ക്ഷേത്രത്തിലെ അന്നദാനത്തില്‍ നിന്നിറക്കിവിട്ട അശ്വിനിയെ വീട്ടിലെത്തി കണ്ട് സ്റ്റാലിന്‍; നരിക്കുറവ, ഇരുള വിഭാഗക്കാര്‍ക്ക് പട്ടയവും സ്‌കൂളും ഉള്‍പ്പെടെ 4.53 കോടിയുടെ പദ്ധതി

ചെന്നൈ: തമിഴ്‌നാട്ടില്‍ നിലനില്‍ക്കുന്ന ജാതീയ വിവേചനങ്ങളെ ശക്തമായി തന്നെ നേരിടുമെന്ന സൂചനകള്‍ നല്‍കി ഡിഎംകെ സര്‍ക്കാര്‍. ചെങ്കല്‍പേട്ട് ജില്ലയിലെ മാമല്ലപുരത്ത് താഴ്ന്ന ജാതിക്കാരിയെന്ന പേരില്‍ ക്ഷേത്രത്തിലെ അന്നദാനത്തില്‍ നിന്ന് ഇറക്കിവിടപ്പെട്ട നരിക്കുറവര്‍ വിഭാഗക്കാരി അശ്വനിയുടെ വീട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സന്ദര്‍ശിച്ചു. നരിക്കുറവ, ഇരുള സമുദായങ്ങളില്‍ പെട്ടവര്‍ താമസിക്കുന്ന പൂഞ്ചേരിയിലെത്തിയ സ്റ്റാലിന്‍ അശ്വനിയുടെ ക്ഷണം സ്വീകരിക്കുകയായിരുന്നു. അശ്വനിയുടെ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രി കുടുംബാംഗങ്ങളോട് സംസാരിച്ചു. മുത്തുമണി മാലയും പൊന്നാടയും അണിയിച്ചാണ് അശ്വനി സ്റ്റാലിനെ സ്വീകരിച്ചത്.

പൂഞ്ചേരിയിലെ 81 നരിക്കുറവര്‍-ഇരുളര്‍ കുടുംബങ്ങള്‍ക്ക് സ്റ്റാലിന്‍ പട്ടയം നല്‍കി. അംഗനവാടി, പഞ്ചായത്ത് യൂണിയന്‍ സ്‌കൂള്‍ എന്നിവ നിര്‍മ്മിക്കാനും 10 ലക്ഷം രൂപയുടെ വികസനക്ഷേമപ്രവര്‍ത്തനങ്ങള്‍ പ്രദേശത്ത് നടത്താനും തമിഴ്‌നാട് മുഖ്യമന്ത്രി ഉത്തരവിട്ടു. തങ്ങള്‍ക്ക് ഏറെ ദുഷ്‌കരമായിരുന്ന കാര്യങ്ങളാണ് മുഖ്യമന്ത്രി നൊടിയിടയില്‍ നിറവേറ്റിയതെന്ന് അശ്വനി പരിപാടിയില്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് നന്ദി, ഞങ്ങള്‍ക്കിപ്പോള്‍ വോട്ടര്‍ ഐഡിയും ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡുകളും ലഭിച്ചു. ഒരു സ്വപ്‌നം പോലെയാണ് തോന്നുന്നത്.

അശ്വിനി

സര്‍ക്കാര്‍ ഓഫീസുകളില്‍ ഒരു റേഷന്‍ കാര്‍ഡ് കിട്ടാന്‍ നാല് മാസത്തോളം കയറിയിറങ്ങേണ്ട അവസ്ഥയായിരുന്നെന്ന് അശ്വിനി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ കൊണ്ട് രണ്ട് ദിവസത്തിനകം കാര്‍ഡ് ലഭിച്ചു. എപ്പോള്‍ വേണമെങ്കിലും കുടിയൊഴിപ്പിക്കപ്പെടാമെന്ന ആശങ്കയിലാണ് ഞങ്ങള്‍ കഴിയുന്നതെന്ന് മന്ത്രി ശേഖര്‍ ബാബുവിനെ (ദേവസ്വം മന്ത്രി) കണ്ടപ്പോള്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ പട്ടയം ലഭിച്ചതോടെ ആ ഭയം ഇല്ലാതായെന്നും അശ്വനി കൂട്ടിച്ചേര്‍ത്തു.

