‘ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ വിജയിപ്പിക്കരുത്’; രാകേഷ് ടിക്കായത്തും മുതിര്‍ന്ന കര്‍ഷക നേതാക്കളും നേരിട്ട് പ്രചരണത്തിനിറങ്ങുന്നു

സിര്‍സ: ഹരിയാനയിലെ എല്ലെനാബാദ് നിയോജക മണ്ഡലത്തില്‍ ഒക്ടോബര്‍ 30ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കരുതെന്നാവശ്യപ്പെട്ട് രാകേഷ് ടിക്കായത്തും മറ്റ് മുതിര്‍ന്ന കര്‍ഷക നേതാക്കളും പ്രചരണം നടത്തും. ഒക്ടോബര്‍ 27നാണ് എല്ലെനാബാദിലെ ഗ്രാമങ്ങളിലൂടെ കര്‍ഷക നേതാക്കള്‍ പ്രചരണം നടത്തുക.

മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായിരുന്ന ഐഎന്‍എല്‍ഡി നേതാവ് അഭയ് സിങ് ചൗതാല കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ചൗതാല ഇവിടെ വീണ്ടും മത്സരിക്കുന്നുണ്ട്.

കര്‍ഷക നേതാക്കള്‍ വിവിധ ഗ്രാമങ്ങളിലൂടെ പ്രചരണം നടത്തുമെന്ന് സിര്‍സയില്‍ നിന്നുള്ള കര്‍ഷക നേതാവ് ലഖ്‌വീന്ദര്‍ സിംഗ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. രണ്ട് പൊതുയോഗങ്ങളും നടത്തും.

‘ആദ്യ ദിവസം നാതുസരി ചോപ്തയില്‍ പൊതുയോഗം നടത്തും. അതിന് ശേഷം എല്ലെനാബാദിലേക്ക് കര്‍ഷകരും നേതാക്കളും അവരുടെ ട്രാക്ടറുകളില്‍ റോഡ് ഷോ നടത്തും. ഞങ്ങള്‍ ഏതെങ്കിലും പാര്‍ട്ടിയെ പിന്തുണക്കുന്നില്ല. പക്ഷെ കാര്‍ഷിക നിയമങ്ങളുടെ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ പ്രചരണം നടത്തും’, ലഖ്‌വീന്ദര്‍ സിംഗ് പറഞ്ഞു.

ടിക്കായത്തിനെ കൂടാതെ മുതിര്‍ന്ന കര്‍ഷക നേതാക്കളായ ബല്‍ബീര്‍ സിംഗ് രജേവാള്‍, ജോഗീന്ദര്‍ സിംഗ് ഉഗ്രഹ, കുല്‍വന്ത് സിംഗ് സന്തു, ബല്‍ദേവ് സിംഗ് നിഹാല്‍ഗര്‍, ഹര്‍മീത് സിംഗ് കാദിയാന്‍ എന്നീ നേതാക്കളും വിവിധ പരിപാടികളില്‍ പങ്കെടുക്കും. ബികെയു നേതാവ് ഗുര്‍നാം സിംഗ് ചദുനി ശനിയാഴ്ച എല്ലെനാബാദില്‍ നാല് പൊതുയോഗങ്ങളില്‍ പങ്കെടുത്തു. ബിജെപി-ജെജെപി സഖ്യത്തിനെതിരെ കര്‍ഷകര്‍ വിവിധ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ഓം പ്രകാശ് ദന്‍കര്‍ എന്നിവര്‍ ബിജെപി പ്രചരണത്തില്‍ സജീവമാണ്. കോണ്‍ഗ്രസ് അദ്ധ്യക്ഷ കുമാരി ശെല്‍ജ മണ്ഡലത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളായ കുല്‍ദീപ് ബിഷ്‌ണോയിയും കിരണ്‍ ചൗധരിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പവന്‍ ബേനിവാലിന് വേണ്ടിയുള്ള പ്രചരണം ശക്തമാക്കാനായി രംഗത്തുണ്ട്.