അഗര്‍ത്തല: ത്രിപുര നിയമസഭ സ്പീക്കര്‍ രേബതി മോഹന്‍ ദാസ് സ്ഥാനത്ത് നിന്നും രാജിവെച്ചു. പൊടുന്നനേയായിരുന്നു രേബതി മോഹന്‍ ദാസിന്റെ രാജി. ഇങ്ങനെയൊരു നീക്കത്തെ കുറിച്ച് നേരത്തെ സൂചനകളൊന്നുമുണ്ടായിരുന്നില്ല.
ത്രിപുര നിയമസഭ സെക്രട്ടറി ബിഷ്ണു പദ കര്‍മാക്കര്‍ രാജി വിവരം സ്ഥിരീകരിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ബിശ്വ ബന്ധു സെന്നിനാണ് രേബതി മോഹന്‍ ദാസ് രാജിക്കത്ത് നല്‍കിയത്.
വ്യക്തിപരമായ കാരണങ്ങളാലാണ് തന്റെ രാജിയെന്ന് രേബതി മോഹന്‍ ദാസ് രാജിക്കത്തില്‍ എഴുതിയിട്ടുണ്ടെന്ന് ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
സിപിഐഎം നേതാവായിരുന്ന രേബതി മോഹന്‍ ദാസ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചാണ് 2016ല്‍ ബിജെപിയില്‍ ചേര്‍ന്നത്. 2018ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതാപ്ഗര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ച രേബതി മോഹന്‍ ദാസിനെ സ്പീക്കറായി തെരഞ്ഞെടുക്കുകയായിരുന്നു.
സംസ്ഥാനത്തെ ബിജെപിയിലെ ഉള്‍പാര്‍ട്ടി പോര് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി മന്ത്രിസഭ പുനസംഘടന നടത്തിയിരുന്നു. 2018ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായി നടത്തിയ മന്ത്രിസഭ പുനസംഘടനയില്‍ മൂന്ന് പേരെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്.
അതിന് പിന്നാലെയാണ് രേബതി മോഹന്‍ ദാസിന്റെ രാജി. സ്പീക്കറുടെ രാജിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ മണിക് സിന്‍ഹ, സംസ്ഥാന വക്താവ് സുബ്രത ചക്രബര്‍ത്തി എന്നിവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. ഇനിയെന്താണ് ഭാവിപരിപാടികള്‍ എന്നത് രേബതി മോഹന്‍ദാസ് വ്യക്തമാക്കാത്തതിനാല്‍ സംസ്ഥാനത്തെ ഭരണകക്ഷിയും പ്രതിപക്ഷ കക്ഷികളും നിരീക്ഷകരും കാതോര്‍ക്കുകയാണ്.