കോണ്‍ഗ്രസിനെതിരായ ടൂള്‍കിറ്റ് വിവാദത്തില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; ബിജെപി ദേശീയ വക്താവിന്റേത് വ്യാജരേഖയെന്ന് ട്വിറ്റര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ വെട്ടിലാക്കാന്‍ തൊടുത്തുവിട്ട ടൂള്‍കിറ്റ് വിവാദത്തില്‍ ബിജെപിക്ക് തിരിച്ചടി. പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും കേന്ദ്രസര്‍ക്കാരിനെയും പ്രതിച്ഛായ മോശമാക്കാന്‍ കോണ്‍ഗ്രസ് ടൂള്‍കിറ്റ് ഉണ്ടാക്കിയെന്നായിരുന്നു ബിജെപി ആരോപണം. വിവാദത്തിന് ആസ്പദമായി ബിജെപി പ്രചരിപ്പിച്ച രേഖ വ്യാജമാണെന്ന് ട്വിറ്റര്‍ വ്യക്തമാക്കി.

ബിജെപി ദേശീയ വക്താവ് സംബിത്ത് പാത്രയുടെ ടൂള്‍കിറ്റ് ട്വീറ്റ് ട്വിറ്റര്‍ വ്യാജരേഖയെന്ന വിഭാഗത്തില്‍പ്പെടുത്തി. കോണ്‍ഗ്രസിന്റെ ടൂള്‍കിറ്റ് എന്ന അടിക്കുറിപ്പോടെ ഇട്ട രേഖയുടെ പകര്‍പ്പാണ് മാനിപുലേറ്റഡ് മീഡിയ വിഭാഗത്തില്‍ ട്വിറ്റര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വ്യാജരേഖകള്‍ പ്രചരിപ്പിച്ച സംബിത്ത് പാത്രയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ട്വിറ്റര്‍ ആസ്ഥാനത്തിന് പരാതി നല്‍കിയിരുന്നു. മെയ് 18നാണ് കോണ്‍ഗ്രസിന്റേതെന്ന പേരില്‍ പാത്ര ടൂള്‍കിറ്റ് രേഖകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ട്വീറ്റ് ചെയ്തത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പോരായ്മകളുടെ പേരില്‍ പ്രധാനമന്ത്രിയെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുന്നു എന്നതരത്തിലുള്ളതായിരുന്നു സംബിത്ത് പാത്ര പുറത്തുവിട്ട രേഖകള്‍.

A screenshot of Sambit Patra's tweet tagged as 'manipulated media.'

സര്‍ക്കാരിന്റെയും മോഡിയുടെയും പ്രതിച്ഛായ തകര്‍ക്കാന്‍ എന്തൊക്കെ ചെയ്യണം എന്ന് വിശദീകരിക്കുന്ന തരത്തിലുള്ള രേഖയായിരുന്നു ഇത്. കോണ്‍ഗ്രസ് ഗവേഷണ വിഭാഗത്തിലെ സൗമ്യ വര്‍മ്മയാണ് ടൂള്‍കിറ്റ് തയ്യാറാക്കിയതെന്നും മോഡിയെ അപകീര്‍ത്തിപ്പെടുത്താനുള്ള വിശാല പദ്ധതിയുടെ ഭാഗമാണ് ഇതെന്നുമായിരുന്നു സംബിത്ത് പാത്ര അവകാശപ്പെട്ടിരുന്നത്. കൊവിഡ് മഹാമാരിയില്‍ വിദേശ മാധ്യമങ്ങളുടെ സഹായം തേടി മോഡി വിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുക, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ മുതലെടുത്ത് മോഡിയുടെ പ്രതിച്ഛായ തകര്‍ക്കുക തുടങ്ങിയവയണ് ഉദ്ദേശമെന്നും പാത്ര പറഞ്ഞിരുന്നു. കൊവിഡ് വകഭേദങ്ങളെ മോഡി എന്ന് വിളിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വാദിച്ചിരുന്നു.

ഈ ട്വീറ്റുകള്‍ക്ക് ആധാരമായി സംബിത്ത് പാത്ര ഉപോഗിച്ച ചിത്രമാണ് വ്യാജരേഖാ വിഭാഗത്തില്‍ ട്വിറ്റര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വ്യാജരേഖകള്‍ പ്രചരിപ്പിക്കുന്ന ബിജെപി നേതാക്കളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, സംബിത്ത് പാത്ര, ബിഎല്‍ സന്തോഷ് തുടങ്ങിയവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്നായിരുന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് സോഷ്യല്‍മീഡി വിഭാഗം മേധാവി രോഹല്‍ ഗുപ്തയാണ് പരാതി നല്‍കിയ വിവരം അറിയിച്ചത്. വിഷയത്തില്‍ കോണ്‍ഗ്രസ് പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.