നാല് ജില്ലകളില്‍ ഞായറാഴ്ച അര്‍ധരാത്രിമുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍; ജില്ലാ അതിര്‍ത്തികള്‍ അടക്കും, നിയന്ത്രണങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: കേരളത്തില്‍ ഞായറാഴ്ച അര്‍ധരാത്രിമുതല്‍ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിള്‍ ലോക് ഡൗണ്‍. ഇതിന്റെ ഭാഗമായി ജില്ലാ അതിര്‍ത്തികള്‍ അടച്ചിടുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ബേക്കറിയും പലവ്യജ്ഞന കടകളും ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും പ്രവര്‍ത്തിക്കുക. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. വിമാനയാത്രക്കാര്‍ക്കും ട്രെയിന്‍ യാത്രക്കാര്‍ക്കും യാത്രാനുമതിയുണ്ട്.
പ്രത്യേക ഉത്തരവ് ജില്ലകളിലെ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കും.

‘രോഗനിയന്ത്രണത്തിനുള്ള ഏറ്റവും കര്‍ശന മാര്‍ഗമാണ് ട്രിപ്പിള്‍ ലോക് ഡൗണ്‍. ഇത്തരം പ്രദേശങ്ങളിലേക്ക് പ്രവേശിക്കാന്‍ ഒരൊറ്റ വഴി മാത്രമേ ഉണ്ടാവൂ. അനാവശ്യമായി പുറത്തിറങ്ങുന്നതടക്കം കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കര്‍ശന ശിക്ഷയുണ്ടാവും. ഇത്തരം പ്രദേശങ്ങള്‍ വിവിധ സോണുകളായി തിരിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം ഉറപ്പാക്കും. ജിയോഫെന്‍സിങ്, ഡ്രോണ്‍ നിരീക്ഷണം നടത്തും. ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കും അതിനെ സഹായിക്കുന്നവര്‍ക്കും എതിരെ കര്‍ശന നടപടിയുണ്ടാവും’, മുഖ്യമന്ത്രി വിശദീകരിച്ച കര്‍ശന നിയന്ത്രണങ്ങള്‍ ഇങ്ങനെ.

പത്രവും പാലും രാവിലെ ആറ് മണിക്ക് മുന്‍പ് വീട്ടിലെത്തണം. വീട്ടുജോലിക്കാര്‍ക്കും ഹോം നഴ്‌സുമാര്‍ക്കും പ്ലംബര്‍മാര്‍ക്കും ഇലക്ട്രീഷ്യന്‍മാര്‍ക്കും പാസ് വാങ്ങി ജോലിക്ക് പോകാം.

ഭക്ഷണമുണ്ടാക്കുന്നതടക്കമുള്ള നടപടികള്‍ക്ക് വാര്‍ഡ് തല സമിതിക്കാണ് മേല്‍നോട്ട ചുമതല. കമ്മ്യൂണിറ്റി കിച്ചനും ജനകീയ ഹോട്ടലുകളും ഇതിനായി ഉപയോഗിക്കും. മരുന്ന് കടകളും പെട്രോള്‍ പമ്പുകളും പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാല് ജില്ലകളിലും ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ മിനിമം ജീവനക്കാരുമായി പ്രവര്‍ത്തിക്കും. ജില്ലാ അതിര്‍ത്തികളില്‍ തിരിച്ചറിയല്‍ കാര്‍ഡുമായി വരുന്ന അവശ്യസര്‍വ്വീസുകള്‍ മാത്രമേ അനുവദിക്കൂ. അകത്തേയക്കും പുറത്തേയ്ക്കുമായി ഒരു റോഡ് നിലനിര്‍ത്തി ബാക്കി എല്ലാ റോഡുകളും അടയ്ക്കും. ട്രിപ്പിള്‍ ലോക് ഡൗണ്‍ കര്‍ശനമായി നടപ്പാക്കാന്‍ 10,000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അറിയിച്ചു.