സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്വത്തില്‍ നിന്ന് ബ്രാഞ്ച് കമ്മറ്റിയിലേക്ക്; പാര്‍ട്ടി നടപടി അംഗീകരിക്കുന്നുവെന്ന് ടി.എം സിദ്ധീഖ്

പൊന്നാനി: തനിക്കെതിരെ പാര്‍ട്ടിയെടുത്ത നടപടി അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കി സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ടി.എം സിദ്ധിഖ്. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലിയുണ്ടായ സംഭവങ്ങളെ ചൊല്ലി ടി.എം സിദ്ധിഖിനെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു.

സിദ്ധിഖിനെതിരെ സിപിഐഎം നടപടി സ്വീകരിച്ചത് പൊന്നാനിയില്‍ വലിയ ചര്‍ച്ചയായിരുന്നു. നടപടിക്കെതിരെ പാര്‍ട്ടിക്കകത്തും സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. നടപടി സ്വീകരിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പാര്‍ട്ടി നേതൃത്വത്തിനെതിരെയുള്ള വിമര്‍ശനത്തിന്റെ തോത് കുറയാത്തതിനെ തുടര്‍ന്നാണ് സിദ്ധിഖിന്റെ പ്രതികരണം. ഫേസ്ബുക്കിലൂടെ സിദ്ധിഖ് തന്റെ നിലപാട് അറിയിക്കുകയായിരുന്നു.

‘മലപ്പുറം ജില്ലയിലെ തെരഞ്ഞെടുപ്പാനന്തര നടപടി എന്ന പേരില്‍ ദൃശ്യ മാധ്യമങ്ങളിലും പത്ര മാധ്യമങ്ങളിലും വന്ന വാര്‍ത്തയെ അടിസ്ഥാനമാക്കി പൊതുവിലും പ്രത്യേകിച്ച് പൊന്നാനിയിലും ഉണ്ടായ ചര്‍ച്ചകളും പ്രതികരണങ്ങളും ദൗര്‍ഭാഗ്യകരമാണ്. ഒരു പാര്‍ട്ടി അംഗമെന്ന നിലയില്‍ മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് സംഘടന രീതി അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയില്‍ ഉള്‍പാര്‍ട്ടി അവകാശം പോലെത്തന്നെയാണ് ജനാധിപത്യ കേന്ദ്രീകരണ തത്വവും. അതുകൊണ്ട് തന്നെ പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിച്ച് പോവാന്‍ പാര്‍ട്ടി അംഗമായിരിക്കുന്നിടത്തോളം കാലം ഞാന്‍ ബാധ്യസ്ഥനാണ്’, എന്നാണ് സിദ്ധിഖിന്റെ പ്രതികരണം.

നിയമസഭ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ നിന്ന് സിപിഐഎം സ്ഥാനാര്‍ത്ഥിയായി ടി.എം സിദ്ധിഖ് മത്സരിക്കും എന്ന് മേഖലയില്‍ കരുതപ്പെട്ടിരുന്നു. എന്നാല്‍ പി. നന്ദകുമാറിനെയാണ് സിപിഐഎം സ്ഥാനാര്‍ത്ഥിയാക്കിയത്. ഇതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ പരസ്യമായി പ്രകടനം നടത്തിയിരുന്നു. പ്രതിഷേധം തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചിരുന്നില്ല. മുന്‍ തവണത്തേതിനേക്കാള്‍ കൂടിയ ഭൂരിപക്ഷത്തിനാണ് നന്ദകുമാര്‍ വിജയിച്ചത്.

പിന്നീട് മാസങ്ങള്‍ കഴിഞ്ഞാണ് തെരഞ്ഞെടുപ്പിനെ ചൊല്ലി നേതാക്കള്‍ക്കെതിരെ സിപിഐഎം നടപടി സ്വീകരിച്ചത്. സിദ്ധിഖിനെ കൂടാതെ ഏരിയാ കമ്മറ്റി അംഗങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചിരുന്നു. നടപടിയെ ചൊല്ലിയും പാര്‍ട്ടിക്കകത്തും പുറത്തും ചര്‍ച്ചകള്‍ ആരംഭിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച തന്റെ നിലപാട് വ്യക്തമാക്കുമെന്ന് സിദ്ധിഖ് പറഞ്ഞിരുന്നു.