കൊടകര കുഴല്‍പ്പണകവര്‍ച്ചാകേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതോടെ അതീവ ശ്രദ്ധയോടെ ചുവടുകള്‍ വെച്ച് അന്വേഷണസംഘം. കുഴല്‍പണം കാരിയറായി പൊലീസ് കരുതുന്ന ധര്മ്മരാജന് സംസ്ഥാനത്തെ ഏറ്റവും പ്രമുഖനായ ബിജെപി നേതാവുമായി 22 തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നതിനാല്‍ സൂക്ഷ്മതയോടെയാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം. അന്വേഷണം പ്രമുഖ നേതാവിലേക്ക് കേന്ദ്രീകരിക്കപ്പെടുകയാണെന്നും ഇയാളെ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്നുമാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. അന്വേഷണത്തിന്റെ കേന്ദ്രമായെങ്കിലും ഉന്നത നേതാവിന്റെ പേര് വെളിപ്പെടുത്താന്‍ അന്വേഷണസംഘം തയ്യാറായിട്ടില്ല.
കുഴല്പണകവര്ച്ചയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിധേയരായ ബിജെപി സംസ്ഥാന നേതാക്കള്‍ നല്കിയ മൊഴി കളവാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കൊടകരയില്‍ വെച്ച് ‘ആക്രമിക്കപ്പെട്ട’ വാഹനത്തിലുണ്ടായിരുന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടായിരുന്നു എന്നാണ് ആര്‍എസ്എസ് അനുഭാവിയായ ധര്മ്മരാജന് പൊലീസിനോട് പറഞ്ഞത്. മൂന്നരക്കോടി രൂപ കോഴിക്കോട് നിന്ന് കൊണ്ടുവന്നു. ബിജെപി ആലപ്പുഴ ജില്ലാ ട്രഷററെ ഏല്പിക്കാനായിരുന്നു ഇതെന്നും ധര്മ്മരാജന് അന്വേഷണ സംഘത്തിന് മൊഴി നല്കി.
ധര്മ്മരാജന് തെരഞ്ഞെടുപ്പ് ചുമതല നല്‍കിയിരുന്നെന്നും എന്നാല്‍ പണവുമായി ബന്ധപ്പെട്ട ചുമതലകള്‍ ഒന്നും ഏല്പിച്ചിരുന്നില്ല എന്നുമാണ് ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേഷ് പൊലീസിനോട് പറഞ്ഞത്. മൂന്നരക്കോടിയുടെ ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് ആലപ്പുഴ ജില്ലാ ട്രഷററെ ഏല്പിക്കാനായിരുന്നു യാത്രയെന്ന ധര്‍മ്മരാജന്റെ മൊഴി എം ഗണേഷ് പൂര്‍ണമായും തള്ളി. ധര്‍മ്മരാജനെ അറിയാം. ധര്‍മ്മരാജനെ നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. അത് സംഘടനാകാര്യങ്ങള്‍ സംസാരിക്കാന്‍ വേണ്ടി മാത്രമാണ്. പണത്തേക്കുറിച്ച് യാതൊന്നും സംസാരിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികള്‍ വിതരണം ചെയ്യുന്ന ചുമതല ധര്‍മ്മരാജനെ ഏല്പിച്ചിരുന്നു. ഇക്കാര്യം ചോദിക്കാനാണ് ഇയാളെ നിരന്തരം ബന്ധപ്പെട്ടിരുന്നതെന്നും ഗണേഷ് അന്വേഷണസംഘത്തിന് മൊഴി നല്കി. ധര്മ്മരാജന് ബിജെപി സംസ്ഥാന നേതാക്കളുമായി സംസാരിച്ചത് പണത്തേക്കുറിച്ച് തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്.
പൊലീസ് പറയുന്നത്
“ധര്മ്മരാജന് ബിജെപിയില്‍ യാതൊരു പദവിയുമില്ല. തെരഞ്ഞെടുപ്പ് ചുമതലകള്‍ ഒന്നും ഇയാള്‍ക്ക് ബിജെപി നല്‍കിയിട്ടില്ല. ബിജെപി നേതാക്കള്‍ ധര്‍മ്മരാജനെ ഫോണില്‍ ബന്ധപ്പെട്ടത് സംഘടനാകാര്യങ്ങള്‍ സംസാരിക്കാനല്ല. പണവുമായെത്തിയ കാറില്‍ തെരഞ്ഞെടുപ്പ് സാമഗ്രികള്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല.”
കവര്‍ച്ച നടന്ന ഏപ്രില്‍ മൂന്നിനും നാലിനും ഇടയിലുള്ള രാത്രിയിലും ഏപ്രില്‍ മൂന്ന്-നാല് ദിവസങ്ങളിലും ധര്മ്മരാജന് നിരവധി ബിജെപി നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഈ കോള്‍ വിവരങ്ങളുടെ പട്ടിക അന്വേഷണസംഘം തയ്യാറാക്കി. ഈ പട്ടിക അനുസരിച്ചാണ് സംഘടനാ ജനറല്‍ സെക്രട്ടറി ഗണേഷിനേയും ബിജെപി ഓഫീസ് സെക്രട്ടറി ഗിരീഷിനേയും അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഈ പട്ടികയിലാണ് സംസ്ഥാനത്തെ ഏറ്റവും പ്രമുഖനായ നേതാവും ധര്‍മ്മരാജനും തമ്മില്‍ 22 തവണ ഫോണില്‍ ബന്ധപ്പെട്ടു എന്നതിന് വ്യക്തമായ തെളിവുകളുള്ളത്.
മൂന്നരക്കോടിയുടെ കുഴല്‍പണം കവര്‍ച്ച നടന്നതായാണ് കണക്കാക്കപ്പെടുന്നതെങ്കിലും ഒരു കോടി രൂപയേ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടുള്ളൂ. കവര്‍ച്ച ചെയ്ത പണം 20 പേര് പങ്കിട്ടെടുത്തു എന്നാണ് പ്രതികളുടെ മൊഴി. അങ്ങനെയെങ്കില്‍ രണ്ടരക്കോടി രൂപ എവിടെ എന്നാണ് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ബാക്കി പണം കണ്ടെത്താനായി അന്വേഷണ സംഘം കണ്ണൂര്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ ഇന്നലെ മുതല്‍ പരിശോധന നടത്തുന്നുണ്ട്. തൃശൂരിലെ ഏതെങ്കിലും രഹസ്യകേന്ദ്രത്തില്‍ ഈ പണം ഒളിപ്പിച്ചിട്ടുണ്ടോയെന്നും സംശയമുണ്ട്.