കൊല്‍ക്കത്ത: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്- കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയേക്കുമെന്ന് സൂചനകള്‍. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനും ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവുമായ അധീര്‍ രഞ്ജന്‍ ചൗധരി തന്നെ ഇതിന്റെ സൂചനകള്‍ തന്നു കഴിഞ്ഞു.
ശനിയാഴ്ച ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയെ പ്രശംസിക്കുന്ന തരത്തില്‍ അധീര്‍ രഞ്ജന്‍ ചൗധരി സംസാരിച്ചു. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡിയെ വീണ്ടും പ്രധാനമന്ത്രിയാവുന്നത് തടയാന്‍ കഴിയുന്ന ഏക നതാവാണ് മമതയെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നതാണ് ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ജനങ്ങള്‍ വോട്ട് ചെയ്യാനുള്ള കാരണമെന്നാണ് അദ്ദേഹം പറഞ്ഞത്.
കോണ്‍ഗ്രസും സിപിഐഎമ്മും തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ജനങ്ങള്‍ മമതയില്‍ വിശ്വാസമര്‍പ്പിച്ചു. മോഡിയ്ക്കെതിരെ ഉയര്‍ന്നുവരുന്ന ഒരു മുഖം എന്നതാണതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മമത ബാനര്‍ജി മത്സരിക്കുന്ന ഭവാനിപൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കേണ്ട എന്നതാണ് തന്റെ അഭിപ്രായമെന്നും പറഞ്ഞിരുന്നു.
ഇതെല്ലാം സൂചിപ്പിക്കുന്നത് ബംഗാള്‍ കോണ്‍ഗ്രസ് ഘടകം തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യം എന്നതിലേക്ക് വരുന്നുവെന്നതാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേരത്തെ മുതല്‍ തന്നെ മമതയുമായുള്ള സഖ്യം ആഗ്രഹിക്കുന്നത്. എന്നാല്‍ അതിന് എതിര് നിന്നിരുന്നത് സംസ്ഥാന ഘടകമായിരുന്നു.
നേരത്തെ തങ്ങളോടൊപ്പമായിരുന്ന മമത ബാനര്‍ജി പാര്‍ട്ടി വിട്ടതും ബംഗാളില്‍ വിജയിച്ച് കയറിയതും സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. കോണ്‍ഗ്രസ് കോട്ടകളിലേക്ക് വരെ കടന്നുകയറി മമത വിജയം കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്തെ സ്വാധീനം നഷ്ടപ്പെട്ട രണ്ട് പാര്‍ട്ടികളായ കോണ്‍ഗ്രസും സിപിഐഎമ്മും ഒരുമിച്ചെങ്കിലും ഇത്തവണ ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല.
തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ പോലും ചോര്‍ച്ച സംഭവിച്ചിരിക്കുന്നു എന്ന തിരിച്ചറിവാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ തൃണമൂല്‍ കോണ്‍ഗ്രസ് ചങ്ങാത്തത്തിലേക്ക് നയിക്കുന്നത്. ഇങ്ങനെയൊരു സഖ്യം സാധ്യമായാല്‍ സിപിഐഎം തീരുമാനം എന്താവുമെന്ന് ഇത് വരെ വ്യക്തമല്ല.