തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് കൂറുമാറിയവരില്‍ ഭൂരിഭാഗം പേരും തോറ്റു; തെളിഞ്ഞത് മമതയുടെ ചിരി

കൊല്‍ക്കത്ത: ബംഗാളില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് കൂറുമാറിയെത്തിയവരില്‍ ഭൂരിഭാഗം പേരും പരാജയപ്പെട്ടു.മൂന്ന് പേര്‍ക്ക് മാത്രമാണ് കൂറുമാറിയെത്തിവരില്‍ വിജയം കണ്ടെത്താന്‍ കഴിഞ്ഞത്.

മമത ബാനര്‍ജിക്കെതിരെ നന്ദിഗ്രാമില്‍ വിജയിച്ച സുവേന്ദു അധികാരിയാണ് വിജയിച്ചവരില്‍ ഒരാള്‍. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സുവേന്ദു ബിജെപിയില്‍ ചേര്‍ന്നത്.

2017ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ഇപ്പോള്‍ ബിജെപി ദേശീയ ഉപാദ്ധ്യക്ഷനായ മുകുള്‍ റോയ് കൃഷ്ണനഗറില്‍ നിന്ന് വിജയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ കൗഷണി മുഖര്‍ജിയെയാണ് മുകുള്‍ റോയ് പരാജയപ്പെടുത്തിയത്.

നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന മിഹിര്‍ ഗോസ്വാമി ബിജെപിയില്‍ ചേര്‍ന്നതിന് ശേഷവും വിജയിച്ചു. ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് മിഹിര്‍ ബിജെപിയില്‍ ചേര്‍ന്നത്.

മുപ്പത്തിയേഴോളം എംഎല്‍എമാരടക്കം 140 തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. കുറെയേറെ പേര്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിനും തൊട്ടുമുമ്പാണ് ബിജെപിയിലെത്തിയത്. ഇവരില്‍ മുന്‍ എംഎല്‍എമാരില്‍ ഭൂരിപക്ഷം പേര്‍ക്കും സീറ്റ് നല്‍കിയിട്ടും ഇവര്‍ക്കൊന്നും വിജയം കണ്ടെത്താനായില്ല.