ത്രിപുരയില്‍ സ്പീക്കര്‍ പദവി രാജിവെച്ച രേബതി മോഹന്‍ദാസ് ബിജെപിക്ക് പുറത്തേക്കല്ല; പുതിയ പദവി ഏറ്റെടുത്തു

അഗര്‍ത്തല: നിയമസഭ സ്പീക്കര്‍ സ്ഥാനത്ത് നിന്നും രാജിവെച്ച രേബതി മോഹന്‍ ദാസിന് പുതിയ പദവി നല്‍കി ബിജെപി. പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷ പദവിയാണ് രേബതി മോഹന്‍ ദാസിന് നല്‍കിയത്.

അപ്രതീക്ഷിതമായിട്ടായിരുന്നു രേബതി മോഹന്‍ ദാസ് സ്പീക്കര്‍ സ്ഥാനത്ത് നിന്നും രാജിവെച്ചത്. അത് കൊണ്ട് തന്നെ പാര്‍ട്ടിയുമായി ഇടഞ്ഞാണോ രാജിയെന്ന ചോദ്യമുയര്‍ന്നിരുന്നു.

അങ്ങനെയല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് രാജിയെന്നും രേബതി മോഹന്‍ ദാസ് പറഞ്ഞു. സംഘടന പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് രാജി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎം നേതാവായിരുന്ന രേബതി മോഹന്‍ ദാസ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചാണ് 2016ല്‍ ബിജെപിയില്‍ ചേര്‍ന്നത്. 2018ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതാപ്ഗര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ച രേബതി മോഹന്‍ ദാസിനെ സ്പീക്കറായി തെരഞ്ഞെടുക്കുകയായിരുന്നു.

സംസ്ഥാനത്തെ ബിജെപിയിലെ ഉള്‍പാര്‍ട്ടി പോര് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി മന്ത്രിസഭ പുനസംഘടന നടത്തിയിരുന്നു. 2018ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായി നടത്തിയ മന്ത്രിസഭ പുനസംഘടനയില്‍ മൂന്ന് പേരെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്.