എംകെ സ്റ്റാലിന്‍, അശ്വിനി

നരിക്കുറവര്‍, ഇരുളര്‍ ജാതികളില്‍ പെട്ട 282 പേര്‍ക്ക് വേണ്ടി 4.53 കോടിയുടെ പദ്ധതികളാണ് തമിഴ്‌നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. പട്ടയങ്ങള്‍ക്കൊപ്പം ഭവനനിര്‍മ്മാണത്തിനുള്ള ബോണ്ടുകള്‍, ജാതി സര്‍ട്ടിഫിക്കറ്റുകള്‍, ക്ഷേമ പദ്ധതി കാര്‍ഡുകള്‍, പരിശീലന ഉത്തരവുകള്‍, വായ്പകള്‍ എന്നിവയും സ്റ്റാലിന്‍ വിതരണം ചെയ്തു. നഗരവികസനത്തിന്റെ ഭാഗമായി ചേര്‍ത്താണ് അംഗനവാടികളും ക്ലാസ് മുറികളും നിര്‍മ്മിക്കുക. 12 പേര്‍ക്ക് ഒരു ലക്ഷം രൂപയുടെ വായ്പ നല്‍കി. 33 പേര്‍ക്ക് 10,000 രൂപ വീതം ധനസഹായവും ലഭിച്ചു. റോഡുകള്‍, വൈദ്യുതി, കുടിവെള്ളം എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉടന്‍ ലഭ്യമാക്കുമെന്ന ഉറപ്പ് നല്‍കിയ ശേഷമാണ് സ്റ്റാലിന്‍ പൂഞ്ചേരി വിട്ടത്.

81 കുടുംബങ്ങള്‍ക്കായി 3.52 കോടി രൂപയുടെ പട്ടയം നല്‍കിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ആറ് പേര്‍ക്ക് വാര്‍ധക്യ ക്ഷേമ പദ്ധതികള്‍ ലഭ്യമാക്കി. 21 പേര്‍ക്ക് റേഷന്‍ കാര്‍ഡുകള്‍ നല്‍കി. 18 പേര്‍ക്ക് വോട്ടര്‍ ഐഡി വിതരണം ചെയ്തു. ഇരുളര്‍ വിഭാഗത്തില്‍ പെട്ട 88 പേര്‍ക്ക് പട്ടിക ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കി. നരിക്കുറവര്‍ വിഭാഗത്തില്‍ പെട്ട 34 പേര്‍ക്ക് ഏറ്റവും പിന്നോക്ക ജാതി (എംബിസി) സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

തമിഴ്‌നാട്ടില്‍ ഡിഎംകെ അധികാരത്തിലെത്തിയതിന് പിന്നാലെ പാവപ്പെട്ടവര്‍ക്ക് ക്ഷേത്രങ്ങളില്‍ സൗജന്യമായി ഭക്ഷണം നല്‍കുന്ന പദ്ധതി നടപ്പാക്കിയിരുന്നു. ദേവസ്വം വകുപ്പിന് കീഴിലായിരുന്നു ഇത്. സംസ്ഥാനത്തെ 754 ഇടങ്ങളില്‍ പദ്ധതി തുടരുന്നുണ്ട്. മാമല്ലപുരത്തെ ഒരു ക്ഷേത്രത്തിലെ അന്നദാനത്തിനെത്തിയപ്പോഴാണ് അശ്വിനിയും കുടുംബവും വിവേചനം നേരിട്ടത്. ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന് പറഞ്ഞ സവര്‍ണ ജാതിക്കാര്‍ ഭക്ഷണം അവശേഷിക്കുന്നുണ്ടെങ്കില്‍ അമ്പലത്തിന് പുറത്തുവെച്ച് നല്‍കാമെന്ന് അശ്വനിയോട് പറഞ്ഞു. വിവേചനത്തിനെതിരെ അശ്വിനി ക്ഷേത്രം അധികാരികളോട് പ്രതികരിക്കുന്നതിന്റെ വീഡിയോ വൈറലാകുകയും വാര്‍ത്തയാകുകയും ചെയ്തു. തുടര്‍ന്ന് ദേവസ്വം മന്ത്രി ശേഖര്‍ ബാബു അശ്വനിയേയും കൂട്ടി ക്ഷേത്രത്തിലെത്തി ഒരുമിച്ച് ഭക്ഷണം കഴിച്ചു. വകുപ്പ് കമ്മീഷണറുടേയും മന്ത്രിയുടേയും നടുവില്‍ കുട്ടിയെ മടിയിലിരുത്തി അശ്വിനി ആഹാരം കഴിക്കുന്നതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.

ദേവസ്വം മന്ത്രിക്കൊപ്പം അന്നദാനത്തില്‍ പങ്കെടുക്കുന്ന അശ്വിനിയും മകളും

Also Read: ‘റേഷന്‍ കാര്‍ഡില്ലാത്ത, ബസില്‍ പോലും പ്രവേശനമില്ലാത്ത വലിയൊരു സമൂഹമുണ്ട് ഇപ്പോഴും’; ‘ജയ് ഭീം’ ഒരു ചോദ്യമാണെന്ന് സൂര്യ