരിഭ്രാന്തിയും തീവ്രവേദനയുമുണ്ടാക്കുന്ന ഈ അവസ്ഥയിലേക്ക് എത്തിച്ചത് ദൗര്‍ഭാഗ്യകരമാണ്. തങ്ങള്‍ തബ്ലീഗി ജമാ അത്തുമായി ബന്ധപ്പെട്ട കൊവിഡ് പ്രശ്നം ഉയര്‍ത്തിക്കാട്ടിയതുപോലെ കുംഭമേള സംഘടിപ്പിക്കുന്നതിനെതിരേയും ശബ്ദമുയര്‍ത്തിയിരുന്നെന്നും ടൈം നൗ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
ടൈംസ് നൗ, റിപ്പബ്ലിക് ടിവി, ഇന്ത്യാ ടുഡേ, എബിപി ന്യൂസ് തുടങ്ങിയ ചാനലുകള്‍ കഴിഞ്ഞ ദിവസം എക്സിറ്റ് പോള്‍ സര്‍വ്വേ ഫലങ്ങള്‍ പുറത്തുവിട്ടിരുന്നു. പശ്ചിമബംഗാളില്‍ അധികാരം പിടിച്ചെടുക്കാന്‍ ബിജെപിക്ക് കഴിയില്ലെന്നും മമതാ ബാനര്‍ജിയുടെ തൃണമൂല്‍ സര്‍ക്കാര്‍ ഭരണം തുടരുമെന്നുമായിരുന്നു ടൈംസ് നൗ സീ വോട്ടറുമായി ചേര്‍ന്ന് നടത്തിയ സര്‍വ്വേ കണ്ടെത്തല്‍. ആകെയുള്ള 294 സീറ്റുകളില്‍ 158 സീറ്റ് തൃണമൂല്‍ നേടും. ബിജെപിയ്ക്ക് 115 സീറ്റും ഇടത് കോണ്‍ഗ്രസ് സഖ്യത്തിന് 22 സീറ്റും ലഭിക്കുമെന്ന് ടൈംസ് നൗ പ്രവചിച്ചു.
ടൈം നൗവിന്റെ പ്രസ്താവനയ്ക്കെതിരെ പരിഹാസവുമായി ഒരു വിഭാഗം ട്വിറ്ററാറ്റികള്‍ രംഗത്തെത്തി. ബിജെപി തോല്‍ക്കുമെന്ന് മുന്‍കൂട്ടി കണ്ട് അത് റിപ്പോര്‍ട്ട് ചെയ്യാനുള്ള മടികൊണ്ടാണ് ഈ തീരുമാനമെന്നാണ് പ്രധാന വിമര്‍ശനം.
ദേശീയതലത്തില്‍ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ പോരാട്ടം നടക്കുന്നത് ബംഗാളിലാണ്. പതിറ്റാണ്ടുകളായി നടത്തിയ ശ്രമങ്ങള്‍ക്കൊടുവില്‍ ഇക്കുറി ബംഗാള്‍ പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പത്തിലധികം കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടെ വന്‍ സന്നാഹവുമായെത്തിയാണ് ബിജെപി ബംഗാളില്‍ പ്രചരണം നടത്തിയത്.