ചെന്നൈ: സാമൂഹ്യ മാധ്യമങ്ങള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഐടി നിയമത്തിനെതിരെ സംഗീതജ്ഞന് ടിഎം കൃഷ്ണ ഹൈക്കോടതിയില്‍. മദ്രാസ് ഹൈക്കോടതിയിലാണ് അദ്ദേഹം ഹര്‍ജി നല്‍കിയത്.
പുതിയ ഐടി നിയമം ഏകപക്ഷീയവും അടിസ്ഥാനമില്ലാത്തതും യുക്തിരഹിതവുമായതാണെന്ന് ഹര്‍ജിയില്‍ ടിഎം കൃഷ്ണ പറഞ്ഞു. ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനര്‍ജിയും ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തിയും അംഗങ്ങളായ ബെഞ്ച് ഹര്‍ജി സ്വീകരിക്കുകയും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആര് ശങ്കരനാരായണനോട് മൂന്നാഴ്ചക്കുള്ളില്‍ മറുപടി നല്‍കാനും ആവശ്യപ്പെടുകയും ചെയ്തു.
ആവിഷ്ക്കാര സ്വാതന്ത്ര്യത്തെയും സ്വകാര്യതയെയും ലംഘിക്കുന്നതും ഭരണഘടന വിരുദ്ധവുമാണ് നിയമമെന്നും ഹര്‍ജിയില്‍ പറയുന്നു. അഡ്വ സുഹ്രിത് പാര്‍ത്ഥസാരഥിയാണ് ടിഎം കൃഷ്ണക്ക് വേണ്ടി ഹാജരായത്.
2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാന്‍ സമൂഹ മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനായി മൂന്ന് മാസം അനുവദിക്കുകയും ചെയ്തിരുന്നു. മെയ് 25ന് ആ കാലാവധി അവസാനിച്ചിരുന്നു
പുതിയ നിര്‍ദേശ പ്രകാരം ഇന്ത്യയില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ നിയമിക്കണം. ഉറവിടം പരിശോധിക്കുക, സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുക, കണ്ടന്റുകള്‍ പരിശോധിക്കുക, വേണ്ടി വന്നാല്‍ പോസ്റ്റ് നീക്കം ചെയ്യുക എന്നിവയെല്ലാം ഈ ഉദ്യോഗസ്ഥന്റെ ചുതലയായിരിക്കും.